Fri. Mar 29th, 2024

തെലങ്കാനയുടെ പോരാട്ട പാരമ്പര്യവും വിദ്യാര്‍ത്ഥി – യുവജന പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനവും അനുഭവ സമ്പത്തുമായാണ് എസ് സുധാകര്‍ റെഡ്ഡി വീണ്ടും സി പി ഐ ജനറല്‍ സെക്രട്ടറിയാവുന്നത്. 2012 ല്‍ പാറ്റ്‌നയില്‍ 21 ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ വെച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2008 ല്‍ ഹൈദരാബാദില്‍ ചേര്‍ന്ന സി പി ഐ 20 ാം പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു..ആന്ധ്രപ്രദേശിലെ ഏറ്റവും തലയെടുപ്പുള്ള രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖനാണ് സുധാകര്‍ റെഡ്ഡി. എ ഐ എസ് ഫിന്റെയും എ ഐ വൈ എഫിന്റെയും ദേശീയ നേതൃത്വങ്ങളില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായാണ് പാര്‍ട്ടി നേതൃത്വത്തിലെത്തുന്നത്.

ബി.ജെ.പിക്കെതിരെ വിശാല ഇടത് മതേതര ജനാധിപത്യ സംഖ്യം രൂപപ്പെടുമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി പറഞ്ഞു. ദേശീയ ജനറൽ സെക്രറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം സി.പി.ഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് കൊല്ലത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭീകരമായ ഭരണമാണ് നരേന്ദ്ര മോഡി നടത്തുന്നതെന്ന് സുധാകര്‍ റെഡ്ഡി കുറ്റപ്പെടുത്തി. ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. മതനിരപേക്ഷതയും മൂല്യങ്ങളും തകര്‍ക്കുന്നു. എട്ട് വയസുള്ള കുട്ടി പോലും മതത്തിന്റെ പേരില്‍ പീഡനത്തിനിരയാകുന്നു. കുട്ടികളെ പീഡിപ്പിച്ചവര്‍ക്കെതിരെ നടപടി എടുക്കുന്നില്ല. പൊതുജനങ്ങളെ വന്‍തോതില്‍ കൊള്ളയടിക്കുന്ന സാമ്പത്തിക നയങ്ങളാണ് സ്വീകരിക്കുന്നതെന്നും റെഡ്ഡി പറഞ്ഞു.