Fri. Apr 19th, 2024

സിറോ മലബാര്‍ കത്തോലിക്കാസഭയുടെ കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ഒരു പ്രമുഖ ഇടവകയിലെ വികാരിക്കെതിരെ ലൈംഗിക പീഡനപരാതി. കേസെടുക്കാതെ പൊലീസ് ഒത്തുതീര്‍പ്പിനൊരുങ്ങുന്നു. രണ്ടു കുട്ടികളുടെ മാതാവായ സ്ത്രീയെയാണ് പള്ളിമേടയില്‍ വച്ച് വൈദികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതിയിലുള്ളത്. മുണ്ടക്കയത്തിന് സമീപമുള്ള ഇടവകയിലെ 65കാരനായ വൈദികനെതിരെയാണ് ലൈംഗീകാരോപണം ഉയര്‍ന്നിരിക്കുന്നത്.

ലൈംഗിക പീഡന പരാതി കേസില്ലാതെ ഒഴിവാക്കാന്‍ സഭയിലെ ഉന്നതര്‍ ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. സഭയിടെ പ്രമുഖര്‍ ഭരണകക്ഷിയുടെ പ്രാദേശിക നേതാക്കന്‍മാരെ സ്വാധീനിച്ച് കേസെടുപ്പിക്കാതെ ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. കഴിഞ്ഞ രണ്ടു ദിവസമായി പൊലീസ് സ്റ്റേഷനിലും പള്ളിയിലുമായി ചര്‍ച്ചകള്‍ തുടരുകയാണ്. താന്‍ കേസില്‍ നിന്ന് പിന്‍മാറില്ലെന്നാണ് പരാതിക്കാരിയുടെ നിലപാട്. ഈ വൈദികനെതിരെ മുമ്പും ഇത്തരം നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. അന്നെല്ലാം സഭാ നേതൃത്വം ഇടപെട്ട് കേസുകള്‍ ഒതുക്കിത്തീര്‍ക്കുകയായിരുന്നു.

ഇയാള്‍ പ്രാര്‍ത്ഥനാവരമുള്ള വൈദികനാണെന്നാണ് പൊതുവെ അറിയപ്പെടുന്നത്. കാര്യസാധ്യത്തിനായി അച്ചന്റെ അടുത്ത് പ്രാര്‍ത്ഥിക്കാന്‍ ചെന്നതാണ് യുവതി. മെച്ചപ്പെട്ട സാമ്പത്തിക സാഹചര്യമുള്ള വീട്ടിലെ അംഗമാണവര്‍. തന്റെ മുന്നില്‍ കുമ്പസരിക്കാന്‍ വരുന്ന യുവതികളെ ഇദ്ദേഹം ഫോണിലൂടെ ബന്ധപ്പെടുകയും അസഭ്യസംഭാഷണങ്ങൾ നടത്തുകയും ലൈംഗീക ബന്ധത്തിന് നിര്ബന്ധിക്കുകയുമാണ് ഇയാളുടെ പതിവ്.