Sat. Apr 20th, 2024

കൊച്ചി: റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോള്‍ ആടുജീവിതത്തിന്റെ വ്യാജ പതിപ്പ്. സംഭവത്തില്‍ എറണാകുളം സൈബര്‍ സെല്ലില്‍ പരാതി നല്‍കി സംവിധായകന്‍ ബ്ലെസി. സമൂഹമാധ്യമങ്ങള്‍ വഴി സിനിമ പ്രചരിപ്പിച്ചവരുടെ സ്‌ക്രീന്‍ ഷോട്ടുകളും കൈമാറി. കാനഡയിലാണ് വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ഐപിടിവി എന്ന പേരില്‍ ലഭിക്കുന്ന ചാനലുകളിലൂടെയാണ് പതിപ്പ് പ്രചരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കാനഡ, അമേരിക്ക തുടങ്ങിയ ഇടങ്ങളില്‍ റിലീസ് ആയാല്‍ ഉടന്‍ സിനിമകളുടെ വ്യാജപതിപ്പുകള്‍ ഇത്തരം ഐപിടിവികളില്‍ പ്രത്യക്ഷപ്പെടാറുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്. പാരി മാച്ച് എന്ന ലോഗോയും വ്യാജ പതിപ്പില്‍ ഉണ്ട്.

ഇത് സ്‌പോര്‍ട്‌സ് റിലേറ്റഡ് വാതുവയ്പ്പ് നടത്തുന്ന കമ്പനിയാണെന്നാണ് വിവരം.ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി മികച്ചൊരു ദൃശ്യാവിഷ്‌കാരം കേരളക്കരയ്ക്ക് സമ്മാനിച്ചത് ബ്ലെസിയാണ്. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച വിജയ ചിത്രമായിരിക്കുകയാണ് ആടുജീവിതം. ആഗോളതലത്തില്‍ ആടുജീവിതം റിലീസിന് 16 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. ഇതു ഒരു റെക്കോര്‍ഡുമാണ്. 2024ല്‍ പ്രദര്‍ശനത്തിനെത്തിയ തെന്നിന്ത്യന്‍ ചിത്രങ്ങളുടെ കളക്ഷനില്‍ രണ്ട് എണ്ണം മാത്രമാണ് റിലീസിന് ആടുജീവിതത്തേക്കാള്‍ മുന്നില്‍ ഉള്ളത്.