Tue. Mar 19th, 2024

റോയി മാത്യു

പവിത്രൻ തീക്കുനി പർദ്ദ എന്നൊരു കവിത എഴുതിയ അതേ വേഗത്തിൽ ത്തന്നെ പിൻവലിച്ച് മാപ്പ് പറഞ്ഞു. കുറച്ച് ദിവസം മുമ്പ് റേഡിയോ ജോക്കി സൂരജും മലപ്പുറത്തെ ഫ്ളാഷ് മോബിനെക്കുറിച്ച് പറഞ്ഞ് പുലിവാല് പിടിച്ച് മാപ്പു പറഞ്ഞു. ഭാഷാപോഷിണിയിൽ കർത്താവിന്റെ അന്ത്യ അത്താഴത്തിന്റെ പടം വരച്ച കൂട്ടത്തിൽ തുണിയില്ലാത്ത കന്യാസ്ത്രിയുടെ പടം വരുച്ചു വെന്നാരോപിച്ച് കത്തോലിക്കാ പാതിരി മാർ റോഡിലിറങ്ങി അലമ്പുണ്ടാക്കി. മനോരമയുടെ ഉടമസ്ഥരായ കണ്ടത്തിൽ കുടുംബക്കാർ സഭയോട് മാപ്പ് പറഞ്ഞ് കണ്ടം വഴി ഓടി രക്ഷപ്പെട്ടു. പടം വരച്ച ടോമി വട്ടക്കുഴി എന്ന ചിത്രകാരനെക്കുറിച്ച് ഒന്നും കേൾക്കാനില്ല അക്കാലത്ത് പാതിരിമാര് മനോരമക്കെതിരെ ഫെയ്സ് ബുക്കിലെഴുതിയ തെറിക്ക് കയ്യും കണക്കുമില്ലായിരുന്നു. മനോരമയെ പിന്തുണച്ച എഴുത്തുകാരൻ ബെന്യാമിനെ ഒരു പാതിരി എഫ് ബിയിലൂടെ നല്ല A ക്ലാസ് തെറിയാണ് വിളിച്ചത്. സംഭവം അതൊക്കെ അവിടെ നിൽക്കട്ടെ –

ഇവിടെ ഇപ്പോ നാല് വരി കഥയോ, കവിതയോ, ഒരു ‘തുണ്ട് ” പടമോ എവിടെ യെങ്കിലും വന്നു പോയാൽ മതവികാരം വൃണപ്പെട്ടേ എന്ന് പറഞ്ഞ് മോങ്ങുന്ന കുറെ എരപ്പകളുണ്ട്. മതവികാരമെന്ന വികാരം എന്തോന്ന് വികാരമാണ്? ശരീരത്തിന്റെ ഏത് ഭാഗത്ത് തപ്പിയാൽ ഈ വികാരം വൃണപ്പെടുമെന്നറിഞ്ഞിട്ട് വേണം കുറെ ഉപ്പും മുളകും അവിടെ ഇടാൻ.

വൃണം പൊട്ടി ഒഴുകി നടക്കുന്ന വികാര ജീവികൾ കേൾക്കാൻ വേണ്ടി ഒരു കാര്യം പറയുകയാണ്. എന്റെ കൈയ്യിൽ നല്ല ഒന്നാന്തരം വികാരം പൊട്ടി വൃണമാകുന്ന ഒരു പുസ്തകമുണ്ട്. അതിരസം കുഞ്ഞന്നാമ്മ മോഡൽ എന്ന് വേണമെങ്കിലും പറയാം.

1946ൽ കമ്മ്യൂണിസ്റ്റ് നേതാവായ റ്റി.കെ. വറുഗീസ് വൈദ്യന്റെ ഉടമസ്ഥതയിലുള്ള ആലപ്പുഴ- പീപ്പിൾസ് ബുക്ക് സ്റ്റാൾ പുറത്തിറക്കിയ ” “അഞ്ചു ചീത്തക്കഥകൾ ” എന്ന കഥാ സമാഹാരം . സീറോ മലബാർ സഭയുടെ പുണ്യപുരുഷനായ ആർച്ച് ബിഷപ്പ് തോമസ് കുര്യാളച്ചേരിയുടെ നാമധേയത്തിലുള്ള ആലപ്പുഴയിലെ ബിഷപ്പ് കുര്യാളച്ചേരി മെമ്മോറിയൽ പ്രസിലാണ് പുസ്തകം അച്ചടിച്ചത്. പുസ്തകം പുറത്തിറക്കിയതിന്റെ പേരിൽ അക്കാലത്തെ കത്തോലിക്കരുടേയോ. മറ്റാരുടെയെങ്കിലുമോ വികാരം പൊട്ടിയൊലിച്ച് വൃണമായതായി അറിയില്ല.

കഥാ സമാഹാരത്തിലെ അഞ്ച് കഥകൾ

1 കള്ള പ്പശു – .എസ് .കെ . പൊറ്റേക്കാട്
2 ഭാര്യയുടെ കാമുകൻ – വൈക്കം മുഹമ്മദ് ബഷീർ
3. പതിവ്രത – പി. കേശവദേവ്
4. നാട്ടിൻ പുറത്തെ വേശ്യ- തകഴി
5- വിത്തു കാള – പൊൻകുന്നം വർക്കി .

ഈ അഞ്ചെണ്ണവും ഒന്നിനൊന്ന് മെച്ചപ്പെട്ട കഥകളാണ്. സദാചാര സങ്കല്പങ്ങളെ തൂത്തെറിഞ്ഞതും, മത- ജാതി- സാമുദായിക കോമരങ്ങളെ വലിച്ചു കീറി ഒട്ടിച്ചിരിക്കുന്നതുമായ ഗംഭീര കഥകൾ.- അന്നാരുടേയും മത വികാരം പൊട്ടി ഒലിച്ചതായി കേട്ടിട്ടില്ല… നായരേയും നസ്രാണിയേയും ചോവനേയും ഒക്കെ കഥാകൃത്തുക്കൾ കണക്കറ്റ് പരിഹസിക്കുന്നുണ്ട്. കഥ വായിച്ച് വികാരികളുടെ വികാരം ഒലിച്ചതായി ആരും ഒന്നും പറഞ്ഞു കേട്ടില്ല
ഇത്തരം യെമണ്ടൻ കഥകളും സാഹിത്യ സൃഷ്ടികളും ഉണ്ടായ ഭാഷയി.ലാണ് ഒരു പൊട്ടക്കഥയോ കവിതയോ പ്രസിദ്ധീകരിച്ചാൽ കൊല്ലും കൊലയുമായി കോമാളികൾ വരുന്നത്. മാപ്പും കോപ്പും പറയുന്ന കവിതകൾ എഴുതാതിരിക്കുന്നതാ ഭംഗി.