Sun. Apr 21st, 2024

ചെന്നൈ: തമിഴ് സൂപ്പര്‍ താരം അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ നടനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അജിത് ഇപ്പോള്‍ ചികിത്സയില്‍ ആണെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ചുള്ള അപ്ഡേറ്റുകള്‍ ഉടന്‍ എത്തുമെന്നുമാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍.

പതിവ് ആരോഗ്യ പരിശോധനയ്ക്കായാണ് അജിത്ത് ആശുപത്രിയില്‍ എത്തിയത് എന്നാണ് മറ്റ് റിപ്പോര്‍ട്ടുകള്‍. താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്ത നടനുമായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ”അജിത്ത് ചെന്നൈയിലെ ആശുപത്രിയിലാണ്. ഔദ്യോഗിക പ്രസ്താവനയ്ക്കായി കാത്തിരിക്കുകയാണ്” എന്നാണ് അടുത്തവൃത്തങ്ങള്‍ അറിയിക്കുന്നത്.

അതേസമയം, കഴിഞ്ഞ ആഴ്ച മകന്‍ അദ്വിക്കിന്റെ പിറന്നാള്‍ അജിത്തും ശാലിനിയും ആഘോഷമാക്കിയിരുന്നു. ഫുട്ബോള്‍ പ്രേമിയായ അദ്വിക്കിന് ഫുട്ബോള്‍ തീമില്‍ ആയിരുന്നു പിറന്നാള്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ‘വിടാമുയര്‍ച്ചി’ എന്ന ചിത്രത്തിന്റെ തിരക്കില്‍ ആയിരുന്നു അജിത്ത്. മഗിഴ് തിരുമേനിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് ഇനി 15 ദിവസങ്ങള്‍ കൂടി മാത്രമേ ഷൂട്ടിംഗ് ഉള്ളൂ. പ്രധാന ചില രംഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്.