Wednesday, May 25, 2022

Latest Posts

ആഢംബര ജീവിതം; മറുപടിയുമായി ജിഷയുടെ അമ്മ രാജേശ്വരി

ജിഷ കൊലപാതകത്തിന്റെ വിധി വരുന്ന ദിവസം കോടതിയിലെത്തിയ ജിഷയുടെ അമ്മ രാജേശ്വരിയുടെ രൂപമാറ്റവും ഭാവമാറ്റവും ഒരുവിഭാഗം ആളുകള്‍ ചര്‍ച്ചയാക്കിയിരുന്നു. മകളുടെ മരണത്തിന്‍റെ പേരില്‍ ലഭിച്ച പണം ധൂര്‍ത്തടിക്കുകയാണെന്നായിരുന്നു ഒരുവിഭാഗം ആളുകള്‍ ഉയര്‍ത്തിയ ആക്ഷേപം. രാജേശ്വരി ആഢംബര ജീവിതം നയിക്കുന്നു എന്ന് ആരോപിക്കുന്നവരോട് അവർ മറുപടി പറയുന്നു.

എന്റെ മകളെ ക്രൂരമായി കൊന്നു. ഏതെങ്കിലും അമ്മയ്ക്ക് സ്വന്തം മകള്‍ മരിച്ച് കിടക്കുന്ന വേദനയില്‍ സ്വന്തം രൂപത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പല വീടികളിലും ജോലി ചെയ്ത് നടന്നു. കഷ്ടപ്പാടിനിടയില്‍ എന്റെ രൂപത്തെക്കുറിച്ചൊന്നും ഞാന്‍ ആലോചിച്ചിട്ടില്ല. മകളുടെ മരണശേഷം എന്‍റെ വീടീന് മുന്നില്‍ രണ്ടു പൊലീസുകാര്‍ എപ്പോഴും കാവലുണ്ടായിരുന്നു. വിശപ്പില്ലെങ്കിലും അവര്‍ എനിക്ക് ഭക്ഷണം എത്തിച്ചു നല്‍കിയിരുന്നു. അതിന്ശേഷം പണിക്ക് പോകാന്‍ പറ്റിയിട്ടില്ല, വീട്ടില്‍ തന്നെയാണ് എപ്പോഴും. അതൊക്കെ കൊണ്ടായിരിക്കും മാറ്റം തോന്നിയത്.

ഞാന്‍ പൊട്ട് തൊട്ട് വന്നതാണ് ആളുകള്‍ക്ക് എന്റെ മാറ്റമായി തോന്നിയതെങ്കില്‍ അത് മൂകാംമ്പികയിലെ പ്രസാദമായിരുന്നു. വിധി കേള്‍ക്കാന്‍ എത്തുന്നതിന് മുന്‍പ് മൂകാംമ്പിക ക്ഷേത്രത്തില്‍ പോയി സത്യസന്ധമായി വിധിയാവണേയെന്ന് പ്രാര്‍ത്ഥിച്ചിരുന്നു. ജോലി കിട്ടി കഴിഞ്ഞ് മൂകാംമ്പികയില്‍ പോകണമെന്ന് ജിഷ എപ്പോഴും പറയുമായിരുന്നു. ആളുകള്‍ അവര്‍ക്കിഷ്ടമുള്ളത് പോലെ പറയട്ടെ. ഞാന്‍ അനുഭവിക്കുന്ന വേദന എനിക്ക് മാത്രമറിയാം എന്നാണ് അവർ പറയുന്നത്.

വൻ തുകയ്ക്ക് ഷോപ്പിംഗ് നടത്തുന്നത് സംബന്ധിച്ചു പറഞ്ഞത് ഇങ്ങനെ. ഒറ്റരാത്രികൊണ്ടാണ് ഞങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടത്. വസ്ത്രങ്ങളുള്‍പ്പെടെ ഞങ്ങളുടെ സാധനങ്ങളെല്ലാം വീടിനകത്ത് വെച്ചാണ് പോലീസ് സീല്‍ ചെയ്തത്. അതുകൊണ്ട് സാരിയും വേണ്ട സാധനങ്ങളുമൊക്കെ എനിക്ക് വാങ്ങേണ്ടി വന്നു. ഞാന്‍ പട്ട്‌സാരിയൊന്നും വാങ്ങിയിട്ടില്ല. ഉടുക്കാന്‍ വസ്ത്രം വാങ്ങുന്നത് ആഢംബരമാണോ. പരമാവധി 500 രൂപ വിലയുള്ള സാധാരണ സാരികളാണ് ഞാന്‍ വാങ്ങിയിട്ടുള്ളത്.

എസ്ബിടി ബാങ്കിലും അര്‍ബന്‍ ബാങ്കിലും എന്റെ പേരില്‍ അക്കൗണ്ട് ഉണ്ട്. അതില്‍ എവിടെ നിന്നെക്കെയോ പണം സഹായമായി വന്നിട്ടുണ്ട്. പക്ഷെ അതില്‍ നിന്ന് ഒരു ചില്ലിക്കാശു പോലും അനുവാദമില്ലാതെ എനിക്ക് എടുക്കാന്‍ പറ്റില്ല. അന്നത്തെ ജില്ലാ കളക്ടറായിരുന്ന രാജമാണിക്യത്തിന്റെയും എന്‍റെയും പേരിലുള്ള ജോയിന്‍റ് അക്കൌണ്ടാണത്. ഔദ്യോഗിക അനുമതിയില്ലാതെ എനിക്ക് അതില്‍നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കില്ല. കാര്യങ്ങള്‍ സങ്കല്‍പ്പിക്കും മുന്‍പ് അതെല്ലാം അന്വേഷിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.

പണമിടപാട് നടത്തുന്നതിനെല്ലാം വ്യക്തമായ തെളിവുകളുമുണ്ട്. അര്‍ബന്‍ ബാങ്കില്‍ ഡിപ്പോസിറ്റ് ചെയ്തിരിക്കുന്ന പണത്തിന്റെ പലിശകൊണ്ടാണ് എന്റെ ചെലവുകളൊക്കെ ഞാന്‍ നടത്തുന്നത്. മകളെ നഷ്ടപ്പെട്ട അമ്മ സമാധാനമായി ഉറങ്ങുമെന്നാണോ നിങ്ങള്‍ കരുതുന്നത് ? കഴിഞ്ഞ രണ്ട് വര്‍ഷമായി പലപ്രാവശ്യവും ഞാന്‍ ആശുപത്രിയില്‍ കിടന്നു. എനിക്ക് പണത്തിന്റെ വില അറിയാം. അതുകൊണ്ട് തന്നെ ഞാന്‍ അനാവശ്യമായി ചെലവാക്കില്ല.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.