Thu. Apr 25th, 2024

പനമറ്റം ഭഗവതി ക്ഷേത്രത്തിലേക്കുള്ള റോഡില്‍നിന്ന് 15 അടി മാത്രം അകലത്തിലാണ്‌ അതി ദാരുണമായ ഈ ദുരന്തം നടന്നത് . അര്‍ജുന്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോള്‍ കൂട്ടുകാരനൊപ്പം ഓടിക്കളിക്കുന്നതിനിടെ പറമ്പിലേക്ക് ഓടിക്കയറുകയും കിണറ്റില്‍ വീഴുകയുമായിരുന്നു. തുടർന്ന് സ്‌കൂൾ അധികൃതർ ഉച്ച കഴിഞ്ഞുള്ള പരീക്ഷ മാറ്റിവെച്ച്‌ സ്കൂളിന് അവധി നല്‍കി.

പനമറ്റം ഗവ.സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥി അര്‍ജുന്‍ കിണറ്റില്‍ വീണതറിഞ്ഞ് പനമറ്റത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കൊച്ചുമാടപ്പളളില്‍ അനി കയര്‍ വഴി കിണറ്റിലേക്ക് ഇറങ്ങിയെങ്കിലും പത്തടിയോളം വെള്ളത്തില്‍ ആഴ്ന്നു പോയ അര്‍ജുനെ രക്ഷിക്കാനായില്ല.

ഇതിനുശേഷം പനമറ്റം സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ മിഥുന്‍ കിണറ്റിലിറങ്ങാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും പാതിയിറങ്ങിയപ്പോള്‍ പകച്ചുനിന്നു. ഇതിനിടെയാണ് ചെത്തുതൊഴിലാളിയായ സജി ഇതുവഴി ബൈക്കിലെത്തുന്നത്. സംഭവമറിഞ്ഞ സജി മറ്റൊന്നും ചിന്തിക്കാതെ ധൈര്യപൂര്‍വം കിണറ്റിലേക്കു കയറിലൂടെ ഊര്‍ന്നിറങ്ങി.പത്തടിയോളം മലിനജലം നിറഞ്ഞുകിടന്ന കിണറിന്റെ അടിത്തട്ടില്‍ കമിഴ്ന്നു കിടക്കുകയായിരുന്ന അര്‍ജുനെ പൊക്കിയെടുത്ത് തന്റെ തോളിലിട്ട് കയറിലൂടെ തിരിച്ചു കയറിയെങ്കിലും പൊന്‍കുന്നത്ത് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിമധ്യേ അർജ്ജുൻ മരണത്തിനു കീഴടങ്ങി.

സ്വന്തം ജീവന്‍ മറന്ന്‌ അര്‍ജുനെ രക്ഷിക്കാന്‍ പൊട്ടക്കിണറ്റിലേക്ക് ഊര്‍ന്നിറങ്ങിയിട്ടും ജീവന്‍ രക്ഷിക്കാനായില്ലെന്ന സങ്കടത്തിലാണ് ഇളങ്ങുളം ഒട്ടയ്ക്കല്‍ മാടത്താനില്‍ സജി.ആള്‍മറയില്ലാതെ ഉപയോഗ്യശൂന്യമായി കിടക്കുന്ന ഈ കിണറ്റില്‍ ഇതിനു മുമ്ബ് ഒരു യുവാവും അനേകം മൃഗങ്ങളും പെട്ടിട്ടുണ്ട്. പനമറ്റം സ്കൂളിനു മുമ്പിലെ ദേശീയ വായനശാലയുടെ എതിര്‍വശത്തെ മുട്ടത്തുകുന്നേല്‍ പുരയിടത്തിലാണ് കാടുമൂടിയ കിണര്‍.

മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. രാത്രി വീട്ടുവളപ്പില്‍ നടന്ന സംസ്കാരച്ചടങ്ങില്‍ കണ്ണീരോടെ ഒരു നാടുമുഴുവനും എത്തിയിരുന്നു.