Mon. Nov 23rd, 2026

പരിസ്ഥിതി പ്രവർത്തകനായ പുരുഷൻ ഏലൂരിനെ അറസ്റ്റ് ചെയ്യാൻ നീക്കം. കള്ളക്കേസിൽ പ്പെടുത്തി അദ്ദേഹത്തെ കുരുക്കാനാണ് നീക്കം. 2011ഓഗസ്റ്റ് പന്ത്രണ്ടിന് ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡിൻറെ നീരീക്ഷണ കേന്ദ്രത്തിന്റെ ചുമതല ഉണ്ടായിരുന്ന എൻവിറോണ്മെന്റൽ എഞ്ചിനീയർ ഡി.ചിത്രകുമാരി 20.7.2011 മുതൽ 9.8.2011 കാലയളവിൽ പെരിയാറിലെ നിറം മാറ്റത്തിന് കാരണമായ കമ്പനിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബോർഡിൻറെ മെമ്പർ സെക്രട്ടറി ആയിരുന്ന എസ് .ഡി ജയപ്രസാദിനെ കത്തയച്ചിരുന്നു. എന്നാൽ ചിത്രകുമാരിയുടെ പേരിൽ വ്യാജ കത്ത് ഉണ്ടാക്കിയെന്നാരോപിച്ചാണ് എടയാറിലെ സി എം ആർ എൽ കമ്പനി വരാപ്പുഴ പോലീസ് സ്റ്റേഷനിൽ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ പുരുഷൻ ഏലൂരിനെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തുന്നത്.

രണ്ടായിരത്തി പതിനൊന്നിൽ എൻവിറോണ്മെന്റൽ എഞ്ചിനീയർ ഡി.ചിത്രകുമാരി സ്ഥാപന മേധാവിയായിരുന്ന എസ.ഡി ജയപ്രസാദിനയച്ച കത്ത് അന്ന് വിവരാവകാശ നിയമ പ്രകാരം എടുക്കുകയും അത് പത്രദൃശ്യ മാധ്യമങ്ങളിൽ വരുകയും ചെയ്‌തതാണ്‌.

ഏലൂരിലെ ഷിബു മനുവേൽ സി.എം.ആർ.എൽ കമ്പനി നടത്തുന്ന മലിനീകരണത്തിനെതിരെ ഹൈകോടതിയിൽ കൊടുത്ത കേസിൽ ഈ കത്തും ഒരു രേഖയായി സമർപ്പിച്ചിരുന്നു. ഹൈകോടതിയുടെ പരിഗണനയിലിരിക്കുന്ന രേഖയെസംബന്ധിച്ച് കോടതി സംശയം പ്രകടിപ്പികുകയോ ചോദ്യം ചെയ്യുകയോ ചെയ്യാതെ തന്നെ പോലീസിൽ സ്വാധീനം ചെലുത്തി സി.എം.ആർ.എൽ കമ്പനി മാനേജ്‌മന്റ് ഷിബു മനുവലിനെ വ്യാജ രേഖ ചമച്ചു എന്ന് കേസ് ഉണ്ടാക്കി അറസ്റ്റ് ചെയത് ഷിബുവിനെ റിമാൻഡ് ചെയ്തു. ഷിബു മനുവലിനെ 120 ബി, 196, 193, 468, 46, 34, എന്നി വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഇതേ കേസിൽ രണ്ടാം പ്രതിയാക്കി പുരുഷൻ ഏലൂരിനെ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ ഇപ്പോഴത്തെ നീക്കമെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചു

12.8.2011 ലെ ഡി.ചിത്രകുമാരിയുടെ കത്ത്  സംബന്ധിച്ച് 10. 9.2015-ൽ കെ.കെ മുഹമ്മദ് ഇക്ബാൽ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടതിനെ തുടർന്ന് 30 .9 .2015 ന് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ പിസിബി/ എച്ഒ / ആർ ഐ / 1/ 2006 പ്രകാരം മറുപടിയും ലാബ് റിപ്പോർട്ടിന്റെ പകർപ്പും നല്കിയിട്ടുള്ളതാണ്. മേൽ വസ്തുതകൾ അന്വേഷിക്കാതെയാണ് പോലീസ് സ്വാധിനത്തിനു വഴങ്ങി അറസ്റ്റിനായി നീങ്ങുന്നത്. കമ്പനിയുടെ പരിധിയിലുള്ള പോലീസ് സ്റ്റേഷനിലോ പ്രതികൾ താമസിക്കുന്ന പോലീസ് സ്റ്റേഷൻ പരിധിയിലോ പരാതി നൽകാതെ വരാപ്പുഴ പോലീസ് സ്റ്റേഷനിൽ നൽകി അറസ്റ്റ് ചെയ്യിക്കുന്നതിനു പിന്നിൽ വൻ ഗൂഢാലോചന നടന്നതായി ആരോപണമുണ്ട്.

പുരുഷൻ ഏലൂരിനെതിരെ വ്യാജ വാർത്തകളും നൽകി അപകീർത്തിപ്പെടുത്താൻ ഇതിനു മുൻപ് ഈ കമ്പനി ശ്രമിച്ചിട്ടുണ്ട്. അന്വേഷണത്തിൽ വ്യാജ വാർത്തകൾ നിർമിച്ചത് സി എം ആർ എൽ കമ്പനിയുടെ ഔദ്യോഗിക ഐ പി അഡ്രസിൽ നിന്നാണെന്ന് പോലീസിന് ബോധ്യപ്പെട്ടതാണ്. എന്നാൽ ഇതുവരെ നടപടി എടുത്തിട്ടില്ല. കൂടാതെ ഇതിനു മുൻപ് തീവ്രവാദ പ്രസ്ഥാനങ്ങളുമായി ബന്ധപെടുത്തിയും അറസ്റ്റിനു ശ്രമിച്ചെങ്കിലും അന്ന് നടന്നില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു.