യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊന്ന കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. അഞ്ചംഗ കൊലയാളി സംഘത്തിലുണ്ടായിരുന്ന മുഴക്കുന്ന് സ്വദേശി ദീപ് ചന്ദ് (25), തെരൂർ പാലയോട്ടെ കെ. ബൈജു (36) എന്നിവരാണ് അറസ്റ്റിലായത്. എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.
അതിനിടെ അക്രമത്തിനുപയോഗിച്ചെന്നു കരുതുന്ന ആയുധങ്ങളും അന്വേഷണ സംഘം പിടികൂടി. രണ്ട് വാളും ഒരു മഴുവുമാണ് പിടികൂടിയത്. വെള്ളപ്പറമ്പിനടുത്ത് വളയാലിൽ വച്ചാണ് ആയുധം പിടികൂടിയത്. നേരത്തെ മൂന്നു വാൾ വെള്ളപറമ്പിൽ നിന്ന് പിടികൂടിയിരുന്നു.
പിടിയിലായ രണ്ടുപേരെയും ഇന്ന് മട്ടന്നൂർ കോടതിയിൽ ഹാജരാക്കും. ഇതോടെ കേസിൽ നേരിട്ടു പങ്കാളിയായവരെല്ലാം പിടിയിലായതായാണ് പൊലീസ് നിഗമനം.