Sun. Nov 22nd, 2026

‘മുടിക്ക് പിടിച്ച് കുമ്പിട്ട് നിര്‍ത്തി നാഭിക്ക് തൊഴിച്ചു; അസഹ്യമായ വേദന മൂലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സ നേടി. നാലാം ദിനം ഗര്‍ഭം അലസി. വാര്‍ഡില്‍ തന്നെ പ്രസവിക്കേണ്ടി വന്നു. നല്ലൊരാണ്‍ കൊച്ചായിരുന്നു……. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെയുള്ളവരുടെ വീടാക്രമണത്തില്‍ ഗര്‍ഭസ്ഥ ശിശു കൊല്ലപ്പെട്ട കോടഞ്ചേരി വേളംകോട് തേനം കുഴി സിബി ചാക്കോയുടെ ഭാര്യ ജ്യോല്‍സനയുടേതാണീ വാക്കുകള്‍. കഴിഞ്ഞ മാസം 28 ന് രാത്രിയാണ് സംഭവം. കോടഞ്ചേരി വേളാംകോട് തേനംകുഴി സിബി ചാക്കോയ്ക്കും ഭാര്യ ജ്യോത്സനയ്ക്കും രണ്ടു മക്കള്‍ക്കുമാണ് അയല്‍വാസി പ്രജീഷില്‍ നിന്നും സംഘത്തില്‍ നിന്നും ക്രൂരമായ മര്‍ദനമേറ്റത്.

നേരത്തെ തന്നെ അയല്‍വാസി പ്രജീഷുമായി അതിര്‍ത്തി തര്‍ക്കവും കേസും നിലവിലുണ്ടായിരുന്നു. സര്‍വെയര്‍ വന്നു നോക്കി തിട്ടപ്പെടുത്തിയതിന്റെ ഫലമായി അയല്‍വാസിയായ പ്രജീഷ് അനധികൃതമായി കയ്യേറിയ സ്ഥലം നഷ്ടപ്പെട്ടതിന്റെ അരിശമാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് സിബി പറയുന്നു.

ഇതിന്റെ തുടര്‍ച്ചയെന്നോണം ജനുവരി 28ന് അങ്ങാടിയില്‍ വെച്ച് പ്രജീഷുമായി വാക്കേറ്റവും കയ്യാങ്കളിയും നടന്നിരുന്നുവെന്നും തിരിച്ച് വീട്ടില്‍ വന്ന തന്നെ പ്രജീഷ് ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ വേണ്ടി ഫോണിലൂടെ മറ്റുള്ളവരെ വിളിച്ച് കൂട്ടുകയും ചെയ്തുവെന്ന് സിബി പറയുന്നു.ഈ സമയം കോടഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞെങ്കിലും വണ്ടിയില്ലെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞെന്നും ശേഷം പ്രജീഷും സിപിഐഎം ബ്രാഞ്ച് സെക്രട്ടറി തമ്പിയും സംഘവും കൂടി തന്നെ ആക്രമിച്ചു. ഈ സമയത്തും ഭാര്യ ജ്യോല്‍സ്‌ന നിരന്തരം പൊലീസ് സ്റ്റേഷനിലേക്ക് സഹായമാവശ്യപ്പെട്ട് വിളിച്ചെങ്കിലും തിരിഞ്ഞ് നോക്കിയില്ലത്രെ.
നിലത്ത് വീണ തന്നെ അവിടെയിട്ടും ചവിട്ടി.തടയാന്‍ വന്ന നാലുമാസം ഗര്‍ഭിണിയായ ഭാര്യ ജ്യോല്‍സനയെയും ആക്രമിച്ചു.

പ്രജീഷിന്റെ അമ്മ സരസമ്മയാണ് അക്രമികള്‍ക്ക് തന്റെ ഭാര്യയെ ആക്രമിക്കാന്‍ പ്രചോദനം നല്‍കിയതെന്നും സിബി പറയുന്നു. ‘ അവന്ന് കൊടുത്തത് മതി, ഇനി ഇവള്‍ക്കും രണ്ടെണ്ണം കൊടുക്കെടാ ‘ എന്നാക്രോശിച്ചതോടെ അക്രമി സംഘം ജ്യോല്‍സനക്ക് നേരെ തിരിയുകയും നാഭിക്കും മറ്റും ചവിട്ടുകയുമായിരുന്നു. മാതാപിതാക്കളെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച മക്കളായ മെറിന്‍ (7), ആന്തരേസ (മൂന്നര) എന്നിവരെ എടുത്തെറിഞ്ഞു.ഇതില്‍ മെറിന്ന് വാരിയെല്ലിന് ക്ഷതവും കല്ലില്‍ തട്ടിയതിനാല്‍ ആന്തരേസക്ക് തലക്കും ക്ഷതമേറ്റു. ഹോസ്പിറ്റലിലേക്ക് പോകും വഴി ‘പാര്‍ട്ടി പറയുന്നതിനപ്പുറം നില്‍ക്കാന്‍ നീ ആരെടാ?ഏതായാലും നീ കേസിന് പോകും,വീട്ടില്‍ വെച്ച് മാത്രമല്ല ഇവിടുന്നും കൂടെ കിടക്കട്ടെ എന്നാക്രോശിച്ച് വീണ്ടും ആക്രമിച്ചു.

ഭാര്യാമാതാവിനെയും സുഹൃത്തുക്കളെയും കൂട്ടി താമരശ്ശേരി ഹോസ്പിറ്റലില്‍ പോയി. അഡ്മിറ്റ് ഇല്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് പോകും വഴി ഭാര്യക്ക് രക്തസ്രാവമുണ്ടായി.ഡോക്ടറെ കാണിച്ച് ഇഞ്ചക്ഷന്‍ എടുത്തെങ്കിലും ചവിട്ടേറ്റ കാരണത്താല്‍ ഗര്‍ഭപാത്രത്തിന് ചതവും പ്ലാസന്റേയില്‍ രക്തം കട്ടപിടിക്കുകയും ചെയ്തതിനാല്‍ കുട്ടിക്ക് ഭക്ഷണം കിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു. നാലാം ദിവസം കടുത്ത വേദന അനുഭവപ്പെട്ട ജ്യോല്‍സന വാര്‍ഡില്‍ വെച്ച് തന്നെ പ്രസവിക്കുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോയി അടക്കം ചെയ്യാന്‍ പണമില്ലാത്തതിനാല്‍ പൊതുശ്മശാനത്തില്‍ അടക്കം ചെയ്യേണ്ടി വന്നു.

മര്‍ദനം മൂലം തന്റെ പല്ലുകളിളകിയെന്നും ഡയഫ്രമിന് തകരാറും ദേഹമാസകലം മുറിവുകളുണ്ടായെന്നും സിബി പറഞ്ഞു. പ്രതികളായ ഏഴംഗ സംഘത്തെക്കുറിച്ച് കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കിയെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ മാത്രം പിടിച്ച് മറ്റുള്ളവരെ രക്ഷപ്പെടുത്താന്‍ പൊലീസ് ശ്രമിച്ചു. ബ്രാഞ്ച് സെക്രട്ടറിയെ ലിസ്റ്റില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് പല പ്രമുഖരും സമീപിച്ചു. എന്നാല്‍ പ്രതികള്‍ പിടികൂടപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യണമെന്ന ഉറച്ച നിലപാടെടുത്തെന്നും സിബി പറഞ്ഞു.

അതിനിടെ വിഷയം ജനശ്രദ്ധയാകര്‍ഷിച്ചതോടെ പ്രതിരോധത്തിലായ സിപിഐഎമ്മും പൊലീസും അറസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.തങ്ങള്‍ക്ക് സ്വന്തം വീട്ടില്‍ താമസിക്കാന്‍ പറ്റാത്ത അവസ്ഥയാണന്നും പ്രതികള്‍ ജാമ്യത്തിലിറങ്ങിയാല്‍ തങ്ങളെ അപായപ്പെടുത്താന്‍ സാധ്യത ഉണ്ടെന്നും ജ്യോല്‍സന പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയടക്കം തങ്ങളെ അപമാനിക്കുകയാണ്.കഴിഞ്ഞ ദിവസം സിപിഐഎം നടത്തിയ വിശദീകരണ യോഗത്തില്‍ വ്യക്തിഹത്യയും അപവാദ പ്രചരണം നടത്തിയെന്നും പുറത്തിറങ്ങി നടക്കാനുള്ള സാഹചര്യം ഇല്ലാതാക്കിയെന്നും ജ്യോല്‍സന പറയുന്നു.

എന്നാല്‍ വീട് കയറിയുള്ള ആക്രമണത്തില്‍ ഗര്‍ഭസ്ഥ ശിശു കൊല്ലപ്പെട്ട പരാതിയില്‍ കോടഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത സിപിഐഎം കല്ലന്ത്രമേട് ബ്രാഞ്ച് സെക്രട്ടറി തെറ്റാലില്‍ തമ്പി ഒരുറുമ്പിനെ പോലും നോവിക്കാത്ത നല്ല മനുഷ്യനാണെന്ന് സിപിഐഎം വേളംകോട് ബ്രാഞ്ച് സെക്രട്ടറി ബേബി പറഞ്ഞു. അയല്‍വാസികള്‍ തമ്മിലുണ്ടായ ചെറിയ പ്രശ്‌നത്തില്‍ മധ്യസ്ഥതക്കെത്തിയ തമ്പിയെ മനപൂര്‍വം പ്രതിയാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജാഗ്രത കുറവുണ്ടായെന്ന് സിപിഐഎം പ്രതികരിച്ചു.വേളംകോട് വിഷയത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി തമ്പിയുള്‍പ്പടെ നിരപരാധിയെങ്കിലും ഇടപെട്ട രീതിയില്‍ ജാഗ്രതക്കുറവുണ്ടായെന്ന് പാര്‍ട്ടി വിലയിരുത്തല്‍. മദ്യലഹരിയില്‍ അക്രമാസക്തനായ ഒരാളുടെ വിഷയത്തില്‍ തിടുക്കത്തില്‍ രാത്രി തന്നെ പോയി ഇടപെട്ടതാണ് വിഷയം ഇത്ര വിവാദമാകാന്‍ കാരണം. വേളംകോട് തന്നെ ബ്രാഞ്ച് സെക്രട്ടറിയും കമ്മിറ്റിയും നിലവിലുണ്ട്. രണ്ട് കിലോമീറ്ററോളം വ്യത്യാസമുള്ള സ്ഥലത്ത് നിന്ന് മറ്റൊരു ബ്രാഞ്ച് സെക്രട്ടറി വന്ന് വിഷയത്തിലിടപ്പെട്ടത് പാര്‍ട്ടി ശത്രുക്കള്‍ക്ക് അടിക്കാന്‍ വടി കൊടുക്കുന്നത് പോലെയായി.വക്കീലിന്റെ ഉപദേശം കേട്ട് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുക വഴി പാര്‍ട്ടി അക്രമികള്‍ക്കൊപ്പമെന്നും ഇവരെ സംരക്ഷിക്കുകയാണെന്നും പ്രചരിപ്പിക്കുന്നതില്‍ ബി.ജെ.പി.യുള്‍പ്പടെ വിജയിച്ചു. നേരത്തെ അറസ്റ്റിന് വഴങ്ങിയിരുന്നുവെങ്കില്‍ ഇത്ര നാണക്കേടാകില്ലായിരുന്നുവെന്നും പാര്‍ട്ടി വിലയിരുത്തുന്നു.