Fri. Apr 19th, 2024

പ്രശസ്ത ചിത്രകാരനും, ശില്പിയുമായി അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയവരില്‍ കോണ്‍ഗ്രസ് കൗണ്‍സിലറും. എറണാകുളം സൗത്ത് കൗണ്‍സിലറായ കെവിപി കൃഷ്ണകുമാറും സംഘവും ദര്‍ബാര്‍ ഹാളിലെ അശാന്തന്റെ പൊതുദര്‍ശനം തടഞ്ഞുവെന്നാണ് പരാതി.

ബുധനാഴ്ചയാണ് ചിത്രകാരന്‍ അശാന്തന്റെ പൊതുദര്‍ശനം എറണാകുളത്തപ്പന്‍ ഭാരവാഹികളും മറ്റുള്ളവരും ചേര്‍ന്ന് തടഞ്ഞത്. അമ്പലം അശുദ്ധമാകുമെന്ന് ആരോപിച്ചാണ് ആര്‍ട്ട് ഗ്യാലറി പരിസരത്ത് നടത്തിയ പൊതുദര്‍ശനം ഇവര്‍ തടഞ്ഞത്. പൊതുദര്‍ശനം നടത്താന്‍ ഉദ്ദേശിച്ച സ്ഥലം അമ്പലത്തിന്റെ പരിധിയിലാണെന്നായിരുന്നു ക്ഷേത്രം ഭാരവാഹികളുടെ വാദം.

അതേസമയം പൊതുദര്‍ശനം തടയുന്നതിന് ഭാരവാഹികള്‍ക്ക് നേതൃത്വം നല്‍കിയത് എറണാകുളം സൗത്ത് 62-ാം വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലറാണെന്നാണ് അശാന്തന്റെ സഹപ്രവര്‍ത്തകരുടെ പരാതി. കൗണ്‍സിലറുടെ ദളിത് വിരോധമാണ് നടപടിക്ക് കാരണമെന്നാണ് ഇവര്‍ ആരോപിക്കുന്നു. മൃതദേഹത്തോട് അനാദരവ് കാണിച്ച കൗണ്‍സിലറെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ സംഭവസ്ഥലത്തുണ്ടായ പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ മാത്രമാണ് താന്‍ ശ്രമിച്ചതെന്നും മറ്റുള്ളവര്‍ തന്റെ ഇടപെടലിനെ വളച്ചൊടിക്കാന്‍ ശ്രമിച്ചതാണെന്നും കൗണ്‍സിലര്‍ കൃഷ്ണകുമാര്‍ പറയുന്നു. ചിലര്‍ പ്രശ്‌നത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നാണ് കൗണ്‍സിലര്‍ വാദിക്കുന്നത്. മൃതദേഹത്തോട് അനാദരവ് കാണിച്ചതില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തിങ്കളാഴ്ച പ്രതിഷേധസംഗമം നടത്തുന്നുണ്ട്.

സംഭവത്തില്‍ അധികൃതരുടെ നടപടി ക്രൂരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്നും 20 പേര്‍ക്കെതിരെ ഇപ്പോള്‍ തന്നെ കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.