സീറോമലബാര്‍ സഭ വിശ്വാസികളുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് സര്‍വ്വേ നടത്തുന്നതിനെതിരെ കത്തോലിക്ക വൈദികന്റെ രൂക്ഷ പ്രതികരണം. സഭാമക്കളില്‍ എത്രപ്പേര്‍ വയറു നിറച്ച് ഉണ്ണുന്നുണ്ട്, ഉടുക്കുന്നുണ്ട് എന്നൊന്നും അന്വേഷിക്കാതെ വിശ്വാസികളുടെ സെക്‌സ് ജീവിതത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇറങ്ങിയ സഭാ നേതൃത്വത്തിനെതിരെയാണ് വൈദികനായ ഫാദര്‍. ജോസ് വള്ളിക്കാട്ടിലിന്റെ പ്രതികരണം. വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലേക്ക് അനാവശ്യമായി കടന്നു കയറി ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ, അത് ഉറയാണോ ഗുളികയാണോ എന്നൊക്കെ അന്വേഷിക്കാനിറങ്ങുന്ന സഭ എന്തു കൊണ്ടാണ് സാധാരണ വിശ്വാസിയുടെ ജീവിത പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിക്കാത്തതെന്താണെന്നാണ് വൈദികന്‍ ബദല്‍ സര്‍വ്വേയിലൂടെ ചോദിക്കുന്നത്.
പഞ്ചാബിലെ ബര്‍ണാല ജില്ലയില്‍ മിഷണറീസ് സൊസൈറ്റീസ് ഓഫ് സെന്റ് തോമസ് ദ അപ്പോസ്തലേറ്റ് സമൂഹാംഗമായ ഫാദര്‍ വള്ളിക്കാട്ടിലാണ് ഫെയ്‌സ് ബുക്കിലൂടെ സഭയുടെ ലൈംഗിക ജീവിത സര്‍വ്വേക്കെതിരെ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസം സീറോ മലബാര്‍സഭയുടെ കുടുംബ പ്രേഷിത കേന്ദ്രം ഇടവകകള്‍ തോറും വിശ്വാസികളുടെ വ്യക്തിഗത വിവരങ്ങളെക്കുറിച്ച് സര്‍വ്വേ നടത്താന്‍ ചോദ്യാവലികള്‍ നല്‍കിയത് വന്‍ വിവാദമായിരുന്നു. നിങ്ങള്‍ കൃത്രിമ നിരോധിത മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ ഏതു മാര്‍ഗ്ഗം, ഗുളികയാണോ, ഉറയാണോ ഉപയോഗിക്കുന്നത്. കൃത്രിമ മാര്‍ഗ്ഗം ഉപയോഗിക്കുന്നത് പാപമാണെന്ന് കരുതുന്നുണ്ടോ എന്നിങ്ങനെ വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന ചോദ്യങ്ങളായിരുന്നു സര്‍വ്വേയില്‍ ചോദിച്ചിരുന്നത്.
ഇതിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റു മുഖ്യധാരാ മാധ്യമങ്ങളിലും രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സര്‍വ്വേക്കെതിരെയാണ് ബദല്‍ സര്‍വ്വേയുമായി ഫാദര്‍. ജോസ് വള്ളിക്കാട്ടില്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
സഭ എത്തി നോക്കേണ്ടത് വിശ്വാസികളുടെ സ്വകാര്യതയിലേക്കല്ല അവരുടെ ജീവിതത്തിലേക്കാണ്. മാന്യമായി ജീവിക്കാനുള്ള സാഹചര്യങ്ങള്‍ വിശ്വാസികള്‍ക്കുണ്ടോയെന്ന് സഭ അന്വേഷിക്കണമെന്ന് ഫാദര്‍ ജോസിന്റെ ‘ഇപ്പോള്‍ സര്‍വ്വേകാലം’ എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. സഭയില്‍ ഇപ്പോള്‍ ‘സര്‍വ്വേക്കാലം’ ആണല്ലോ എന്നു പറഞ്ഞു കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. സഭാ മക്കളില്‍ എത്രപ്പേര്‍ വയറു നിറച്ച് ഉണ്ണുന്നുണ്ട് ? അവര്‍ എത്ര നേരം ഉണ്ണുന്നു ? സഭാമക്കള്‍ അല്ലാത്ത സഹജരുടെ ഊണുവിവരങ്ങള്‍ സഭാമക്കള്‍ക്ക് വീടുണ്ടോ, സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണനയുണ്ടോ ?, ഉടുതുണിയ്ക്ക് മറുതുണിയുള്ള എത്ര പേര്‍ ഉണ്ട് ?, സ്വന്തമായി ഭൂമിയുള്ളവര്‍ എത്ര?, അവശ(ദളിത) ക്രൈസ്തവര്‍ സഭയുടെ മുന്‍നിരയില്‍ കഴിയുന്നതെങ്ങനെ ? അവരുടെ കൂദാശ സ്വീകരണം എങ്ങനെ ? സഭയുടെ സ്ഥാപനങ്ങളില്‍ നിന്ന് സൗഭാഗ്യം സ്വീകരിച്ചവരുടെ എണ്ണം ? അവരില്‍ ധനവാന്മാര്‍, ദരിദ്രര്‍, നമ്പൂതിരി കുടുംബത്തില്‍ പിറന്നവര്‍, അല്ലാത്തവര്‍, എന്നീ വിവരം വേറെ വേറെ, സഭയ്ക്ക് സംഭാവന നല്‍കിയവരുടെ പേരും തുകയും തുടങ്ങി 19 ചോദ്യങ്ങളാണ് ബദല്‍ സര്‍വ്വേയില്‍ ഫാദര്‍. ജോസ് വള്ളിക്കാട്ടില്‍ ഉന്നയിച്ചിരിക്കുന്നത്.
സീറോ മലബാര്‍ സഭയില്‍ നിലനില്‍ക്കുന്ന അപ്രിയമായതും അനാശാസ്യമായതുമായ ഒട്ടേറെ ക്രമക്കേടുകളിലേക്കാണ് വൈദികന്റെ ചോദ്യം ചെന്ന് തറയ്ക്കുന്നത്. അധികാരി അടുപ്പില്‍ കാര്യം സാധിക്കുന്നതില്‍ കുഴപ്പമുണ്ടോ എന്ന ചോദ്യം സഭാ നേതൃത്വത്തിനെതിരെയുള്ള അതിരൂക്ഷമായ വിമര്‍ശനമായി കരുതാവുന്നതാണ്.
ഭൂമി വിവാദവുമായി ബന്ധപ്പെട്ട് സീറോമലബാര്‍ സഭ പരമാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അഴിമതി ആരോപണങ്ങളും വിമര്‍ശനങ്ങളും നിലനില്‍ക്കുമ്പോഴാണ് സഭയിലെ അനഭിലഷണീയമായ പ്രവണതകള്‍ക്കെതിരെ വൈദികര്‍ തന്നെ വിമര്‍ശനമുയര്‍ത്തുന്നത്. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന സഭയുടെ സര്‍വ്വേക്കെതിരെ വിശ്വാസികളില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ വേണ്ട ഗൗരവത്തില്‍ സഭ കൈകാര്യം ചെയ്തില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഈ വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടയിലാണ് ഫാദര്‍. ജോസ് വള്ളിക്കാട്ടിലിന്റെ ബദല്‍ സര്‍വ്വേ ചോദ്യാവലി.
ഫാദര്‍ ജോസ് വള്ളിക്കാട്ടിലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം