Sun. Nov 22nd, 2026

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനു ശേഷം ലോകത്ത് ജീവിച്ചിരു ന്ന ഏറ്റവും പ്രഗത്ഭമായ മസ്തിഷ്‌കം ചിന്തിക്കാതായിരിക്കുന്നു

ലോകത്തെ വീല്‍ച്ചെയറില്‍ ഇരുന്ന് വിസ്മയിപ്പിച്ച വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു. 76 വയസായിരുന്നു. മരണവാര്‍ത്ത കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്.

നാഡീരോഗ ബാധിതനായി കൈകാലുകള്‍ തളര്‍ന്നു പോയെങ്കിലും വീല്‍ചെയറില്‍ ഇരുന്ന് ശാസ്ത്രത്തിനു വേണ്ടി ജീവിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗണിത ശാസ്ത്രത്തിലെ ലുക്കാഷ്യന്‍ ഫെപ്രഫസര്‍ സ്ഥാനം വഹിക്കുകയായിരുന്നു.

കേംബ്രിഡ്ജില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് നാഡീസംബന്ധിയായ രോഗം അദ്ദേഹത്തെ കീഴടക്കുന്നത്. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളെ കുറിച്ച് ഇന്ന് ലഭ്യമായ വിവരങ്ങളില്‍ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്. 1942 ജനുവരി എട്ടിന് ഓക്‌സ്‌ഫോര്‍ഡിലായിരുന്നു ജനനം. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സുമായിരുന്നു മാതാപിതാക്കള്‍.

രോഗം മൂര്‍ച്ഛിച്ചതോടെ മരണത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. എന്നാല്‍, ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് ചക്രക്കസേരയിലൂടെ ഉരുണ്ട് അദ്ദേഹം ശാസ്ത്രത്തെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കി.

ശരീരം തളര്‍ന്നിട്ടും വിജയത്തിന്റെ പടവുകള്‍ കയറി ഏവരെയും ഞെട്ടിച്ച സ്റ്റീഫന്‍സ് ഹോക്കിംഗ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനു ശേഷം ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രഗത്ഭമായ മസ്തിഷ്‌കത്തിന്റെ ഉടമയെന്ന പേരിനും അര്‍ഹനായി.

സ്റ്റീഫന്‍ ഹോക്കിംഗ്‌സ് എന്നും വിസ്മയം

ആധുനിക കാലത്തെ ഏറ്റവും വിഖ്യാതനായ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്‌സിന്റെ തീയറി പോലെ തന്നെ നിഗൂഡത ഒളിപ്പിച്ചതും ലോകത്തിന് കൗതുകം പകരുന്നതുമായിരുന്നു അദ്ദേഹവുമായി ബന്ധപ്പെട്ട മരണവാര്‍ത്തകളും. സ്റ്റീഫന്‍ ഹോക്കിംഗ്‌സ് ദശാബ്ദങ്ങള്‍ക്ക് മുമ്പ് മരിച്ചതായി ഒരു കൂട്ടം സൈദ്ധാന്തികര്‍ രംഗത്തെത്തിയതായിരുന്നു ഇക്കാര്യത്തില്‍ ഏറ്റവും അവസാനം സംഭവിച്ചത്.

ഏഴുപത്തിയാറാം പിറന്നാള്‍ ആഘോഷിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഈ വിവാദം. ദശാബ്ദങ്ങള്‍ക്ക് മുമ്പ് യഥാര്‍ത്ഥ ഹോക്കിംഗ്‌സ് മരിച്ചെന്നും ഇപ്പോഴുള്ളത് അദ്ദേഹത്തിന്റെ അപരനാണെന്നുമായിരുന്നു ഒരു കൂട്ടം സൈദ്ധാന്തികര്‍ വാദിച്ചത്. ഹോക്കിംഗ്‌സിന്റെ ഏറ്റവും പ്രശസ്തമായ പുസ്തകം ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ പ്രസിദ്ധീകരിക്കുന്നതിന് മൂന്ന് വര്‍ഷം മുമ്പ് 1985 ല്‍ അദ്ദേഹം മരിച്ചെന്നും നാഡീ കോശങ്ങളെ തളര്‍ത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററല്‍ സ്‌ക്‌ളീറോസിസ് (മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ്) എന്ന മാരകരോഗം ബാധിച്ചാല്‍ വെറും നാലു വര്‍ഷം മാത്രമേ ജീവിക്കു എന്നുമാണ് ഹോക്കിംഗ്‌സിന്റെ മരണത്തെക്കുറിച്ച് വാദിക്കുന്നവര്‍ അഭിപ്രായപ്പെട്ടത്.

1963 ല്‍ രോഗബാധ കണ്ടെത്തിയിട്ടും ഹോക്കിംഗ്‌സ് പിന്നെയും അമ്പതിലധികം വര്‍ഷം ജീവിച്ചിരിക്കുമെന്ന് കരുതാനാകില്ലെന്നുമായിരുന്നു ഇവരുടെ വിലയിരുത്തല്‍. ഇതു മാത്രമല്ല 2018 വരെ അദ്ദേഹം ചെറുപ്പം നില നിര്‍ത്തുന്നു, മനുഷ്യന്‍ വളര്‍ന്നാലും ചെവി വളരുകയില്ല. പക്ഷേ ഹോക്കിംഗ്‌സിന്റെ ചെവിക്കും പല്ലിന്റെ ഘടനയിലും മാറ്റം ഉണ്ടെന്നുമായിരുന്നു അവരുടെ ന്യായീകരണം. ഇതുവരെ ലോകത്തിനൊപ്പം ഉണ്ടായിരുന്നത് ഹോക്കിംഗ്‌സിന്റെ അപരനാണെന്നാണ് അവരുടെ വിലയിരുത്തല്‍. ഈ ഹോക്കിംഗ്‌സ് രാഷ്ട്രീയക്കാരുടെയും ചില ശാസ്ത്രജ്ഞരുടേയും കളിപ്പാവയാണെന്നും അവരെല്ലാം ചേര്‍ന്ന് നടത്തുന്ന നാടകത്തിലെ പ്രധാന നടനാണ് നിലവിലെ ഹോക്കിംഗ്‌സെന്നു വരെ ശാസ്ത്രജ്ഞര്‍ വിലയിരുത്തി.

തങ്ങള്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് സമര്‍ത്ഥിക്കാന്‍ അവര്‍ മറ്റ് ചില നിഗമനങ്ങള്‍ കൂടി നിരത്തുന്നുണ്ട്. ജെയിന്‍ വൈല്‍ഡുമായുള്ള ആദ്യ വിവാഹത്തില്‍ സാധാരണ വസ്ത്രങ്ങള്‍ ധരിച്ച ഹോക്കിംഗ്‌സ് നഴ്‌സായ എലൈന്‍ മേസണെ രണ്ടാമത് വിവാഹം കഴിക്കാനായി തന്റെ വസ്ത്രധാരണത്തില്‍ തന്നെ മാറ്റം വരുത്തിയെന്നാണ് ആരോപണം. ഹോക്കിങ് സംസാരിക്കുന്നത് കംപ്യൂട്ടറിന്റെ സഹായത്തോടെയാണ്. കവിളിലെ മസിലുകള്‍ വിറയ്ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് യന്ത്രസഹായത്തോടെ ഹോക്കിങ് സംസാരിക്കുന്നത്. ഇക്കാര്യത്തിലും ഇവര്‍ സംശയം പ്രകടിപ്പിക്കുന്നു. നൂറു വര്‍ഷം കൊണ്ട് മാനവരാശി ഇല്ലതാകുമെന്ന് പ്രചരിപ്പിക്കാനും അന്യഗ്രഹജീവികള്‍ ഉണ്ടെന്നു അവകാശപ്പെട്ട് സാധാരണക്കാരെ ഭയപ്പെടുത്തുന്നതിനു വേണ്ടിയാണെന്നും ഇവര്‍ ആരോപിക്കുന്നു.

വൈകല്യത്തെ മറികടക്കുന്ന പ്രതിഭ കൊണ്ട് ലോകം കീഴടക്കിയ ഹോക്കിംഗ്സിന്റെ ജീവിതം പോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും. മനുഷ്യര്‍ ചന്ദ്രനിലേക്ക് പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നായിരുന്നു അദ്ദേഹം ഏറ്റവും ഒടുവില്‍ ലോകത്തോട് പറഞ്ഞത്. നോര്‍വെയില്‍ സ്റ്റാര്‍മ്യൂസ് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ഭൂമിയില്‍ നിന്നുള്ള കൂട്ടപ്പാലായനത്തിന് മനുഷ്യരാശി ഒരുങ്ങണമെന്നും അടുത്ത 200-500 വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് സംഭവിക്കുമെന്നും ഹോക്കിംഗ്‌സ് മുന്നറിയിപ്പ് നല്‍കി. ‘മനുഷ്യരാശിയുടെ ഭാവി’ എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗത്തില്‍ ഭൂമിയില്‍ നാം അധികരിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് ലോകങ്ങള്‍ മാത്രമാണ് ഇനി നമുക്ക് പോകാനുള്ള ഏകയിടം. മറ്റ് സൗരയൂഥങ്ങളിലേക്ക് കടന്നുചെല്ലേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.

‘മൂണ്‍ വില്ലേജ്’ എന്ന ആശയം ആസൂത്രണം ചെയ്യുന്നതിനും രൂപം നല്‍കുന്നതിനും 20 വര്‍ഷം വേണ്ടി വരുമെന്നാണ് 2016ല്‍ ഹോക്കിംഗ്‌സ് പറഞ്ഞത്. അടുത്ത മുപ്പത് വര്‍ഷത്തിനുള്ളില്‍ ചന്ദ്രനില്‍ ഒരു കോളനിയുണ്ടാക്കുന്നതിനായി രാജ്യങ്ങള്‍ ഒരുമിക്കണമെന്നും അടുത്ത 15 വര്‍ഷത്തിനുള്ളില്‍ നമുക്ക് ചൊവ്വയിലെത്താന്‍ കഴിയുമെന്നും ഹോക്കിംഗ്‌സ് പറഞ്ഞു. ഭൂമിക്ക് പല ഭാഗങ്ങളില്‍ നിന്നും ഭീഷണിയുണ്ടായിക്കൊണ്ടിരിക്കുന്നെന്നും തനിക്കിതിനെ ഒരിക്കലും ശുഭമായി കാണാന്‍ കഴിയില്ലെന്നും 75കാരനായ ഹോക്കിംഗ്‌സ് പറഞ്ഞു.

ജീവിത രേഖ

1942 ജനുവരി 8 ന് ഫ്രാങ്ക് ഹോക്കിൻസ് ,ഇസബെൽ ഹോക്കിൻസ് ദമ്പതികളുടെ മകനായി ഓക്സ്ഫോർഡിൽ ആണ് ലോകം കണ്ടതിൽ വെച്ച് വിഖ്യാതനായ ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ വില്യം ഹോക്കിങ്ങ്ന്റെ ജനനം. മകനെ ഡോക്ടർ ആക്കണം എന്നതായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം എന്നാൽ കുട്ടിക്കാലത്തു തന്നെ ഹോക്കിൻസിനു താല്പര്യം ഗണിതത്തിലും ഭൗതികശാസ്ത്രത്തിലും ആയിരുന്നു. പതിനേഴാം വയസ്സിൽ ഓക്സ് ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹത്തിനു ഗവേഷണ പഠന സമയത്താണ് കൈ കാലുകൾ തളർന്നു പോകുന്ന തരത്തിൽ ഉള്ള നാഡി രോഗം ബാധിക്കുന്നത് . 1965 ൽ ജയിൻ വൈൽഡ് നെ വിവാഹം ചെയ്ത ഇദ്ദേഹം 1991 ൽ തന്റെ പരിചാരികയുമായുള്ള അടുപ്പത്തെ തുടർന്ന് ആദ്യ ഭാര്യയുമായി വിവാഹ മോചനം നേടി.

എഴുപത്തി ആറാം വയസ്സിൽ സ്റ്റീഫൻ ഹോക്കിങ് ലോകത്തോട് വിട പറയുമ്പോൾ നഷ്ടമാകുന്നത് ഈ നൂറ്റാണ്ടിൽ ലോകം കണ്ടതിൽ വെച്ച് ഏറ്റവും പ്രമുഖനായ ശാസ്ത്രജ്ഞനെയാണ്. അറുപത് വര്‍ഷങ്ങളായി ശരീരം തളര്‍ന്ന നിലയില്‍ വീല്‍ ചെയറില്‍ കഴിയുന്ന അദ്ദേഹം ആ അവസ്ഥയില്‍ ജീവിച്ചാണ് ശാസ്ത്ര സംഭാവനകൾ നൽകിയത്. എ ബ്രീഫ് ഹിസ്‌റ്ററി ഓഫ് ടൈം (സമയത്തിന്റെ സംക്ഷിപ്ത ചരിത്രം)’ എന്ന പുസ്തകമാണ് ഹോക്കിങ്ങിനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത്.നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ രൂപപ്പെട്ടതാണ്‌.അതുകൊണ്ട് തന്നെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രഗത്ഭരായ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞന്മാരില്‍ ഒരാളായി അറിയപ്പെടുന്നതും ഇദ്ദേഹമാണ്. 2004 ജൂലൈയിൽ ഡബ്ലിനിൽ ചേർന്ന രാജ്യാന്തര ഗുരുത്വാകർഷണ–പ്രപഞ്ചശാസ്ത്ര സമ്മേളനത്തിൽ സ്റ്റീഫൻ ഹോക്കിങ് അവതരിപ്പിച്ച പുതിയ സിദ്ധാന്തം ശാസ്ത്രലോകത്തെ പിടിച്ചുകുലുക്കി. തമോഗർത്തങ്ങളെക്കുറിച്ച് (ബ്ലാക്ക് ഹോൾ) അന്നോളമുള്ള പല ധാരണകളെയും തിരുത്തിക്കുറിക്കുന്ന ഒന്നായിരുന്നു അത്. കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി താൻ തന്നെ ശരിയെന്നു കരുതുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന സിദ്ധാന്തങ്ങളെ തിരുത്തിക്കുറിക്കുന്ന കണ്ടെത്തൽ.