Sat. Apr 20th, 2024

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയില്‍ പ്രതികരണവുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ സംഘടനകള്‍ സമരം ചെയ്യാന്‍ കാത്തിരിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. പ്രതിസന്ധി രണ്ടു ദിവസത്തിനകം പരിഹരിക്കുമെന്ന് മന്തരി വ്യക്തമാക്കി.

ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി പറഞ്ഞു. ശമ്പളം, പെന്‍ഷന്‍ എന്നിവ ഒന്നാം തീയതി എല്ലാവര്‍ക്കും കിട്ടിയില്ല. ശമ്പളവും പെന്‍ഷനും മുടങ്ങില്ല. സാങ്കേതിക പ്രശ്നമാണ് നിലവിലുള്ളതെന്ന് മന്ത്രി പറഞ്ഞു. അതേസമയം പണം പിന്‍വലിക്കാന്‍ നിയന്ത്രണമേര്‍പ്പെടുത്തി. പണം ഒരുമിച്ച് പിന്‍വലിക്കാന്‍ കഴിയില്ല. 5000രൂപ നിയന്ത്രണങ്ങളോടെ പിന്‍വലിക്കാം.

കേന്ദ്രംവലിയ വെട്ടിക്കുറയ്ക്കല്‍ നടത്തിയതു ബാധിച്ചു. ട്രഷറിയില്‍ നിയന്ത്രണമുള്ളതിനാല്‍ ഒരു ദിവസം 50,000 രൂപ വരെ മാത്രമേ പിന്‍വലിക്കാനാകൂവെന്നും പെന്‍ഷനും ഇത് ബാധകമാണെന്നും മന്ത്രി അറിയിച്ചു.

അതേസമയം പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെ ധനമന്ത്രി വിമര്‍ശിച്ചു. കേരളത്തിന് ലഭിക്കേണ്ട തുക കേന്ദ്രം തടഞ്ഞുവെച്ചേക്കുവാണെന്ന് ധനമന്ത്രി പറഞ്ഞു. 13,608 കോടി രൂപ കേരളത്തിന് കിട്ടാനുണ്ട്. കേസ് കൊടുത്തതിന്റെ പേരില്‍ പണം തടഞ്ഞിരിക്കുകയാണെന്ന് ധനമന്ത്രി വ്യക്തമാക്കി. കേരളത്തിന് തരാനുള്ള പണം മുഴുവന്‍ തടഞ്ഞ് വെച്ചിട്ടാണ് കേരളത്തില്‍ ശമ്പളവും പെന്‍ഷനും വൈകിയതിന്റെ പേരില്‍ ബി ജെ പി ന്യായം പറയുന്നതെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. 13,000 കോടി കേരളത്തിന് തരാനുണ്ടെന്ന് കേന്ദ്രം സമ്മതിക്കുന്നു. എന്നാല്‍ കേസ് പിന്‍വലിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. കോടതിയില്‍ പോയതിന്റെ പേരില്‍ പണം തടയുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതില്‍ എന്താണ് കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും നയമെന്നും മന്ത്രി ചോദിച്ചു. ശമ്പളം തടസ്സപ്പെട്ടതിന്റെ പേരില്‍ ജീവനക്കാര്‍ നിരാഹാര സമരം നടത്തേണ്ടത് രാജ്ഭവന് മുന്നിലാണും മന്ത്രി ഓര്‍മിപ്പിച്ചു. കേരളത്തിന്റെ അവകാശം തടയാനാണ് കേന്ദ്രം നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എല്ലാ ജീവനക്കാരുടെയും അക്കൗണ്ടില്‍ പണമെത്താതെ സമരം പിന്‍വലിക്കില്ലെന്ന് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.