Saturday, September 25, 2021
Home Blog Page 3

ഇടുക്കിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം; വരനും പൂജാരിയുമുള്‍പ്പടെ അഞ്ചുപേര്‍ അറസ്റ്റില്‍

0

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തില്‍ ക്ഷേത്രത്തിലെ പൂജാരിയും വരനും ഉള്‍പ്പടെ അഞ്ചുപേര്‍ അറസ്റ്റില്‍. ബൈസണ്‍വാലിയിലെ ശ്രീമാരിയമ്മന്‍ ക്ഷേത്ര മണ്ഡപത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയത്. ശൈശവ വിവാഹ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ദേവികുളം സ്വദേശിനിയായ പതിനേഴുകാരിയും ബൈസണ്‍വാലി സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് നടത്തിയത്. വിവാഹം നടത്തിക്കൊടുത്ത ക്ഷേത്രത്തിലെ പൂജാരി, വരന്‍, വധുവിന്റെയും വരന്റെയും രക്ഷിതാക്കള്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

സെപ്റ്റംബര്‍ ഒമ്പതിനാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം ക്ഷേത്രത്തില്‍ വെച്ച് നടത്തിയത്. സംഭവത്തില്‍ പരാതി ലഭിച്ചതോടെ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ വിവരം രാജാക്കാട്, ദേവികുളം പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറി. എന്നാല്‍ പൊലീസ് സ്ഥലത്ത് എത്തുന്നതിനു മുന്‍പ് വിവാഹം കഴിഞ്ഞിരുന്നു. പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കി.


പ്രണയം നടിച്ച് യുവാവില്‍ നിന്ന് 11 ലക്ഷം തട്ടി; യുവതിയും ഭര്‍ത്താവും അറസ്റ്റില്‍

0

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെപ്പറ്റിച്ച് 11 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം എസ്.എന്‍. പുരം ബാബുവിലാസത്തില്‍ പാര്‍വതി ടി.പിള്ള (31), ഭര്‍ത്താവ് സുനില്‍ലാല്‍ (43) എന്നിവരാണ് പന്തളം പൊലീസിന്റെ പിടിയിലായത്. പന്തളത്ത് വാടകയ്ക്ക് താമസിക്കുന്ന കുളനട സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

2020 ഏപ്രിലിലാണ് തട്ടിപ്പിന്റെ തുടക്കം. ഫെയ്സ്ബുക്കിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത്. അവിവാഹിതയായ താന്‍ പുത്തൂര്‍ പാങ്ങോട് സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണെന്നാണ് തട്ടിപ്പിനിരയായ യുവാവിനെ പാര്‍വതി സ്വയം പരിചയപ്പെടുത്തിയത്. എസ്.എന്‍. പുരത്തുള്ള സുനില്‍ലാലിന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയാണെന്നും അറിയിച്ചു. സൗഹൃദം തുടര്‍ന്നതോടെ പാര്‍വതി വിവാഹവാഗ്ദാനം നല്കി. തനിക്ക് 10 വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ മരിച്ചു. സ്വത്തിന്റെ പേരില്‍ കേസ് നടക്കുകയാണെന്നും വിശ്വസിപ്പിച്ചു.

കേസ് നടത്തിപ്പിനും മറ്റു ചെലവുകള്‍ക്കും ചികിത്സാച്ചെലവിനെന്നും പറഞ്ഞാണ് പണം കൂടുതലും വാങ്ങിയത്. പാര്‍വതിയുടെ യാത്ര ആവശ്യത്തിന് ഇന്നോവ കാര്‍ വാടകയ്‌ക്കെടുത്തതിന് 8,000 രൂപയും യുവാവ് നല്‍കി. മൊത്തം 11,07,975 ലക്ഷം രൂപയാണു തട്ടിയെടുത്തത്. യുവാവിന്റെ പത്തനംതിട്ട ശാഖയിലെ ബാങ്ക് അക്കൗണ്ടിലൂടെയാണു പണം കൈമാറിയത്. ഇതിനിടെ യുവാവിനെയുംകൂട്ടി പാര്‍വതി എറണാകുളത്തുള്ള ബന്ധുവീട്ടിലും പോയിരുന്നു.

വിവാഹത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ യുവതി ഒഴിഞ്ഞുമാറിയതോടെ വീടന്വേഷിച്ച് എത്തിയപ്പോഴാണ് കബളിക്കപ്പെടുകയായിരുന്നുവെന്ന് യുവാവ് മനസ്സിലാക്കിയത്. തുടര്‍ന്ന് പന്തളം പൊലീസില്‍ പരാതി നല്കി. ദമ്പതിമാര്‍ക്ക് ഒരു മകളുണ്ട്. അറസ്റ്റിലായ ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


പ്രധാനമന്ത്രി വാഷിംഗ്‌‌ടണിൽ; മോദിയ്ക്ക് ഊഷ്മള വരവേൽപ്; നാളെ ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും

0

വാഷിംഗ്ടൺ: ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിലെത്തി.മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ മോദിയ്ക്ക് ഊഷ്മള വരവേൽപാണ് കിട്ടിയത്.പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ ഏഴാമത്തെ യുഎസ് സന്ദർശനമാണിത്.

നാളെ മോദി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും.മറ്റന്നാൾ ഐക്യരാഷ്ട സഭാ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. ജോ ബൈഡന്റെ ക്ഷണപ്രകാരമാണ് അമേരിക്കയിലേക്ക് പോകുന്നതെന്ന് യാത്രയ്ക്ക് മുമ്പ് മോദി ട്വീറ്റ് ചെയ്തിരുന്നു.

ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തുന്ന ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡോ സുഗ എന്നിവരുമായി ഉഭയകക്ഷി ബന്ധങ്ങൾ സംബന്ധിച്ചും, പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിലും മോദി ചർച്ച നടത്തും.


കേരള സര്‍ക്കാരിന്റെ നൂറ് ദിന പരിപാടി വിജയം കൈവരിച്ചു; സ്‌ക്കൂള്‍ തുറക്കുന്ന കാര്യത്തില്‍ രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആശങ്ക അകറ്റും: മുഖ്യമന്ത്രി

0

സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന പരിപാടികള്‍ വിജയം കൈവരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി 12,067 വീടുകള്‍ പൂര്‍ത്തിയാക്കിയെന്നും ഭൂരഹിതരായ 13,500 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അഞ്ചുവര്‍ഷ കാലയളവില്‍ ഓരോ വര്‍ഷവും ഒരു ലക്ഷം വീടുകള്‍ വീതം പൂര്‍ത്തിയാക്കി അഞ്ചുലക്ഷം വ്യക്തിഗത വീടുകള്‍ നിര്‍മിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പരിപാടിയുടെ ഭാഗമായി ആവിഷ്‌കരിച്ച ഒമ്പത് പദ്ധതികളും ആരോഗ്യവകുപ്പ് പൂര്‍ണമായി നടപ്പാക്കി.

158 ആരോഗ്യ സ്ഥാപനങ്ങളിലെ 16.69 കോടി രൂപയുടെ പദ്ധതികള്‍ യാഥാര്‍ത്ഥ്യമായത് ആരോഗ്യമേഖലയ്ക്ക് വലിയ നേട്ടമായി. ഒപ്പം 5 മെഡിക്കല്‍ കോളേജുകളില്‍ 14.09 കോടി രൂപയുടെ 15 പദ്ധതികളും യാഥാര്‍ത്ഥ്യമായി. ജൂലൈ മാസത്തില്‍ സബ് സെന്റര്‍ മുതലുള്ള 50 ആരോഗ്യ സ്ഥാപനങ്ങളുടെ 25 കോടി രൂപയുടെ പദ്ധതികളും പൂര്‍ത്തിയാക്കി.

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആശങ്ക അകറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതില്‍ നാളെ വിദ്യാഭ്യാസ ആരോഗ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നവംബര്‍ ഒന്ന് മുതല്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാകും ക്ലാസ്. പ്രൈമറി തലം മുതല്‍ എത്ര സമയം ക്ലാസ് വേണം, ഷിഫ്റ്റുകള്‍ എങ്ങനെ തുടങ്ങിയ കാര്യങ്ങളില്‍ നാളത്തെ ആരോഗ്യവിദ്യാഭ്യാസവകുപ്പ് സംയുക്ത യോഗം തീരുമാനമെടുക്കും.
സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണി പൊലീസിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കും. കാടുപിടിച്ച് കിടക്കുന്ന സ്‌കൂള്‍ ബസ്സുകളുടെ അറ്റകുറ്റപ്പണി പൊലീസ് സഹായത്തോടെ നടത്തും. അടുത്ത 20നുള്ളില്‍ മോട്ടോര്‍ വാഹനവകുപ്പ് സ്‌കൂളിലെത്തി ഫിറ്റ്‌നെസ് പരിശോധന നടത്തും. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉള്ള ആശങ്ക പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം.


നാര്‍കോട്ടിക് ജിഹാദ് എന്ന പ്രയോഗം അപ്രസക്തം; അതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല: നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

0

നാര്‍കോട്ടിക് ജിഹാദ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടുറപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് വിവാദമായ ഹാദിയ വിവാഹം ഉള്‍പ്പെടെയുള്ള കേസുകള്‍ ഉദാഹരിച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വീശദീകരണം. മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവരോ മാഫിയക്കാരോ ഒരു പ്രത്യേക മതത്തിലുള്ളവരല്ല. അതിന് സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ നാര്‍കോട്ടിക് ജിഹാദ് എന്ന പ്രയോഗം അപ്രസക്തമാണെന്ന വിലയിരുത്തലാണ് മുഖ്യമന്ത്രി പങ്കുവെച്ചത്.

സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. വെള്ളം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പാലാ ബിഷപ്പിനെ വാസവന്‍ സന്ദര്‍ശിച്ചത് ഐക്യദാര്‍ഢ്യ പ്രഖ്യാപനമെന്ന വാദങ്ങളെയും മുഖ്യമന്ത്രി തള്ളി.

ലൗ ജിഹാദും, നാര്‍കോടിക് ജിഹാദുമാണ് ചര്‍ച്ച. പ്രണയവും മയക്കുമരുന്നുമൊക്കെ ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ല. അതിന്റെ പേരില്‍ വിവാദങ്ങള്‍ക്ക് തീ കൊടുത്ത് നാടിന്റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തത്പര കക്ഷികളുടെ വ്യാമോഹം അങ്ങിനെ തന്നെ അവസാനിക്കും. ചിലര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ക്ക് വസ്തുതയുടെ പിന്‍ബലമില്ല. കേരളത്തിലെ മതപരിവര്‍ത്തനത്തിനും മയക്കുമരുന്ന് കേസുകളിലും ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ വിലയിരുത്തിയാല്‍ ന്യൂനപക്ഷ മതങ്ങള്‍ക്ക് പ്രത്യേക പങ്കില്ലെന്ന് മനസിലാകും. ഇതിനൊന്നിനും ഏതെങ്കിലും മതമില്ല. മതത്തിന്റെ കള്ളിയില്‍ പെടുത്താന്‍ കഴിയുകയുമില്ല. ക്രിസ്തുമതത്തില്‍ നിന്നും ആളുകളെ ഇസ്ലാം മതത്തിലേക്ക് കൂടുതലായി പരിവര്‍ത്തനം നടത്തുന്നുവെന്നത് അടിസ്ഥാന രഹിതമാണ്.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പരാതികള്‍ ലഭിച്ചിട്ടില്ല. കോട്ടയം സ്വദേശി അഖില, ഹാദിയ എന്ന പേര് സ്വീകരിച്ച് ഇസ്ലാം മതം സ്വീകരിച്ചത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കേരള ഹൈക്കോടതിയും സുപ്രീം കോടതിയും ആരോപണം വാസ്തവവിരുദ്ധമാണെന്നും പ്രായപൂര്‍ത്തിയും മതിയായ വിദ്യാഭ്യാസവുമുള്ള വ്യക്തി സ്വന്തം ഇഷ്ടപ്രകാരം നടത്തിയതാണെന്നും കണ്ടെത്തി.

2019 വരെ ഐഎസില്‍ ചേര്‍ന്നതായി വിവരം ലഭിച്ച മലയാളികളായ 100 പേരില്‍ 72 പേര്‍ തൊഴില്‍ പരമായ ആവശ്യത്തിന് വിദേശത്ത് പോയ ശേഷം അവിടെ നിന്ന് ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായി ആ സംഘടനകളില്‍ എത്തിപ്പെട്ടവരാണ്. കോഴിക്കോട് തുരുത്തിയാട് സ്വദേശി ദാമോദരന്റെ മകന്‍ പ്രജു ഒഴികെ മറ്റെല്ലാവരും മുസ്ലിം സമുദായത്തില്‍ ജനിച്ചവരാണ്. 28 പേര്‍ ഐഎസ് ആശയത്തില്‍ ആകൃഷ്ടരായി കേരളത്തില്‍ നിന്ന് പോയവരാണ്. ഇവരില്‍ അഞ്ച് പേരാണ് മറ്റ് മതങ്ങളില്‍ നിന്ന് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തത്. തിരുവനന്തപുരം സ്വദേശി നിമിഷയെന്ന ഹിന്ദുമതത്തിലെ യുവതി പാലക്കാട് സ്വദേശി നെക്‌സണ്‍ എന്ന ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്തു. ഇവര്‍ വിവാഹത്തിന് ശേഷം ഇസ്ലാമിലേക്ക് പരിവര്‍ത്തനം നടത്തി ഐഎസിലേക്ക് പോവുകയായിരുന്നു.
സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്. 2018 മുതല്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡീറാഡിക്കലൈസേഷന്‍ പരിപാടി നടത്തുന്നുണ്ട്. തെറ്റായ നിലപാടില്‍ നിന്ന് പിന്തിരിപ്പിച്ച് സാധാരണ മനോനിലയിലെത്തിക്കാന്‍ ഇടപെടുന്നുണ്ട്. തീവ്ര നിലപാടുള്ള യുവാക്കളെ ഡീറാഡിക്കലൈസേഷനിലൂടെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവന്നു. വിവിധ ജില്ലകളിലെ മഹല്ല് പുരോഹിതന്മാരെയും ഭാരവാഹികളെയും ഉള്‍പ്പെടുത്തി കൗണ്ടര്‍ റാഡിക്കലൈസേഷന്‍ പരിപാടി നടത്തി. കുടുംബങ്ങളെയും ഇത്തരത്തില്‍ സമീപിച്ചിട്ടുണ്ട്. ചിട്ടയായും ഫലപ്രാപ്തിയോടെയും നല്ല രീതിയില്‍ തുടര്‍ന്ന പരിപാടികള്‍ 2020 മുതല്‍ നിര്‍ത്തിവെക്കേണ്ടി വന്നുകൊവിഡ് ശമിക്കുന്നതോടെ ഇത് പുനരാരംഭിക്കും.

നാര്‍കോടിക് ജിഹാദ് എന്ന പേരില്‍ സംഘടിത ശ്രമം നടക്കുന്നെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. 2020 ല്‍ രജിസ്റ്റര്‍ ചെയ്ത എന്‍ഡിപിഎസ് ആക്ട് പ്രകാരം 4941 കേസുകളാണ്. 5422 പേരാണ് പ്രതികള്‍. അവരില്‍ 2700 പേര്‍ 49.8 ശതമാനം ഹിന്ദുമതത്തില്‍ പെട്ടവരാണ്. 1869 പേര്‍ ഇസ്ലാം മതത്തില്‍ പെട്ടവരാണ്. 857 പേര്‍ ക്രിസ്തുമതത്തില്‍ പെട്ടവരാണ്. അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടം. നിര്‍ബന്ധിച്ച് മയക്കുമരുന്ന് നല്‍കിയതായോ അങ്ങിനെ മതപരിവര്‍ത്തനം നടത്തിയതായോ പരാതികളോ തെളിവുകളില്ല. സ്‌കൂള്‍ കോളേജ് തലത്തില്‍ നാനാജാതി മതക്കാരുണ്ട്. അവരിലാരെങ്കിലും മയക്കുമരുന്ന് കണ്ണിയില്‍ പെട്ടാല്‍ പ്രത്യേക മതത്തിന്റെ ആസൂത്രിത ശ്രമമാണെന്ന് പറയുന്നത് ബാലിശമാണ്.

വിദ്വേഷത്തിന്റെ വിത്തിടുന്നതാണ് അത്തരം പ്രസ്താവനകള്‍. സമൂഹത്തില്‍ ധ്രുവീകരണം ആഗ്രഹിക്കുന്നവരെ നിരാശപ്പെടുത്തുന്ന നിലപാട് എല്ലാ മതവിഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. മതനിരപേക്ഷത ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇനിയും അതുതന്നെ ചെയ്യും. തീവ്രനിലപാടുകാര്‍ക്ക് സ്ഥാനമില്ലാത്ത സമൂഹമാണ് നമ്മുടേത്. തെറ്റായ പ്രവണത നിയമപരമായി നേരിടും. ശരിയായ കാര്യം മനസിലാക്കി ഇടപെടാന്‍ സാമൂഹ്യസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകണം. കലക്കവെള്ളത്തില്‍ നിന്നോ വെള്ളം കലക്കി മീന്‍ പിടിക്കാനോ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണം. സാമുദായിക സ്പര്‍ധയ്ക്ക് കാരണമാകും വിധം വിദ്വേഷം പ്രചരിപ്പിക്കുന്നവരെയും പിന്തുണക്കുന്നവരെയും തുറന്നുകാട്ടാന്‍ എല്ലാവരും തയ്യാറാകണം.

പ്രതിപക്ഷ നേതാവ് പറഞ്ഞ പോലെ സര്‍ക്കാര്‍ നിര്‍ധാക്ഷിണ്യം നിലപാട് സ്വീകരിക്കും. സര്‍ക്കാര്‍ നോക്കിനില്‍ക്കില്ല. ആദ്യം ഓരോരുത്തരും അവരുടേതായ നിലപാട് സ്വീകരിക്കണം. അതിനുള്ള പൊതു അഭ്യര്‍ത്ഥന നടത്തണം. പ്രകോപനപരമായ നിലപാട് സ്വീകരിക്കുന്നവരെ പ്രോത്സാഹിപ്പിക്കരുത്. ഈ അവസരം ഉപയോഗിച്ച് കഴിയാവുന്നത്ര മറ്റ് ചില നില സ്വീകരിച്ച് പ്രത്യേക ലാഭം ഉണ്ടാക്കിക്കളയാമെന്ന് ചിന്തിക്കുന്നവരെ പൊതു സമൂഹം മനസിലാക്കും. അത്തരക്കാരില്‍ വര്‍ഗീയ നിലപാടുള്ളവരുമുണ്ട്. അത്തരമാളുകളെയും ശക്തികളെയും നേതാക്കളെയും തിരിച്ചറിയാന്‍ കഴിയുന്ന സമൂഹമാണ് കേരളത്തിലേത്. ഇതിന്റെ ഭാഗമായി കൂടുതല്‍ പ്രകോപനപരമായ നിലയിലേക്ക് നാടിനെ എത്തിക്കാന്‍ ആരും ശ്രമിക്കരുത്.
പാലാ ബിഷപ്പിനെ മന്ത്രി വാസവന്‍ സന്ദര്‍ശിച്ചതില്‍ വാസവന്‍ തന്നെ അതിന് വിശദീകരണം നല്‍കിയതാണ്. ഏതോ പരിപാടിയില്‍ പങ്കെടുക്കേണ്ടതായിരുന്നു. അതില്‍ താന്‍ ഉണ്ടായിരുന്നില്ലെന്നും ബിഷപ്പ് ആവശ്യപ്പെട്ട പ്രകാരം കാണാന്‍ പോയതാണെന്നും വാസവന്‍ വിശദീകരിച്ചിട്ടുണ്ട്. നാര്‍കോടിക് വിഷയത്തില്‍ ബിഷപ്പിന് പിന്തുണ നല്‍കാനല്ല വാസവന്‍ പോയത്. ആ നിലപാടിനെ പിന്താങ്ങുന്ന സമീപനമല്ല സര്‍ക്കാരിനുള്ളത് എന്ന് മനസിലായിക്കാണും എന്ന് പ്രതീക്ഷിക്കുന്നു.

സര്‍വകക്ഷിയോഗം കൊണ്ട് പ്രത്യേക ഫലമില്ല. ഇതിനെതിരെ അഭിപ്രായം എല്ലാവരും നാട്ടില്‍ പ്രചരിപ്പിക്കുകയാണ് നല്ലത്. നാട്ടില്‍ സര്‍വകക്ഷിയോഗം സര്‍ക്കാര്‍ വിളിക്കേണ്ടതായ സ്വാഭാവികമായ ഘട്ടമുണ്ട്. ഇവിടെ അതല്ല നില. ഇവിടെ സര്‍വകക്ഷി യോഗത്തിലുള്ള ഏതെങ്കിലും കക്ഷിയുടെ ഭാഗത്ത് നിന്നല്ല. തെറ്റായ പരാമര്‍ശം പുറത്താണുള്ളത്. സര്‍വകക്ഷി യോഗത്തിലൂടെ അതിന് പരിഹാരം കാണാനാവില്ല. പാലാ ബിഷപ്പ് പ്രസ്താവന പിന്‍വലിക്കണോയെന്ന് ഏതെങ്കിലും അധികാര കേന്ദ്രത്തില്‍ നിന്ന് ആവശ്യപ്പെടേണ്ട വിഷയമല്ല. ഏതെങ്കിലും ഘട്ടത്തില്‍ ഒരു നിലപാടെടുത്തു, സമൂഹം അതില്‍ യോജിക്കുന്നില്ലെന്ന് കണ്ടാല്‍ നിലപാടെടുക്കേണ്ടത് വ്യക്തികളാണെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.


സംസ്ഥാനത്ത് ഇന്ന് 19,675 പേര്‍ക്ക് കോവിഡ്; 142 മരണം; രണ്ടുമാസത്തിനുള്ളില്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി

0

കേരളത്തില്‍ രോഗം കൂടുതല്‍ നിയന്ത്രണ വിധേയമാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം തന്നെ ഒന്നാം ഡോസ് വാക്‌സീനേഷന്‍ പൂര്‍ത്തിയാക്കുകയും രണ്ടാം ഡോസ് അടുത്ത രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു. മുതിര്‍ന്ന പൗരന്മാരില്‍ കുറേപ്പേര്‍ ഇനിയും വാക്‌സീനേഷന്‍ എടുത്തില്ല. പലരും വിമുഖത കാട്ടുന്നു. ഇത് ഒഴിവാക്കണം. തക്ക സമയത്ത് ആശുപത്രിയിലെത്താത്തതിനാല്‍ മരിച്ചത് 30 ശതമാനം പേരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സെപ്റ്റംബര്‍ 22 വരെ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 90.57 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,41,91,036), 38.07 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,01,68,405) നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (9,62,464). 45 ല്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 56 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സെപ്റ്റംബര്‍ 15 മുതല്‍ 21 വരെ കാലയളവില്‍, ശരാശരി 1,78,363 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐ.സി.യുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 19,506 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 13 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്. ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 10, 6, 7, 10 ശതമാനം കുറഞ്ഞു. ആശുപത്രി വാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജൂണ്‍, ജൂലായ്, ആഗസ്റ്റ് മാസങ്ങളില്‍ കൊവിഡ് ബാധിതരായ വ്യക്തികളില്‍ 6 ശതമാനം പേര്‍ കൊവിഡ് വാക്‌സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാന്‍ വാക്‌സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും എന്നാല്‍, വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ രോഗം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്ത് ഇന്ന് 19,675 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 18,924 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 595 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂര്‍ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256, കൊല്ലം 1225, പാലക്കാട് 1135, പത്തനംതിട്ട 1011, കണ്ണൂര്‍ 967, ഇടുക്കി 927, വയനാട് 738, കാസര്‍കോട് 312 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,594 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുളള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,81,195 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,57,822 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,373 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1701 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,61,026 കൊവിഡ് കേസുകളില്‍, 13.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,039 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,702 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1911, കൊല്ലം 1572, പത്തനംതിട്ട 1043, ആലപ്പുഴ 1270, കോട്ടയം 1236, ഇടുക്കി 815, എറണാകുളം 2000, തൃശൂര്‍ 2386, പാലക്കാട് 1387, മലപ്പുറം 1572, കോഴിക്കോട് 2050, വയനാട് 932, കണ്ണൂര്‍ 1253, കാസര്‍കോട് 275 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,61,026 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,73,966 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.


ക്ലബ്ഹൗസിൽ തീവ്രവാദസ്വഭാവമുള്ള ചര്‍ച്ചകള്‍ സജീവം; പിടിമുറുക്കി കേന്ദ്രവും

0

ക്ലബ്ഹൗസിനുമേല്‍ നിരീക്ഷണം ശക്തമാക്കി കേന്ദ്ര ഏജന്‍സികളും. തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകളുടെ സ്വാധീനം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൊലീസിനു പിന്നാലെ കേന്ദ്ര ഏജന്‍സികളും നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. ഇന്റലിജന്‍സ് ബ്യൂറോ, എന്‍.ഐ.എ., മിലിറ്ററി ഇന്റലിജന്‍സ് എന്നിവയാണ് നിരീക്ഷണം ഇപ്പോള്‍ ശക്തമാക്കിയിരിക്കുന്നത്.

ക്ലബ്ബ് ഹൗസില്‍ ക്ലോസ്ഡ് റൂമുകളുണ്ടാക്കി കഴിഞ്ഞ 10 ദിവസമായി തീവ്രവാദസ്വഭാവമുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി ഒരു ഏജന്‍സിക്ക് വിവരം കിട്ടിയിട്ടുണ്ട്. ഈ ഏജന്‍സിയുടെ നിരന്തരനിരീക്ഷണത്തിലുള്ള ഒരു സംഘടനയുടെ നേതൃത്വത്തിലാണ് സ്ത്രീകളെയും ഉള്‍പ്പെടുത്തി ചര്‍ച്ച നടക്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ തീരദേശത്തുള്ള ചില നേതാക്കളുടെ നേതൃത്വത്തിലാണിത്. ഇത്തരത്തില്‍ ഒരു ചര്‍ച്ച ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്ന വിവരം കഴിഞ്ഞയാഴ്ച മിലിറ്ററി ഇന്റലിജന്‍സും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കേരളത്തില്‍ നടക്കുന്ന ക്ലോസ്ഡ് റൂം ചര്‍ച്ചകളില്‍ പങ്കെടുത്തതായി വിവരം കിട്ടിയവരെ നിരന്തരമായി ഏജന്‍സികള്‍ പിന്തുടരുന്നുമുണ്ട്. ലൈംഗിക അതിപ്രസരമുള്ള ഗ്രൂപ്പുകള്‍ വര്‍ധിക്കുന്നതായി നേരത്തെ ക്ലബ് ഹൗസിനെതിരെ പരാതി ഉയര്‍ന്നിരുന്നു. അര്‍ധരാത്രികളില്‍ സഭ്യതയുടെ എല്ലാ അതിരും ലംഘിക്കുന്ന ‘റെഡ് റൂമുകള്‍’ സജീവമാകുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ക്ലബ് ഹൗസില്‍ നിരീക്ഷണം ശക്തമാക്കുവാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഇത്തരം റൂമുകള്‍ ‘ഹണി ട്രാപ്പ്’ പോലുള്ള കുറ്റകൃത്യങ്ങളിലേക്ക് നീങ്ങിയേക്കാം എന്നാണ് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
മലയാളികള്‍ അടക്കം ഇത്തരം റൂമുകള്‍ നടത്തുന്നുണ്ട്. നേരത്തെ ഹിന്ദി തമിഴ് ഭാഷകളിലുള്ള ‘റെഡ് റൂമുകള്‍’ സജീവമായി തന്നെ ക്ലബ് ഹൗസില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ തുടര്‍ച്ച എന്ന നിലയിലാണ് ഇത്തരം റൂമുകള്‍ മലയാളത്തിലും വന്നത്. ഇത്തരത്തില്‍ റൂമുകള്‍ നടത്തുന്ന മോഡറേറ്റര്‍മാരെ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഇതിനൊപ്പം തന്നെ ഇത്തരം റൂമുകളിലെ സ്ഥിരം കേള്‍വിക്കാരെയും പൊലീസ് ചോദ്യം ചെയ്തേക്കും.

അര്‍ധരാത്രിയോടെയാണ് ഇത്തരം ഗ്രൂപ്പുകള്‍ സജീവമാകുന്നത് എന്നാണ് കണ്ടെത്തല്‍. സ്ത്രീ, പുരുഷഭേദം ഇല്ലാതെ ഇത്തരം റൂമുകള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. അശ്ലീല സംസാരങ്ങളും, ചോദ്യത്തോരങ്ങളുമായി തുറന്ന സംസാരം എന്നാണ് ഇത്തരം റൂമുകളുടെ രീതി. കേള്‍വിക്കാരായി ആയിരത്തിന് മുകളില്‍ ആളുകളെ ഇത്തരം റൂമുകള്‍ ആകര്‍ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 18 ന് മുകളില്‍ എന്ന ലേബലുമായി എത്തുന്ന ഗ്രൂപ്പുകളില്‍ പലപ്പോഴും കൗമരക്കാരാണ് കൂടുതല്‍ എന്നാണ് റിപ്പോര്‍ട്ട്.
ലൈവായ സംസാരം ആര്‍ക്കും കേള്‍ക്കാം, ഏത് ഗ്രൂപ്പിലും കയറാം എന്നതാണ് ക്ലബ് ഹൗസിന്റെ പ്രത്യേകത. അതിനാല്‍ തന്നെ ഇത്തരം റൂമുകള്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ ഏറെയാണ്. ഇത്തരം റൂമുകളില്‍ റെക്കോഡ് ചെയ്യാപ്പെടുന്ന സംഭാഷണങ്ങള്‍ പിന്നീട് മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. പുതുതായി ക്ലബ് ഹൗസില്‍ ചാറ്റിംഗ് സൗകര്യം കൂടി ലഭ്യമായതോടെ ഇത്തരം റൂമുകളില്‍ കയറുന്നവര്‍ ബ്ലാക്ക് മെയില്‍ ചെയ്യപ്പെടാനും, ഹണി ട്രാപ്പില്‍ പെടാനും സാധ്യതയുണ്ട്.


ബോളിവുഡ് ചിത്രം ‘റാണി റാണി റാണി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

0

ബോളിവുഡ് ചിത്രം റാണി റാണി റാണിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. സ്ത്രീ കേന്ദ്രീകൃതമായ ചിത്രത്തില്‍ തനിഷ്ത ചാറ്റര്‍ജിയാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടനും ഗായകനുമായ ആബിദ് അന്‍വറും ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

രാജാറാം രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആസിഫ് ബസ്‌റ, അലക്‌സ് ഒ നെയില്‍, ഡാന്നി സുര, സ്‌മോക്കി സാഹോര്‍ എന്നിവരാണ് മറ്റ് കഥാാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അണിയറ പ്രവര്‍ത്തകരില്‍ അധികവും ഹോളിവുഡില്‍ നിന്നുള്ളവരാണ്. അടുത്ത മാസം നടക്കുന്ന ഡിഎഫ്ഡബ്ല്യു സൗത്ത് ഏഷ്യന്‍ ഫെസ്റ്റിവല്‍, എന്‍വൈസിഎസ് സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.

ആലുവയില്‍ യുവതിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റിൽ

0

കൊവിഡ് വാക്സിനെടുത്ത് വീട്ടിലേക്ക് മടങ്ങിയ യുവതിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമം. ആലുവ തല്യ്ക്ക് ആശുപത്രിയില്‍ നിന്ന് വാക്സിനെടുത്ത് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിക്ക് നേരെയാണ് പീഡന ശ്രമം നടന്നത്. സംഭവത്തില്‍ കൂട്ടമശേരി സ്വദേശി ലുക്കുമാനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ പൊലീസാണ് ഇയാളെ പിടികൂടിയത്.

ആലുവ താലൂക്ക് ആശുപത്രിയില്‍ നിന്ന് വാക്സിനെടുത്ത് വീട്ടിലേക്ക് മടങ്ങിയ യുവതിയെ ബസാറില്‍ വച്ചാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അവിടെ നിന്നും രക്ഷപെട്ട ഇയാള്‍ ദേശത്ത് ഇറങ്ങി എയര്‍പോര്‍ട്ട് ഭാഗത്തേക്ക് ഒരു ടാക്‌സിയില്‍ രക്ഷപ്പെടുകയായിരുന്നു. കാര്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും പിടികൂടിയതും.

ആലുവ മാര്‍ക്കറ്റില്‍ കശാപ്പ് ശാല നടത്തുന്ന വ്യക്തിയാണ് പിടിയിലായ ലുക്കുമാന്‍ എന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ പൊക്കിള്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു.


‘ലൗ ജിഹാദ്’ വാസ്തവത്തിൽ തുടങ്ങിയത് നായന്മാരാണെന്ന നടുക്കുന്ന സത്യം വെളിപ്പെടുത്തി സക്കറിയ

0

‘ബഹുമാനപ്പെട്ട ബിഷപ്പുമാരെ! മുസ്ലിംകളെയും ഈഴവരെയും പോലെ നിങ്ങൾ നായന്മാരെയും സൂക്ഷിക്കണേ, ലൗ ജിഹാദ്’ വാസ്തവത്തിൽ തുടങ്ങിയത് നായന്മാരാണെന്ന് ഫെയ്‌സ്‌ബുക്കിൽ പരിഹാസവുമായി എഴുത്തുകാരൻ സക്കറിയ. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പ്രേമലേഖന’ത്തിന്റെ അടിസ്ഥാനത്തിൽ ലൗ ജിഹാദ് വാസ്തവത്തിൽ തുടങ്ങിയത് നായന്മാരാണെന്ന നടുക്കുന്ന സത്യം ഞാൻ ഇന്നലെ കണ്ടെത്തിയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കേശവൻ നായരും സാറാമ്മയുമായുള്ള പ്രണയവും പ്രേമലേഖനം നൽകലുമെല്ലാം വർണിച്ച കഥ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ട്രോൾ. ബഹുമാനപ്പെട്ട ബിഷപ്പുമാരെ! മുസ്ലിംകളെയും ഈഴവരെയും പോലെ നിങ്ങൾ നായന്മാരെയും സൂക്ഷിക്കണേ. വാസ്തവത്തിൽ കേരളം ഇനിനിങ്ങൾ തന്നെ ഭരിച്ചാൽ പോരെ? ഈ മുസ്ലിംകളും ഈഴവരും നായന്മാരുമെല്ലാം ഒരു ബുദ്ധിമുട്ടല്ലേ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റ് പൂർണരൂപത്തിൽ

സൂക്ഷിക്കുക! ലൗ ജിഹാദിൽ നായന്മാരും ഉണ്ട് ബഹുമാനപ്പെട്ട പാലാ ബിഷപ്പിന്റെ സഭയിലെ ഒരു പുരോഹിതൻ തന്നെ ലൗ ജിഹാദ് സംബന്ധിച്ച് അദ്ദേഹത്തെ തിരുത്തിക്കഴിഞ്ഞു. ഈഴവരാണ് ക്രിസ്ത്യാനി പെൺകുട്ടികളെ ചോർത്തുന്നത് എന്നു അദ്ദേഹം വ്യക്തമാക്കി. (ഗൗരിയമ്മ ടി വി തോമസിനെ ചോർത്തിയത് ഈ ഗൂഢാലോചനയുടെ ഭാഗമായിരുന്നോ എന്ന് അന്വേഷിക്കേണ്ടതാണ്.) ശ്രീ വെള്ളാപ്പള്ളി നടേശന് കൂടുതൽ ഉത്തരവാദിത്തങ്ങളായി എന്ന് ചുരുക്കം.

എന്നാൽ ലൗ ജിഹാദ് വാസ്തവത്തിൽ തുടങ്ങിയത് നായന്മാരാണെന്ന നടുക്കുന്ന സത്യം ഞാൻ ഇന്നലെ കണ്ടെത്തി. ഓർമ്മകൾ പുതുക്കാൻ വേണ്ടി ഇന്നലെ ബഷീറിന്റെ ‘പ്രേമലേഖനം” വായിക്കുകയായിരുന്നു. അപ്പൊളിതാ ആ നഗ്നസത്യം പുസ്തകത്തിന്റെ ഒന്നാം താളിൽനിന്നു എന്നെ തുറിച്ചു നോക്കുന്നു! വൈക്കം മുഹമ്മദ് ബഷീർ എന്ന ‘വിനീത ചരിത്രകാരൻ’ 1943 -ൽ തന്നെ ഈ വാസ്തവം വെളിപ്പെടുത്തിയിരിക്കുകയാണ്‌. (നായന്മാർ അദ്ദേഹത്തോട് പൊറുക്കട്ടെ! അദ്ദേഹം ഒരു മുസ്ലിം നാമധാരിയാണ് എന്നത് ബിഷപ്പും പൊറുക്കട്ടെ.)

“പ്രേമലേഖന” ത്തിന്റെ ഒന്നാം പേജിൽ വായിക്കൂ :
” പ്രിയപ്പെട്ട സാറാമ്മേ, ജീവിതം യൗവ്വനതീഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?
ഞാനാണെങ്കിൽ — എന്റെ ജീവിതത്തിലെ നിമിഷങ്ങൾ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തിൽ കഴിക്കുകയാണ്. സാറാമ്മയോ?
ഗാഢമായി ചിന്തിച്ചു മധുരോദാരമായ ഒരു മറുപടിയാൽ എന്നെ അനുഗ്രഹിക്കണമെന്നഭ്യർഥിച്ചുകൊണ്ട്,
സാറാമ്മയുടെ
കേശവൻ നായർ.’
ചുരുക്കി പറഞ്ഞാൽ നായന്മാർ ക്രിസ്ത്യാനികൾക്കെതീരെ ലൗ ജിഹാദ് തുടങ്ങിയിട്ട് ഇന്നേക്ക് 78 കൊല്ലമായി. മന്നത്തു പദ്മനാഭൻ എന്ന നല്ല മനുഷ്യൻ കേശവൻ നായരുടെ പ്രണയലേഖനം വായിച്ചു ഒന്ന് പുഞ്ചിരിച്ചി ട്ട് ആത്മഗതം ചെയ്തിരിക്കാം : അങ്ങനെ വേണം നായന്മാർ! മടി പിടിച്ചു ഇരുന്നാൽ പോരാ!
ഒറ്റ പ്രേമലേഖനത്തിന്മേൽ കേശവൻ നായർ സാറാമ്മയെ തട്ടിയെടുത്തു എന്ന് പറഞ്ഞാൽ മതിയല്ലോ. കഷ്ടം!
എന്നിട്ടു ആ തല തെറിച്ച ക്രിസ്ത്യാനി പെണ്ണ് കേശവൻ നായർക്ക് കുറെ രൂപയും കൊടുത്ത് ആ നായരുടെ കാലുകളിൽ ഉമ്മ വച്ചിട്ട് പറയുകയാണ്! “ഞാനാകുന്നു പ്രേമലേഖനം! യുവതിയാകുന്നു, യുവാവാകുന്നു — പ്രേമലേഖനം.” (രൂപയുടെ കാര്യം നിങ്ങൾ ശ്രദ്ധിച്ചുവല്ലോ. പെണ്ണിനെ മാത്രമല്ല അവളുടെ അപ്പൻ അധ്വാ നിച്ചുണ്ടാക്കിയ പൈസയും നായർ കൊണ്ടുപോയി ! ഭയങ്കരം!)
കഴിഞ്ഞില്ല.
ആ നായർ-പ്രേമലേഖനം അവൾ എവിടെയായിരുന്നു സൂക്ഷിച്ചു വച്ചിരുന്നത് എന്ന് കൂടി കേട്ടാൽ ബിഷപ്പുമാർ ചെവി പൊത്തിക്കൊണ്ടു ഓടും.
“അവൾ ബോഡീസിന്റെ അകത്തു നിന്ന് അനേക കാലത്തെ വിയർപ്പിൽ കുളിച്ച പുരാതനമായ കടലാസ് എടുത്തു …”
ഇതിൽ കൂടുതൽ പറയാൻ എനിക്ക് ശക്തിയില്ല.
ബഹുമാനപ്പെട്ട ബിഷപ്പുമാരെ! മുസ്ലിങ്ങളെയും ഈഴവരെയും പോലെ നിങ്ങൾ നായന്മാരെയും സൂക്ഷിക്കണേ.
വാസ്തവത്തിൽ കേരളം ഇനി നിങ്ങൾ തന്നെ ഭരിച്ചാൽ പോരെ? ഈ മുസ്ലിങ്ങളും ഈഴവരും നായന്മാരുമെല്ലാം ഒരു ബുദ്ധിമുട്ടല്ലേ.