Sat. Nov 21st, 2026

സര്‍ക്കസ് കൂടാരത്തിലെ കുരങ്ങെന്ന് വിളിച്ച്‌ അധിക്ഷേപിച്ച സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിനോട് കണ്ടം വഴി ഓടിക്കോളാന്‍ പറഞ്ഞ് നടി പാര്‍വതി രംഗത്ത്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പാര്‍വതിയുടെ പ്രതികരണം. OMKV എന്നെഴുതി കൈ ചൂണ്ടികാട്ടുന്നത് ഒരു തുണിയില്‍ ആലേഖനം ചെയ്ത ചിത്രമാണ് പാര്‍വതി ടീറ്റ് ചെയ്തത്. ‘എല്ലാ സര്‍ക്കസ് മുതലാളിമാരോടും’ എന്നും പാര്‍വതി ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.

മമ്മൂട്ടി ചിത്രത്തിനെതിരെ രംഗത്ത് വന്ന നടി പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം ശക്തമായതിന് പിന്നാലെയാണ് പരോക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ജൂഡ് ആന്റണി രംഗത്തു വന്നത്.സര്‍ക്കസ് കൂടാരത്തിലെ കുരങ്ങിന്റെ കഥ പറഞ്ഞാണ് ജൂഡ് നടിയെ വിമര്‍ശിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ജൂഡിന്റെ വിമര്‍ശനം.

ജൂഡ് ആന്റണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ ആയിരുന്നു

‘ഒരു കുരങ്ങ് സര്‍ക്കസ് കൂടാരത്തില്‍ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവില്‍ അഭ്യാസിയായി നാട് മുഴുവന്‍ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു.അപ്പോള്‍ മുഴുവന്‍ സര്‍ക്കസ്‌കാരേയും മുതലാളിമാരെയും തെറി പറയുന്നു.മുതലാളിമാര്‍ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടില്‍ പോകാമായിരുന്നു. അങ്ങനെ പോയാല്‍ ആരറിയാന്‍ അല്ലെ’,

പോസ്റ്റില്‍ പാര്‍വതിയുടെ പേരെടുത്ത് പറഞ്ഞിരുന്നില്ലെങ്കിലും പോസ്റ്റില്‍ വന്ന ചില കമന്റുകളിലെ പ്രതികരണം പാര്‍വതിയെ ലക്ഷ്യം വയ്ക്കുന്നതായിരുന്നു.

രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വതി കസബ എന്ന ചിത്രത്തെയും അതിലെ കഥാപാത്രത്തെയും സംഭാഷണങ്ങളെയും വിമര്‍ശിച്ചത്. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചില സംഭാഷണങ്ങള്‍ തന്നെ വേദനിപ്പിച്ചെന്നും ഇത്രയും വലിയൊരു സ്ഥാനത്തിരിക്കുന്ന നടന്‍ അങ്ങനെ പറയുമ്പോള്‍ അത് മഹത്വവത്കരിക്കപ്പെടുകയാണെന്നും അതുകൊണ്ട് ഇതുപോലുള്ള നായകത്വം നമുക്ക് വേണ്ടെന്നും പാര്‍വതി പറഞ്ഞിരുന്നു.

എന്നാല്‍ പാര്‍വതി മമ്മൂട്ടിയെ ലക്ഷ്യം വച്ചും അപമാനിച്ചുമാണ് സംസാരിച്ചതെന്ന പേരില്‍ അവരെ കൂട്ടമായി സോഷ്യല്‍ മീഡിയയില്‍ ആക്രമിച്ചിരുന്നു. ഒരു സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് പറഞ്ഞ അഭിപ്രായത്തില്‍ എരിവു ചേര്‍ത്ത് അത് ഇന്ത്യയിലെ ഏറ്റവും മികവുറ്റ നടന്മാരില്‍ ഒരാള്‍ക്കെതിരായ വിമര്‍ശനമാക്കി മാറ്റിയതിനും ആടിനെ പട്ടിയാക്കുന്ന ഈ മഞ്ഞപത്രങ്ങളെ വിശ്വസിച്ചതിനും ആരാധകരോടും നന്ദിയുണ്ടെന്ന് പറഞ്ഞ് പാര്‍വതി തന്നെ രംഗത്തെത്തിയിരുന്നു.