Sun. Feb 25th, 2024

ഭക്ഷ്യവിഭവ കിറ്റുകള്‍ തയാറാകുന്നു; വിതരണം ഈയാഴ്ച ആരംഭിക്കും; സൗജന്യ റേഷൻ: ആദ്യദിനം കൈപ്പറ്റിയത് 14,​84,​109 കാർഡ് ഉടമകൾ

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ കുടുംബങ്ങൾക്കും സംസ്ഥാന സർക്കാ‌ർ പ്രഖ്യാപിച്ച സൗജന്യ അരിവിതരണം ഇന്നലെ ആരംഭിച്ചു. ആദ്യ ദിനത്തിൽ 14,​84,​109 റേഷൻ കാർഡുടമകൾക്കായി 21,472 മെട്രിക് ടൺ അരി നൽകി.എ. എ. വൈ, മുൻഗണന വിഭാഗക്കാർക്ക് നിലവിൽ ലഭിക്കുന്ന അരിയാണ് സൗജന്യമായി ലഭിച്ചത്. അതിൽ നീല കാർഡുകാർ കൈകാര്യ ചെലവായി കിലോഗ്രാമിന് രണ്ടു രൂപ നൽകിയിരുന്നത് ഒഴിവാക്കി. സാധാരണ കിട്ടുന്ന വിഹിതത്തിനൊപ്പം സൗജന്യമായി 15 കിലോ അരി കൂടി കിട്ടുമെന്ന ധാരണയിൽ പലരും വ്യാപാരികളുമായി തർക്കിച്ചു.

കാര്യം വ്യക്തമായി ഗുണഭോക്താക്കളെ അറിയിക്കുന്നതിൽ അധികൃതർക്ക് സംഭവിച്ച പാളിച്ചയാണ് കുഴപ്പങ്ങൾക്ക് കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. ചില പ്രദേശങ്ങളിൽ കാർഡുടമകൾ കൂട്ടമായെത്തിയതും. ചില റേഷൻ കടകളിൽ ആവശ്യത്തിന് സ്റ്റോക്കില്ലാതിരുന്നതും പ്രശ്നങ്ങളുണ്ടാക്കി. കൂട്ടമായെത്തിയവരെ നിയന്ത്രിക്കാൻ പലയിടത്തും ആളില്ലായിരുന്നു. ചില പ്രദേശങ്ങളിൽ ഉപഭോക്താക്കൾ സമൂഹിക അകലം പാലിച്ചു നിന്നു. വൈകിട്ടായപ്പോൾ ചില റേഷൻ കടകളിൽ സ്റ്റോക്ക് തീർന്നു. രാത്രിയോടെ, സ്റ്റോക്കെത്തിക്കാൻ ശ്രമം തുടങ്ങി. സൗജന്യ റേഷൻ വിതരണത്തിന്റെ പുരോഗതി നേരിട്ടു വിലയിരുത്താൻ തിരുവനന്തപുരം ഹൗസിംഗ് ബോർഡിനു സമീപമുള്ള റേഷൻ കടയിൽ ഭക്ഷ്യമന്ത്രി നേരിട്ട് എത്തിയിരുന്നു.

മുൻഗണന വിഭാഗക്കാർക്ക് രാവിലെ മുതൽ ഉച്ചവരേയും മറ്റുള്ളഴർക്ക് ഉച്ചയ്ക്കു ശേഷവുമാണ് സൗജന്യ അരി വിതരണം. അടുത്ത ആഴ്ചയോടെ, റേഷൻ കാർഡില്ലാത്തവർക്ക് സൗജന്യ അരി നൽകും. അർഹതപ്പെട്ട എല്ലാവർക്കും റേഷൻ ലഭിക്കുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പി.തിലോത്തമൻ അറിയിച്ചു.

അതോടൊപ്പം ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യവിഭവ കിറ്റുകള്‍ തയാറായികഴിഞ്ഞു. ഈയാഴ്ചയില്‍ തന്നെ വിതരണം ആരംഭിക്കുമെന്ന് സപ്ലൈകോ സി എം ഡി. പി എം അലി അസ്ഗര്‍ പാഷ അറിയിച്ചു. സംസ്ഥാനത്തെ 56 ഡിപ്പോകളിലും, ഗാന്ധിനഗറിലെ ഹെഡ് ഓഫീസിലും, തിരഞ്ഞെടുത്ത സൂപ്പര്‍ മാര്‍ക്കറ്റുകളിലുമാണ് വിതരണത്തിനുള്ള കിറ്റുകള്‍ തയാറാക്കുന്നത്.

17 വിഭവങ്ങളാണ് കിറ്റിലുള്ളത്. പഞ്ചസാര (ഒരു കിലോ), ചായപ്പൊടി (250 ഗ്രാം), ഉപ്പ് (ഒരു കിലോ ), ചെറുപയര്‍ (ഒരു കിലോ), കടല (ഒരു കിലോ), വെള്ളിച്ചെണ്ണ (അര ലിറ്റര്‍), ആട്ട (രണ്ടു കിലോ), റവ (ഒരു കിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), പരിപ്പ് (250 ഗ്രാം), മഞ്ഞള്‍പ്പൊടി (100 ഗ്രാം), ഉലുവ (100 ഗ്രാം), കടുക് (100 ഗ്രാം), സോപ്പ് (രണ്ടെണ്ണം), സണ്‍ ഫ്‌ലവര്‍ ഓയില്‍ (ഒരു ലിറ്റര്‍), ഉഴുന്ന് (ഒരു കിലോ) എന്നിവയാണ് വിഭവങ്ങള്‍.

1,000 രൂപ വില വരുന്ന വിഭവങ്ങളാണ് സൗകര്യപ്രദമായ സഞ്ചിയിലാക്കി നല്‍കുന്നത്. കിറ്റുകള്‍ക്കായി സര്‍ക്കാര്‍ 350 കോടി രൂപ സി എം ഡി ആര്‍ എഫില്‍ നിന്ന് ആദ്യ ഗഡുവായി അനുവദിച്ചിട്ടുണ്ട്. ആദായ നികുതി അടയ്ക്കുന്നവര്‍ക്ക് മാത്രമാണ് കിറ്റുകള്‍ക്ക് അര്‍ഹതയില്ലാത്തത്. കിറ്റുകള്‍ ആവശ്യമില്ലെങ്കില്‍ തിരിച്ചുനല്‍കുകയും ചെയ്യാം.