Wed. Nov 4th, 2026

എകെജിയെ ബാലപീഡകനെന്ന് വിളിച്ച വിടി ബല്‍റാം എംഎല്‍എയുടെ ഓഫീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു. എംഎല്‍എയുടെ തൃത്താലയിലെ ഓഫീസിലേക്ക് വൈകിട്ട് 4.30നാണ് ഡിവൈഎഫ്‌ഐ മാര്‍ച്ച സംഘടിപ്പിച്ചത്. എംഎല്‍എയുടെ ഓഫീസിലെ ചില്ലുകള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ക്കുകയും ഉപകരണങ്ങള്‍ കേടു വരുത്തുകയും ചെയ്തു. ഡിവൈഎഫ്ഐ പ്രകടനം നിയന്ത്രിക്കാനായി നൂറുകണക്കിന് പോലീസുകാരാണ് എത്തിയിരുന്നത്. ഓഫിസിനു നേരെ പ്രവര്‍ത്തകര്‍ കരിഓയില്‍ പ്രയോഗവും നടത്തി.

സിപിഎം നേതാവിനെ അപകീര്‍ത്തിപ്പെടുത്താന്‍ തൃത്താല എംഎല്‍എയും കോണ്‍ഗ്രസ് യുവനേതാവുമായ ബല്‍റാം മനപ്പൂര്‍വം ശ്രമിച്ചെന്ന ആക്ഷേപമാണ് എങ്ങും ഉയരുന്നത്. നേരത്തെ കെ. മുരളീധരന്‍ എം.എല്‍.എയും വിടി ബല്‍റാമിനെതിര രംഗത്ത് വന്നിരുന്നു.

വിടി ബല്‍റാമിന്റെ പരാമര്‍ശം ശരിയയായില്ല. ഇത്തരം പരാമര്‍ശം കോണ്‍ഗ്രസ് സംസ്‌കാരത്തിന് എതിരാണ്. മര്‍ക്കസ് സമ്മേളനവേദിയിലാണ് മുരളീധരന്റെ പ്രതികരണം. വിടി ബല്‍റാമിന് കോണ്‍ഗ്രസ് പിന്തുണ നല്‍കില്ലന്നാണ് കെ. മുരളീധരന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്.