സ്‌കൂൾ വിദ്യാഭ്യാസം മാത്രമേ ഉളൂ എങ്കിലും വീട്ടിലെ ജോലി ചെയ്യാൻ പോലും മടിക്കുന്ന യുവതലമുറയുടെ മുന്നിൽ വ്യത്യസ്തയായി ഇതാ ഒരു പി എച് ഡി ഹോൾഡർ.സ്‌കൂൾ വിദ്യാഭ്യാസം ഡെറാഡൂണില്‍ നിന്ന് അല്‍പ്പം മാറി ഏക്കറുകളോളം നീണ്ടു കിടക്കുന്ന വയലുകളുള്ള ആ കൊച്ചു ഗ്രാമത്തിലേക്ക് ഗവേഷണത്തിന്‍റെ ഭാഗമായി എത്തുമ്പോള്‍ മറ്റേതൊരു വിദ്യാര്‍ഥിയെയും പോലെ നല്ലൊരു ജോലി തന്നെയായിരുന്നു പ്രീതിയുടെയും മനസില്‍…ഉയര്‍ന്ന വിദ്യാഭ്യാസം, മികച്ച ശമ്പളമുള്ള നല്ലൊരു ജോലി, പിന്നെ എല്ലാവരും കൊതിക്കുന്ന പോലെ നല്ലൊരു ജീവിതവും.
പഠനത്തിന്‍റെ ഓരോ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴും പക്ഷേ ആ പെണ്‍കുട്ടിയുടെ ലക്ഷ്യങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വന്നു തുടങ്ങി… ഒടുവില്‍ ഷഡ്പദങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ പിഎച്ച്ഡിയും സ്വന്തമാക്കിക്കഴിഞ്ഞിട്ടും അവള്‍ അവിടെ നിന്നു മടങ്ങാന്‍ തയാറായില്ല. ഇപ്പോഴും ജൈവവളമുപയോഗിച്ച് പച്ചക്കറികള്‍ വിളയിച്ചും പശുക്കളെ വളര്‍ത്തിയുമെല്ലാം തിരക്കിലാണ് പൂനെയില്‍ നിന്നുമെത്തിയ പിഎച്ച്ഡിക്കാരി പ്രീതി വിര്‍ക്കാര്‍.
ഡൂണ്‍വാലിയിലെ രാംഘട്ട് എന്ന ഗ്രാമത്തില്‍ ഇപ്പോള്‍ മറ്റാരെക്കാളും ആരോഗ്യവതിയും സന്തോഷവതിയുമാണ് താനെന്ന് ആത്മവിശ്വാസത്തോടെ പറയും പ്രീതി. പിഎച്ച്ഡി കഴിഞ്ഞ് കൃഷിക്കാരിയാകാമെന്ന് തന്നെയുറച്ചാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. പക്ഷേ അന്നു വരെ രാംഘട്ടില്‍ അരിയല്ലാതെ മറ്റൊന്നും കൃഷി ചെയ്തിരുന്നില്ല…തനിക്കാണെങ്കില്‍ പച്ചക്കറികള്‍ വിളയിക്കണമെന്നായിരുന്നു മനസു നിറയെ. പക്ഷേ പ്രീതി പിന്‍മാറാന്‍ തയാറായിരുന്നില്ല. ഇപ്പോള്‍ നവധാന്യ എന്ന പേരില്‍ രണ്ടായിരത്തിലധികം വ്യത്യസ്തമായ വിത്തുകള്‍ ഉത്പാദിപ്പിക്കുന്ന വിത്തുത്പാദന കേന്ദ്രമുള്ള ഒരു ഫാമിന്‍റെ മുന്‍ നിരയിലുണ്ട് പ്രീതി.
ഗോമൂത്രവും ചാണകവും മണ്ണും ചേര്‍ത്ത മിശ്രിതത്തിലാണ് ഓരോ വിത്തും സൂക്ഷിച്ചിരിക്കുന്നത്. അതു കൊണ്ട് കീടങ്ങളുടെ ആക്രമണമൊന്നുമുണ്ടാകില്ല. ഇത്തരം സുരക്ഷിതമായ വിത്തുപയോഗിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും മറ്റു രാസവളങ്ങള്‍ പ്രയോഗിക്കേണ്ടിയും വരില്ലെന്ന് പ്രീതി പറയുന്നു.
ഡിഗ്രി പഠനകാലത്താണ് പ്രീതി ആദ്യമായി രാംഘട്ടിലെത്തുന്നത്. ഡെറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വൈല്‍ഡ് ലൈഫ് സയന്‍സില്‍ പഠനം നടത്തുകയായിരുന്നു പ്രീതി. പഠനത്തിന്‍റെ ഭാഗമായുള്ള പ്രൊജക്റ്റ് പൂര്‍ത്തിയാക്കാനാണ് ആദ്യമായി നവധാന്യയിലെത്തുന്നത്. അതിനു ശേഷം അത്യാവശ്യം അവിടെയെത്തുന്ന കര്‍ഷകര്‍ക്ക് ക്ലാസുകള്‍ എടുക്കാന്‍ തുടങ്ങി. പിന്നീട് മുഴുവന്‍ സമയവും അവിടെ ജോലി ചെയ്യാനും തീരുമാനിച്ചു.
കൃഷിയില്‍ നമുക്ക് പാരമ്പര്യമായി കൈമാറിക്കിട്ടിയ ചില മാര്‍ഗങ്ങളുണ്ട്. പക്ഷേ ഹരിതവിപ്ലവം വന്നതോടെ അതില്‍ പലതും നമുക്കും തിരിച്ചുകിട്ടാന്‍ കഴിയാത്ത വിധത്തില്‍ നഷ്ടപ്പെട്ടു പോയി. ഇപ്പോള്‍ ആരോഗ്യത്തിനേറ്റവും നല്ലതെന്താണെന്നു ചോദിച്ചാല്‍ പലരും പറയും ഓട്ട്സ് എന്ന്. അതിനു കാരണമെന്താണെന്നു ചോദിച്ചാല്‍ പാശ്ചാത്യര്‍ അങ്ങനെയാണ് അതു കൊണ്ടു തന്നെയെന്ന ഉത്തരമേയുള്ളൂ. ആ അവസ്ഥയ്ക്കാണ് മാറ്റം വരുത്തേണ്ടത്. അതു പോലെ നമുക്ക് സ്വന്തമായി 28 ഇനം പശുക്കളുണ്ട്. പക്ഷേ നമ്മളെല്ലാവരും വിദേശത്തു നിന്നെത്തുന്ന ജഴ്സിപ്പശുവിനാണ് മുന്‍ഗണന കൊടുക്കുന്നതെന്ന് പ്രീതി. നവധാന്യ ഇത്തരം രീതികളെയാണ് മാറ്റാന്‍ ശ്രമിക്കുന്നത്.
നവധാന്യയില്‍ മുപ്പത്തഞ്ചു പേരോളമേ ജോലിക്കാരായുള്ളൂ. പതിനെട്ട് സംസ്ഥാനങ്ങളിലായി നൂറ്റിയിരുപത്തിരണ്ട് വിത്തുത്പാദനകേന്ദ്രങ്ങളുണ്ട്. ജൈവകൃഷി തുടങ്ങാമെന്ന് തീരുമാനിച്ചപ്പോള്‍ അതു വളരെ ചെലവേറിയതായിരിക്കുമെന്ന് പറഞ്ഞ് പലരും പിന്മാറാന്‍ ഉപദേശിച്ചു. പക്ഷേ ചെലവു കുറഞ്ഞ രീതിയിലുള്ള ജൈവകൃഷി രീതിയാണ് താന്‍ പിന്‍തുടരുന്നതെന്ന് പ്രീതി. ഇപ്പോള്‍ വലിയ പല കമ്പനികളും തങ്ങളുടെ ഉത്പന്നങ്ങളാണ് വാങ്ങുന്നതെന്ന് അഭിമാനത്തോടെ പ്രീതി പറയുന്നു.

