Fri. Nov 20th, 2026

കേരളത്തിലെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ എം പിയായി സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്രയില്‍ നിന്നാണ് മുരളീധരന്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു സത്യവാചകം ചൊല്ലിക്കൊടുത്തു. ഹിന്ദിയിലാണ് മുരളീധരന്‍ സത്യവാചകം ചൊല്ലിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.കര്‍ണാടകയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രാജീവ് ചന്ദ്രശേഖറും സത്യപ്രതിജ്ഞ ചെയ്ത് എംപി ആയി സ്ഥാനമേറ്റു. മലയാളിയാണ് രാജീവ് ചന്ദ്രശേഖര്‍.

1992ൽ മദ്ധ്യപ്രദേശിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒ.രാജഗോപാലിനെയായിരുന്നു ആദ്യമായി സംസ്ഥാനത്തിന് പുറത്ത് നിന്ന് ബി.ജെ.പി നേതൃത്വം രാജ്യസഭയിലെത്തിച്ചത്. ഇപ്പോൾ മുരളീധരന്റെ ഊഴം വന്നിരിക്കുന്നു. ഇദ്ദേഹത്തെ മന്ത്രിസഭയിലെടുക്കുമോ എന്നാണ് കേരളം ഇപ്പോൾ ഉറ്രുനോക്കുന്നത്.

ബി .ജെ.പി സംസ്ഥാനഘടകത്തിന് കേരളത്തിൽ മേൽവിലാസമുണ്ടാക്കിക്കൊടുക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച നേതാവാണ് മുരളീധരൻ. കേരളത്തിലെ പ്രത്യേകമായ ദ്വി മുന്നണി രാഷ്ട്രീയ സാഹചര്യത്തിൽ ക്ലച്ച് പിടിക്കാതിരുന്ന ബി.ജെ.പിക്ക് പലപ്പോഴും സ്വന്തം വോട്ട് ബാങ്ക് പോലും നിലനിറുത്താൻ കഴിഞ്ഞിരുന്നില്ല. വോട്ട് വിൽക്കൽ പാർട്ടിയെന്ന ലേബലിൽ നിന്ന് കേരള ബി.ജെ.പിയെ മോചിപ്പിച്ചെടുത്തത് വി.മുരളീധരനാണെന്ന് പറഞ്ഞാൽ അത് ഒട്ടും അതിശയോക്തിയാവില്ല.

നെയ്യാറ്രിൻകരയിലും അരുവിക്കരയിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ നടത്തിയ ശ്രദ്ധേയമായ പ്രകടനമായിരുന്നു മറ്രൊരു കാര്യം. 2015ലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പാണ് മുരളീധരൻ അവസാനമായി പാർട്ടിയെ നയിച്ചത്. വിവിധ തദ്ദേശ സ്ഥാപനങ്ങളിലുള്ള ഭരണം, പ്രാതിനിധ്യം, ആകെ വോട്ട്, ശതമാനം എന്നീ മാനദണ്ഡങ്ങളെല്ലാമെടുത്തു നോക്കിയാലും അതൊരു കുതിച്ചു ചാട്ടമായിരുന്നു. പിന്നീട് ബി.ഡി.ജെ.എസ് കൂടെയുണ്ടായിട്ടും ആ മേൽക്കൈ ബി.ജെ.പി നേടിയിട്ടില്ല.

താഴെത്തട്ട് മുതലുള്ള സംഘടനാ പാടവവും വിട്ടുവീഴ്ചയില്ലാത്ത ആദർശ പ്രതിബദ്ധതയും ജനകീയമായ ഇടപെടലുകളും മൂലം കേരളത്തിൽ ശ്രദ്ധേയനായ രാഷ്ട്രീയ നേതാവാണ് വി.മുരളീധരൻ. വാജ്പേയി സർക്കാരിന്റെ കീഴിൽ നെഹ്റു യുവകേന്ദ്രയുടെ വൈസ് ചെയർമാനും ഡയറക്ടർ ജനറലുമെന്ന നിലയിൽ മികച്ച ഭരണ പാടവവും കാഴ്ചവയ്ക്കാൻ മുരളീധരന് കഴിഞ്ഞു.

തലശ്ശേരി ബ്രണ്ണൻ കോളേജിലെ എ. ബി. വി. പി പ്രവർത്തകനെന്ന നിലയ്ക്കാണ് മുരളീധരൻ പൊതുജീവിതത്തിലേക്ക് കടന്നുവരുന്നത്. എ.ബി.വി.പി തലശ്ശേരി താലൂക്ക് സെക്രട്ടറി ,ജില്ലാ സെക്രട്ടറി എന്ന നിലയിലും പ്രവർത്തിച്ചു. സംസ്ഥാന ജോയന്റ് സെക്രട്ടറിയായിരിക്കേ വി.മുരളീധരനെ തലശ്ശേരിയിൽ കള്ളക്കേസിൽ കുടുക്കി പൊലീസ് അറസ്റ്ര് ചെയ്തിരുന്നു. മറ്റേതോ മുരളീധരനെ കിട്ടാൻ വേണ്ടിയാണ് എ.ബി.വി.പി നേതാവായ മുരളീധരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുരളീധരന്റെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച ഡൽഹിയിലെ എ.ബി.വി.പി പ്രവർത്തകർ കേരള ഹൗസിൽ അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരേയും വ്യവസായ മന്ത്രി പി.സി.ചാക്കോയെയും ഘെരാവോ ചെയ്തത് വലിയ വാർത്തയായിരുന്നു. ഇതോടെയാണ് മുരളീധരൻ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.