ഭര്‍ത്താവ് ക്രൂരനും സംശയരോഗിയും ഇളയമകള്‍ അയാളുടേതല്ലെന്ന് പറഞ്ഞ് എലിവിഷം കുടിപ്പിച്ചു; കശുവണ്ടി കമ്പനിയിലെ തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കാന്‍ കഴിയാതായി. ഇവിടെ വെച്ച് പരിചയപ്പെട്ട ഒരു ഇരിട്ട് സ്വദേശിനിയായ ഒരു സ്ത്രീയാണ് അനാശാസ്യത്തിലേക്ക് കൂട്ടിക്കൊണ്ടു പോയത്.ഒരിക്കല്‍ രണ്ടു കാമുകന്മാരുമായി അനാശാസ്യം ചെയ്യുന്നത് മകള്‍ കണ്ടു; ഈ വിവരം അമ്മ നാട്ടുകാരോട് വിളമ്പിയത് പകയുണ്ടാക്കി.അച്ഛന്റെ മരണശേഷം സൗമ്യ പദ്ധതിയിട്ടത് കാമുകനൊപ്പം നാടുവിടാന്‍ ; വീടിനു സമീപം അസമയത്തു നാട്ടുകാര്‍ യുവാവിനെക്കണ്ടതോടെ പദ്ധതി പാളി
ഭര്‍ത്തൃപീഡനം സഹിക്കാന്‍ കഴിയാതെയാണ് വിട്ടു പോന്നതെന്നും ജീവിക്കാന്‍ നിവര്‍ത്തി ഇല്ലാതെയാണ് വേശ്യാവൃത്തിയിലേക്ക് വീണുപോയതെന്നും പോലീസിനോട് കണ്ണീരോടെ പറഞ്ഞു. 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പോലീസിന്റെ കടുപ്പിക്കലിലൊന്നും ഭയക്കാതിരുന്ന സൗമ്യ ജീവിതാവസ്ഥകളെ കുറിച്ചുള്ള ചോദ്യങ്ങളില്‍ ഉള്ളിലെ സങ്കടക്കടല്‍ പൊട്ടി വീഴുകയായിരുന്നു. തലശ്ശേരി റസ്റ്റ് ഹൗസിലെ ചോദ്യം ചെയ്യല്‍ വേളയില്‍ അവസാന രണ്ടു മണിക്കൂറില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ എല്ലാം തുറന്നു പറഞ്ഞു.
വിവാഹജീവിതം കൊടിയ ദുരിതം നിറഞ്ഞതായിരുന്നെന്നും ഭര്‍ത്താവ് എപ്പോഴും ഉപദ്രവിക്കുമായിരുന്നെന്നും ഒരിക്കല്‍ എലിവിഷം കലക്കി തന്നെ കുടിപ്പിച്ചതില്‍ നിന്നുമാണ് വീട്ടുകാരെ കൊല്ലാന്‍ ആശയം കിട്ടിയതെന്നും കണ്ണുര്‍ കൂട്ടക്കൊലപാതകത്തിലെ പ്രതി സൗമ്യ. ചെമ്മീന്‍ കെട്ടില്‍ പണിക്കു വന്നയാളെ ആയിരുന്നു ആദ്യം വിവാഹം കഴിച്ചത്. കൊടും ക്രൂരനായിരുന്നു ഭര്‍ത്താവ്. സംശയരോഗിയായ അയാള്‍ എപ്പോഴും ഉപദ്രവിക്കുമായിരുന്നു. ഇളയമകള്‍ അയാളുടേതല്ലെന്ന് പറഞ്ഞ് ഒരിക്കല്‍ തല്ലിച്ചതച്ചു.
കൊടിയ പീഡനങ്ങള്‍ക്കിടയില്‍ മകള്‍ അയാളുടേതാണെങ്കില്‍ കുടിക്കണമെന്ന് ആവശ്യപ്പെട്ട് എലിവിഷം കലക്കി കുടിപ്പിച്ചു. ഇതില്‍ കേസൊന്നും വേണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞതോടെയാണ് ഒഴിവാക്കിയത്. പിടിച്ചു നില്‍ക്കാന്‍ കഴിയാതായപ്പോള്‍ സ്വന്തം വീട്ടിലേക്ക് പോയി. കടുത്ത ദാരിദ്ര്യമായിരുന്നു കാത്തിരുന്നത്. അച്ഛന്‍ ആദ്യം കൂലിപ്പണിക്ക് പോയിരുന്നു. പിന്നീട് പണിക്ക് പോകാന്‍ കഴിയാതായി. അമ്മ കൂലിപ്പണിക്ക് പോയെങ്കിലും പിന്നീട് പറ്റാതായി. അതോടെ കുടുംബഭാരം തലയിലായി.
കശുവണ്ടി കമ്പനിയിലെ തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കാന്‍ കഴിയാതായി. ഇവിടെ വെച്ച് പരിചയപ്പെട്ട ഒരു ഇരിട്ട് സ്വദേശിനിയായ ഒരു സ്ത്രീയാണ് അനാശാസ്യത്തിലേക്ക് കൂട്ടിക്കൊണ്ടു പോയത്. പിന്നീട് ഇതില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാത്ത അവസ്ഥയിലായി പോയി. ഒരിക്കല്‍ മാത്രമാണ് തന്നെത്തേടി ഒരാള്‍ വീട്ടിലെത്തിയത്. അയാളുമായി ഇടപഴകുന്നത് മകള്‍ നേരിട്ട് കാണാനിടയായി. ഇത്രയും പറഞ്ഞപ്പോഴായിരുന്നു മകളില്ലാതാകുന്നതാണ് ജീവിതത്തിന് നല്ലതെന്ന് തോന്നിയല്ലേ എന്ന ചോദ്യത്തിന് കൊലപാതകത്തിന്റെ ചുരുള്‍ നിവര്‍ത്തി സൗമ്യ എല്ലാം തുറന്നു പറഞ്ഞത്.
ആദ്യമായി ബന്ധപ്പെട്ട 16 കാരനുമായി ഇപ്പോഴും ബന്ധം തുടരുന്നതായും കണ്ണൂര്‍ കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ വെളിപ്പെടുത്തല്‍. അനാശാസ്യത്തിലേക്ക് ഇറങ്ങിയ ശേഷം അതില്‍ നിന്നും പിന്മാറാന്‍ കഴിയാതായിപ്പോയി. മകളും മാതാപിതാക്കളും ഇത് തിരിച്ചറിഞ്ഞതോടെ ആണ് കൊലപാതകമെന്ന ചിന്തയുണ്ടായതെന്ന് സൗമ്യ ചോദ്യം ചെയ്യലില്‍ പറഞ്ഞു.
അനേകരുമായുള്ള ബന്ധത്തിനിടയിലാണ് 16 കാരനുമായി ആദ്യമായി ഒന്നിച്ചത്. ആ ബന്ധം ഇപ്പോള്‍ പിരിയാന്‍ കഴിയാത്ത വിധമായിട്ടുണ്ട്. പത്തു വര്‍ഷമായി ഇപ്പോഴും ബന്ധം തുടരുകയാണ്. ഇത്തരത്തില്‍ നിരവധി പേര്‍ താനുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ താന്‍ രണ്ടു യുവാക്കള്‍ക്കൊപ്പം അനാശാസ്യത്തില്‍ ഏര്‍പ്പെടുന്നതിന് മകള്‍ സാക്ഷിയായി. ഇക്കാര്യം അവള്‍ അമ്മയോട് പറഞ്ഞു. അമ്മ വഴക്കു പറയുകയും നാട്ടുകാരോട് തന്നെക്കുറിച്ച് മോശം പറയുകയും ചെയ്തു. അതാണ് അമ്മയെ ഇല്ലാതാക്കാന്‍ തീരുമാനിച്ചത്. അമ്മയ്ക്ക് ഭക്ഷണത്തില്‍ വിഷം നല്‍കി. ഛര്‍ദ്ദിച്ചപ്പോള്‍ തലശ്ശേരിയിലെ മറ്റൊരു ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ വെച്ച് മരിച്ചു. ആരും സംശയിച്ചില്ല. അതുകൊണ്ടാണ് പിതാവിനെ കൊല്ലാന്‍ തീരുമാനിച്ചത്. ചൂടുള്ള രസത്തിലാണ് എലിവിഷം കലക്കി നല്‍കിയത്.
മകള്‍ക്ക് ചോറിലായിരുന്നു വിഷം ചേര്‍ത്ത് നല്‍കിയത്. രണ്ടു പായ്ക്കറ്റ് എലിവിഷമാണ് കൊലപാതകത്തിനായി ശേഖരിച്ചത്. ഇതില്‍ ഒന്ന് കാമുകന്‍ ജൈവകുഴിയിലേക്ക് വലിച്ചെറിഞ്ഞു. എലിവിഷമാണ് മകള്‍ ഐശ്വര്യയ്ക്ക് നല്‍കിയത്. ഛര്‍ദ്ദിച്ചപ്പോള്‍ ആദ്യം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അവിടെ നിന്നും കോഴിക്കോട്ടേയ്ക്കാണ് കൊണ്ടുപോയി. അപ്പോഴേയ്ക്കും കുട്ടി മരിച്ചു. കാമുകന്മാര്‍ക്കൊപ്പം സുഖിച്ചു ജീവിക്കുകയായിരുന്നു ലക്ഷ്യം. മരണങ്ങളില്‍ സംശയം തോന്നാതിരിക്കാനാണ് കുടിവെള്ളത്തില്‍ അമോണിയം കലര്‍ന്നതായി പ്രചരിപ്പിച്ചതും വെള്ളം കണ്ണൂരിലേക്ക് കൊണ്ടുപോയതും. 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പൊട്ടിക്കരഞ്ഞു കൊണ്ടാണ് സൗമ്യ എല്ലാം പറഞ്ഞത്.
കുടുംബാംഗങ്ങളെ കൂട്ടക്കുരുതി നടത്തിയശേഷം പുരുഷസുഹൃത്തിനൊപ്പം മുംെബെയിലേക്കു കടക്കാനായിരുന്നു സൗമ്യ ലക്ഷ്യമിട്ടതെന്നു സമീപവാസികള്‍ പറയുന്നു. നാട്ടില്‍ നിന്നിട്ടുകാര്യമില്ലെന്നും ഹോംനഴ്‌സ് ജോലിക്ക് മുംെബെയില്‍ നല്ല സാധ്യതയുണ്ടെന്നും അവിടേക്കു പോകാനുള്ള തയാറെടുപ്പിലാണെന്നും സൗമ്യ പറഞ്ഞിരുന്നു. അച്ഛന്റെ മരണശേഷമായിരുന്നു ഇത്. എന്നാല്‍ ഇതിനിടയില്‍ സൗമ്യയുടെ വീടിനു സമീപം അസമയത്തു നാട്ടുകാര്‍ യുവാവിനെക്കണ്ടതോടെ പദ്ധതി പാളി. കൂട്ടക്കൊലപാതകത്തിലേക്കുള്ള അന്വേഷണത്തിനും വഴി തുറന്നതും ഈ സംഭവമാണ്.
സൗമ്യയുടെ കുടുംബത്തിലെ അസ്വാഭാവിക മരണങ്ങളില്‍ മുമ്പേ സംശയാലുവായിരുന്ന ബന്ധുക്കളിലൊരാള്‍ പോലീസിനെ സമീപിച്ചു. നാട്ടുകാരും സമാന സംശയം പ്രകടിപ്പിച്ചതോടെ ദുരൂഹ മരണങ്ങളില്‍ അന്വേഷണമായി. സംശയമുന തന്നിലേക്കു നീളുകയാണെന്നു തിരിച്ചറിഞ്ഞ സൗമ്യ മറുതന്ത്രം ചമച്ച് പ്രതിരോധം തീര്‍ത്തു. തനിക്കും അജ്ഞാതരോഗം പിടിപെട്ടെന്നും കിണറ്റിലെ വെള്ളത്തില്‍ രാസവസ്തുവുണ്ടെന്നും പ്രചരിപ്പിക്കാനായിരുന്നു സൗമ്യയുടെ ശ്രമം. തുടര്‍ന്ന് ഒരാഴ്ച മുമ്പ് സൗമ്യ തലശേരി ആശുപത്രിയില്‍ ചികില്‍സ തേടി. പരിശോധനയില്‍ പ്രശ്‌നങ്ങളില്ലെന്നു പോലീസ് കണ്ടെത്തിയതും വഴിത്തിരിവായി.
കൊല നടന്ന ദിവസങ്ങളിലും തൊട്ടടുത്ത ദിവസങ്ങളിലും യുവാവിനെ വിളിച്ചകാര്യം പോലീസ് തിരക്കിയപ്പോള്‍ ആദ്യം സൗമ്യ നിഷേധിച്ചെങ്കിലും കോള്‍ ലിസ്റ്റ് കാണിച്ചപ്പോള്‍ സമ്മതിക്കുകയായിരുന്നു. എന്നാല്‍ കൊലപാതകത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണു യുവാവിന്റെ മൊഴി. സൗമ്യയുമായി ബന്ധമുണ്ടായിരുന്ന മറ്റു രണ്ടു യുവാക്കളും നിരീക്ഷണത്തിലാണ്. ഇവരെയും സൗമ്യയുടെ സാന്നിധ്യത്തില്‍ പലപ്പോഴായി പോലീസ് ചോദ്യംചെയ്തിരുന്നു. ഇല്ലിക്കുന്ന്, ചേരിക്കല്‍, പിണറായി സ്വദേശികളാണ് യുവാക്കള്‍.
സൗമ്യയുടെ വാട്ട്‌സ് ആപ്പ് വീഡിയോ കോളുകള്‍ അടക്കമുളള ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചാണ് പോലീസ് അന്വേഷണവുമായി മുന്നോട്ടു പോകുന്നത്. കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും താന്‍ ഒറ്റയ്ക്കാണെന്ന സൗമ്യയുടെ മൊഴി പോലീസ് മുഖവിലക്കെടുക്കുന്നില്ല. ഇന്നലെ യുവാവിനെയും സൗമ്യയെയും ഒരുമിച്ചിരുത്തി പോലീസ് ചോദ്യം ചെയ്തിരുന്നു. പരസ്പരം കുറ്റപ്പെടുത്താതെയാണ് ഇരുവരും പോലീസിന് മുന്നിലിരുന്നത്. സാക്ഷികളില്ലാത്ത കേസായതിനാല്‍ വ്യക്തമായ തെളിവ് ലഭിച്ചശേഷം മതി പുരുഷസുഹൃത്തുക്കളുടെ അറസ്‌റ്റെന്ന നിലപാടിലാണ് പോലീസും.
ശാസ്ത്രീയതെളിവുകള്‍ ശേഖരിക്കാനാണു ലക്ഷ്യമിടുന്നത്. സൗമ്യയുടെ കുടുംബത്തിലെ അസ്വഭാവിക മരണങ്ങള്‍ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ മൂന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടുകളാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചത്.
പിണറായിയിലെ കൊലപാതകങ്ങളില്‍ കൂട്ടുപങ്കാളിയെത്തേടി പോലീസ് അന്വേഷണം ശക്തമാക്കി. ഒറ്റയ്ക്കാണു കുടുംബാംഗങ്ങളെ വകവരുത്തിയതെന്ന മൊഴിയില്‍ അറസ്റ്റിലായ സൗമ്യ ഉറച്ചുനില്‍ക്കുകയാണെങ്കിലും ഇവരുമായി ഏറെ അടുപ്പമുളള യുവാവിനെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. ഇതുവരെയുള്ള അന്വേഷണത്തില്‍ കൊലപാതകങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന നിഗമനത്തിലാണു പോലീസ്. ഇയാള്‍ സൗമ്യയുടെ കാമുകനാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
കൊലനടക്കുന്ന ദിവസങ്ങളിലും തുടര്‍ന്നുമെല്ലാം സൗമ്യ ഇയാളുമായി ഫോണില്‍ തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നു. ഈ ഫോണ്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. സൗമ്യ മുന്‍പ് ജോലി ചെയ്ത സ്വകാര്യകമ്പനി ഉടമയുടെ ബന്ധുവാണിയാള്‍. സൗമ്യയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ഇയാള്‍ കുടുംബത്തെ സമീപിച്ചിരുന്നതായി സൂചനകളുണ്ട്.