Sat. Apr 20th, 2024

കൊച്ചി: ആലുവയില്‍ യുവാക്കളെ തട്ടിക്കൊണ്ടു പോകാനായി ഉപയോഗിച്ച കാര്‍ പത്തനംതിട്ട എ ആര്‍ ക്യാമ്പിലെ എ എസ് ഐ സുരേഷ്ബാബു വാടകയ്ക്കടുത്തത്. കാര്‍ തിരുവനന്തപുരം കണിയാപുരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഓട്ടോറിക്ഷയില്‍ കടന്നു കളഞ്ഞെന്ന് നാട്ടുകാര്‍. ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് യുവാക്കളെ തട്ടിക്കൊണ്ടുപോയത്. ഇന്ന് രാവിലെ ഏഴു മണിയോടെ ആളുകള്‍ നോക്കി നില്‍ക്കേ നാലംഗ സംഘം യുവാക്കള മര്‍ദ്ദിച്ചവശരാക്കി തട്ടിക്കൊണ്ടു പോയെന്നായിരുന്നു നാട്ടുകാരുടെ പരാതി.

ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും കാര്‍ അതിവേഗത്തില്‍ കടന്നു കളഞ്ഞു. പിന്നാലെ പോലീസെത്തി സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ചുവന്ന ഇന്നോവയാണ് കൃത്യത്തിനായി ഉപയോഗിച്ചതെന്ന് കണ്ടെത്തി.

മണിക്കൂറുകള്‍ക്കുശേഷമാണ് തിരുവനന്തപുരം കണിയാപുരത്ത് ആളൊഴിഞ്ഞ കായല്‍ തീരത്തോട് ചേര്‍ന്ന് കാര്‍ ഉപേക്ഷിച്ച നിലയില്‍ കാര്‍ കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന സംഘം ഇവിടെ നിന്നാണ് ഓട്ടോയില്‍ കടന്നു കളഞ്ഞുവെന്നു ദ്യക്സാക്ഷികള്‍ പറഞ്ഞു. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.

വാഹനത്തിന്റെ നമ്പര്‍ വ്യാജമല്ലെന്ന് സ്ഥിരീകരിച്ചു. പത്തനംതിട്ട എ ആര്‍ ക്യാമ്പിലെ എ എസ് ഐ സുരേഷ്ബാബുവാണ് കാര്‍ വാടകയ്‌ക്കെടുത്തത് എന്ന് വ്യക്തമായതോടെ ഇയാളെ കഠിനംകുളം സ്റ്റേഷനിലെത്തിച്ച് റൂറല്‍ എസ് പി യുടെ നേത്യത്വത്തില്‍ ചോദ്യം ചെയ്യും.