Sun. Apr 14th, 2024

തൃശൂര്‍: വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ ആലത്തൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ രാധാകൃഷ്ണന് പരസ്യമായി വോട്ടഭ്യര്‍ഥിച്ച് കഥകളിയാചാര്യന്‍ കലാമണ്ഡലം ഗോപി. സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം വോട്ടഭ്യര്‍ഥന നടത്തിയത്.

‘ആലത്തൂരിലെ ജനങ്ങള്‍ക്കറിയാം കെ രാധാകൃഷ്ണന്റെ ജനസേവനത്തെ കുറിച്ച്. എല്ലാവരും ഒന്നിച്ച് അദ്ദേഹത്തിന് ഉന്നത വിജയം സമ്മാനിക്കണം. രാഷ്ട്രീയത്തില്‍ ഉന്നതിയിലുള്ള അദ്ദേഹം, കലാമണ്ഡലവുമായി ബന്ധപ്പെട്ട് എല്ലാ പ്രവര്‍ത്തനങ്ങളിലും ഒപ്പം നിന്ന വ്യക്തിയാണ്. ചേലക്കരയില്‍ നിന്ന് വിജയിക്കുമ്പോഴൊക്കെയും കലാമണ്ഡലത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് താന്‍ കലാമണ്ഡലത്തില്‍ അധ്യാപകനാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും സ്വഭാവവും ജനങ്ങളോടുള്ള ഉത്തരവാദിത്വവും ബോധ്യമുള്ളതുകൊണ്ടാണ് വ്യക്തിപരമായി അദ്ദേഹത്തിനായി വോട്ടഭ്യര്‍ഥിക്കുന്നത്.’- തന്റെ എക്കാലത്തെയും സുഹൃത്താണ് രാധാകൃഷ്ണനെന്ന് വിശേഷിപ്പിച്ചു കൊണ്ടുള്ള വീഡിയോ സന്ദേശത്തില്‍ കലാമണ്ഡലം ഗോപി പറയുന്നു.

തൃശൂരിലെ ബി ജെ പി സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് തനിക്ക് പത്മഭൂഷണ്‍ ലഭിക്കേണ്ടതില്ലെന്ന് ഗോപിയാശാന്‍ തുറന്നടിച്ചിരുന്നു. ഇതേച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നതിനിടയിലാണ് കെ രാധാകൃഷ്ണന് വോട്ടഭ്യര്‍ഥിച്ച് രംഗത്തെത്തിയത്.