Wed. Apr 24th, 2024

✍️ പ്രിയ ജോബ്

ആടു ജീവിതം എന്ന നോവല്‍ ഏറ്റവും കൃത്യമായ മതബോധത്തോടെ എഴുത്തുകാരന്‍ ചെയ്ത അനീതിയാണ്. അടിസ്ഥാന ജനതയോടുള്ള പുച്ഛം ഒരു എഴുത്തുകാരനിൽ വന്നാൽ അവർ എന്ത് നുണകളും എഴുതി വെക്കും! ആ നുണകൾ വിഴുങ്ങാൻ പലർക്കും ബുദ്ധിമുട്ട് ഉണ്ടാവുകയുമില്ല. അവിടെ സത്യങ്ങൾ കാണാതെ പോകും. അവരുടെ സ്നേഹവും കരുതലുകളും കാണാതെ പോകും. അല്ല, കാഴ്ചകളിൽ നിന്ന് മാറ്റി നിർത്തപ്പെടും.

ഒറ്റപ്പെട്ട സംഭവങ്ങളെ വലിയ സംഭവങ്ങളാക്കി അവതരിപ്പിച്ചുകൊണ്ട് വലിയ സമ്പത്ത് നേടാൻ പലരും ശ്രമിക്കും! ബെന്യാമിൻ എന്ന നുണയൻ എഴുത്തുകാരൻ സൗദി അറേബ്യയെക്കുറിച്ച് എഴുതിവെച്ച നുണകൾ വിശ്വസിച്ചതിനും ആ രാജ്യത്തെക്കുറിച്ച് മോശം ധാരണകൾ പരത്തിയതിനും മാപ്പ് പറയണം. കേരളത്തിന്റെ വികസനത്തിന് ഏറ്റവും അധികം സഹായിച്ചൊരു രാജ്യമാണ് സൌദി. തീർത്തും ദരിദ്രരും നിന്ദിതരും പീഢിതരുമായിരുന്നൊരു ജനത തല ഉയർത്തിപ്പിടിച്ച് ജീവിക്കാൻ സൌദിയുടെ സമ്പത്ത് കാരണമായിട്ടുണ്ട്.

ഒരു നുണയൻ സാഹിത്യകാരനെ വിശ്വസിച്ച് ആ രാജ്യത്തെ നിന്ദിക്കുന്ന ഒരു എഴുത്ത് ഇവിടെ സർക്കാർ തന്നെ പ്രമോട്ട് ചെയ്തു. കുട്ടികളെ അത് സത്യമെന്ന പേരിൽ പഠിപ്പിച്ചു..
എത്രയും വേഗം ആ പുസ്തകം തിരിച്ച് വിളിയ്ക്കണം. താൻ എഴുതിയത് മുഴുവൻ നുണകളെന്ന് അതിന്റെ സൃഷ്ടാവ് തന്നെ പറയുമ്പോൾ എത്രയും വേഗത്തിൽ സർക്കാർ അത് ചെയ്യണം. അത് ഒരു രാജ്യത്തോട് ചെയ്യുന്ന നന്ദിയാണ്.. ആ ജനതയോടുള്ള ഐക്യപ്പെടലാണ്.

ഇതിന്റെ പേരിൽ കഴിഞ്ഞ ദിവസം സംഘപരിവാർ എത്രമേൽ മോശമായാണ് ഒരു ജനതയെ അപഹസിച്ചത്. സൗദിയിലെ അടിസ്ഥാന മനുഷ്യരോട് എല്ലാ അർത്ഥത്തിലും സ്നേഹാദരവുകളോടെ ഈ നോവൽ പാഠപുസ്തകത്തിൽ നിന്നും പിൻ വലിക്കുക..!

കഥ എഴുത്ത് അത്ര ഈസിയല്ല. നിങ്ങൾ പരദൂഷണം പറയുന്നതുപോലെ കഥ എഴുതിവെച്ചാൽ പ്രശ്നം ഉണ്ടാകും. എഴുത്തുകാരൻ സൃഷ്ടിക്കുന്ന കഥാപാത്രം അയാളുടെ കൈയ്യിൽ നിന്ന് വഴുതിപ്പോയാൽ വലിയ പ്രശ്നമാകും. സർഗ്ഗാത്മകനായൊരു എഴുത്തുകാരൻ സമൂഹത്തിൽ നിന്നും കഥാപാത്രങ്ങളെ സ്വീകരിക്കും എന്നാൽ അതൊക്കെ പിന്നീട് ജീവിതങ്ങളെ വേട്ടയാടാൻ കഴിയുന്ന രീതിയിൽ ആവില്ല ഉപയോഗിക്കുക.

ഇപ്പോൾ ഉള്ള ഈ ചോദ്യം ചെയ്യലുകൾ മുഴുവൻ ബെന്യാമിന്റെ ആ ചെയ്തികൊണ്ട് ഉണ്ടായി വന്നതാണ്. ഇപ്പോഴും എഴുത്തുകാരന് സംഭവിച്ച പിഴവ് മനസ്സിലാക്കാതെ അയാളെ സപ്പോർട്ട് ചെയ്യുന്നവർക്ക് എന്താണ് സാഹിത്യമെന്നോ. എന്താണ് ജീവിതമെന്നോ യാതൊരു പിടിയുമില്ല. അതുകൊണ്ട് യാതൊരു ലോജിക്കും ഇല്ലാതെ അവർ ഓരോ കാര്യങ്ങൾ പുലമ്പി നടക്കുന്നു!

നജീബ് എഴുത്തുകാരനെ അന്വേഷിച്ച് ചെന്നതല്ല. എഴുത്തുകാരൻ ആ മനുഷ്യന്റ് പിന്നാലെ ചെന്നതാണ്! ഭാവന ഇതിനെക്കാൾ ഗംഭീരമായി എഴുതിയ ഒരുപാട് എഴുത്തുകൾ ഉണ്ട്. അതൊക്കെ വായിക്കാത്തവർ ഇതിൽ അഭിരമിക്കുക!

പാവപ്പെട്ടവന്റെ മേൽ എന്തും ആവാം. നിങ്ങൾക്ക് അവരുടെ ജീവിത കഥ എഴുതുമ്പോൾ അതിൽ മാന്യത പുലർത്തേണ്ടതില്ല. അവരെ ശിശുപീഢകരോ ബലാത്സംഗികളോ മൃഗഭോഗികളോ ആക്കാൻ കഴിയും. ആരും ചോദിക്കാൻ ഉണ്ടാവില്ല. കള്ളന്മാരും കൊലപാതകികളും ആക്കാൻ കഴിയും. പൊതുബോധം ആ രീതിയിൽ രൂപപ്പെടുത്തിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അയാൾ അത് ചെയ്തിട്ടുണ്ടാവും എന്ന് തോന്നിപ്പിക്കാൻ ഇവിടുത്തെ സിനിമാക്കാർക്കും എഴുത്തുകാർക്കും കഴിഞ്ഞിട്ടുണ്ട്.
എന്നാൽ അത്തരം പൊതുബോധങ്ങളെ വർഗ്ഗബോധത്തിൽ ചിന്തിക്കുന്നവർക്ക് സമ്മതിച്ച് തരാൻ കഴിയില്ല.

ജോലി ചെയ്തു ജീവിച്ചൊരാൾ… ഭാര്യയെ അത്രമേൽ സ്നേഹിക്കുന്നൊരാൾ… അയാൾ മൃഗരതി നടത്തിയെന്നൊക്കെ എഴുതിവെച്ചാൽ അത് സംഭവിക്കില്ലെന്ന് പറയാനുള്ള അവകാശം വായനക്കാർക്കുണ്ട്. അതല്ലെങ്കിൽ അതിനുള്ള വ്യക്തിത്വം ആ കഥാപാത്രത്തിൽ രൂപപ്പെടുത്തിയിരിക്കണം. ഏതൊരു കഥാപാത്രത്തെക്കുറിച്ചും എന്തും സങ്കല്പിച്ച് എഴുതാൻ കഴിയും. എന്നാൽ ആ കഥാപാത്രത്തിന്റെ പൊതു സ്വഭാവത്തിൽ അത് ചേരുന്നുണ്ടോ എന്നാണ് വായനക്കാർ ചിന്തിക്കുക. അത് ചേരുന്നില്ലെങ്കിൽ അവരത് ചോദ്യം ചെയ്യും.

ഇത് എന്റെ നോവലാണ് ഞാൻ എന്തും എഴുതിവെക്കുമെന്നൊക്കെ പറഞ്ഞാൽ എന്തു പറയാനാണ്? എഴുത്ത് അവസാനിക്കുന്നതോടെ എഴുത്തുകാരന്റെ റോൾ തീർന്നു കഴിഞ്ഞു. പിന്നീട് വായനക്കാരാണ് തീരുമാനിക്കുന്നത്. എഴുത്തുകാരന്റെ ചിന്തയും അയാളുടെ ഭാവനയുമൊക്കെ ഏതൊക്കെ രീതിയിൽ അനലൈസ് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള പരമാധികാരം വായനക്കാർക്കുണ്ട്. ആ പരമാധികാരം അംഗീകരിച്ചുകൊടുത്ത് മിണ്ടാതിരിക്കാനുള്ള മാന്യത നോവലിസ്റ്റ് കണികാണാമയിരുന്നു.

തന്റെ കഥാപാത്രമായി വന്നവനെ ഉപയോഗിക്കുകയും പിന്നാലെ വലിച്ചെറിഞ്ഞുകൊടുക്കുകയും ചെയ്യുന്നത് മിതമായ ഭാഷയിൽ ക്രൂരതയാണ്! എനിക്ക് ആട് ജീവിതത്തിലെ നജീബിനോട് ബെന്യാമിൻ ചെയ്ത കാര്യത്തോട് ഒരിക്കലും യോജിക്കാൻ കഴിയില്ല. പച്ചയായി ജീവിച്ചിരിക്കുന്നൊരു മനുഷ്യൻ അയാൾ എഴുതരുതെന്ന് പറഞ്ഞിട്ടും തീർത്തും സംഭവിക്കാത്ത കാര്യങ്ങൾ എഴുതിവെച്ചത് എഴുത്തിനോട് ചെയ്തൊരു ചതിയാണ്. തികഞ്ഞ വഞ്ചനയാണ്.

സത്യത്തെക്കാൾ വലിയ സാഹിത്യമൊന്നും ഇന്നോളം ഈ ലോകത്ത് ഉണ്ടായിട്ടില്ല. സത്യത്തിന്റെ അന്വേഷ്ണമാണ് സാഹിത്യം എന്നും പറയാം. നുണകൾ സത്യത്തെക്കുടി തൂക്കുമരത്തിൽ കയറ്റി നിർത്തും. നിങ്ങൾ പറയുന്നത് എങ്ങനെ വിശ്വസിക്കുമെന്ന് വായനക്കാർ ചോദിക്കും. വിശ്വാസ്യത നഷ്ടപെടുകയെന്നത് ജീവിതം നഷ്ടപ്പെടുന്നതുപോലെയാണ്. ഇതൊന്നും എല്ലാവർക്കും മനസ്സിലാവില്ല. സ്വന്തം ജീവിതത്തിൽ അന്തസ്സും അഭിമാനവും നഷ്ടമാകുമ്പോൾ മാത്രമേ ചിലർക്കത് മനസ്സിലാവൂ. അന്യന്റെ അഭിമാനവും അന്തസ്സും ബെന്യാമിനെപ്പോലെയുള്ള എഴുത്തുകാർക്ക് വെറും കെട്ടുകഥകൾ മാത്രമാണ്!

നജീബ് ഒരു അർബാവിൽ നിന്ന് രക്ഷപ്പെട്ടിട്ട് ഒരു സാഹിത്യ അർബാവിന്റെ കൈയ്യിൽ ആണ് ചെന്നു പെട്ടത്. അക്ഷരങ്ങളുടെ കെണിയിൽ പൂട്ടിയാൽ പിന്നെ ഒരാൾക്ക് രക്ഷപ്പെടൽ അസാധ്യമാണ്. നജീബിന്റെ കാര്യത്തിൽ സംഭവിക്കാത്ത കാര്യങ്ങൾ അയാളുടെ ചെലവിൽ തന്റെ ഭാവനയെന്ന രീതിയിൽ ബെന്യാമിൻ അവതരിപ്പിച്ചതൊക്കെ വലിയ കെണികളാണ്. മൃഗഭോഗമെന്ന ഭാവന ഒരു കെണിയാണ്. ഹക്കീമിന്റെ മരണം ഒരു കെണിയാണ്. ഒരുമിച്ച് രക്ഷപ്പെട്ടവനിൽ ഒരാൾ മരിച്ചുപോയെന്ന് എഴുതിവെക്കുന്നത് ചരിത്രമാവുകയാണ്. ഇത്രയും നിസംഗതയോടെ എങ്ങനെയാണ് ഒരു എഴുത്തുകാരന് ഒരു മനുഷ്യന്റെ ജീവിതമിട്ട് കളിയ്ക്കാൻ സാധിച്ചത്?

നിങ്ങൾ അറിയാത്ത ജീവിതം നിങ്ങൾക്ക് കെട്ടുകഥകൾ ആയിരിക്കും എന്ന് പറഞ്ഞാണ് ബെന്യാമിൻ നോവൽ വായനക്കാരിൽ എത്തിക്കുന്നത്. വായനക്കാരൻ അതോടെ ഇതൊരു കെട്ടുകഥ അല്ലെന്ന ചിന്തയോടെ നോവൽ വായിക്കും. അതിൽ മുഴുകും. അയാളുടെ ചിന്താശേഷിയുടെ പിടലിയ്ക്ക് കത്തിവെച്ചിട്ടാണ് നോവൽ വായിപ്പിക്കുന്നത്. പിന്നെ ചിന്തയില്ല. വെറും വൈകാരികത മാത്രം.

മനുഷ്യർ ചിന്തിക്കുമ്പോൾ മാത്രമേ കരച്ചിലും ചിരിയുമൊക്കെ അർത്ഥപൂർണ്ണമാകൂ. അല്ലെങ്കിൽ കരച്ചിൽ വെറും മോങ്ങലും ചിരി വെറും കാപട്യവുമൊക്കെയായി മാറും. അതൊന്നും ആലോചിക്കാതെയും ചിന്തിക്കാതെയും കരയാനും വ്രണപ്പെടാനുമുള്ളൊരു കണ്ണീർ ഗ്രന്ഥികളുമായി പോയി പെട്ടാൽ കണ്ണുനീർ വീഴുക തന്നെ ചെയ്യും. അതാണ് നോവലിസ്റ്റിന്റെയും സിനിമാക്കാരുടെയും ഉദ്ദേശ്യം. നിങ്ങൾ അറിയാത്ത ജീവിതം പറഞ്ഞുകൊണ്ട് ഏത് വിഡ്ഢികളെയും കരയിക്കാൻ കഴിയുമെന്ന് അവർക്കറിയാം!

ഇപ്പോൾ കാര്യങ്ങൾ വളരെ ക്ലിയർ ആയിരിക്കുന്നു. ആടു ജീവിതം എന്ന നോവൽ യാഥാർത്ഥ്യം എന്ന് വിചാരിച്ച് നൊമ്പരപ്പെട്ടവർക്ക് അതിന്റെ ആവശ്യമില്ലെന്ന് നോവലിസ്റ്റ് തന്നെ വെളിപ്പെടുത്തി കഴിഞ്ഞു. ഗൾഫുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞത് എഴുപത് ശതമാനം തന്റെ ഭാവനകൾ ആയിരുന്നുവെന്നും പറഞ്ഞു. ഇനി അതൊരു ഫാന്റസി എന്ന നിലയിൽ ആസ്വദിക്കാം. അതുപോലെ നജീബിന്റെ അതിജീവനം അത്ര വലിയൊരു കാര്യമൊന്നും ആയിരുന്നില്ലെന്നും ചിന്തിക്കേണ്ടി വരും. കാരണം നജീബിനൊപ്പം ഹക്കീമും രക്ഷപ്പെട്ടിരുന്നു. നോവലിസ്റ്റ് അയാളെ കൊല്ലുകയായിരുന്നു. നജീബിന്റെ മാത്രം രക്ഷപെടീൽ കാണിച്ചത് നജീബിന്റെ രക്ഷപ്പെടീൽ കൂടുതൽ തീവ്രമാക്കാൻ ആയിരുന്നു. അതുപോലെ മൃഗരതിയെ ഷുക്കൂർ തന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു. സിനിമയുടെ സംവിധായകൻ കുറച്ചുകൂടെ ലോജിക്കോടെ ആ സംഭവങ്ങൾ വിശദീകരിച്ചും കഴിഞ്ഞു.

യഥാർത്ഥ ജീവിതമെന്ന് പറഞ്ഞ് കഥ എഴുതി നാട്ടുകാരെ പറ്റിച്ചാൽ ഇതുപോലെ ചോദ്യങ്ങൾ ഉണ്ടാകും. അപ്പോൾ മറുപടി പറയേണ്ടി വരും. എല്ലാ എഴുത്തുകാർക്കും ഇതൊരു പാഠമായിരിക്കണം. ഇനി മുതൽ സംഘപരിവാർ ഈ സിനിമയും ഈ നോവലും വെച്ചുള്ള കളികൾ അവസാനിപ്പിക്കുമെന്ന് കരുതുന്നു. താൻ എഴുതിയത് ഭാവനയും നുണയും എന്ന് എഴുത്തുകാരൻ തന്നെ പറഞ്ഞു കഴിഞ്ഞു.