Sun. Apr 21st, 2024

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി സിറ്റിംഗ് സീറ്റായ വയനാട് മത്സരത്തിനില്ലെന്നു സൂചന. പരമ്പരാഗതമായി കുടുംബ കൈവശം വച്ച ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കുമെന്നാണു കരുതുന്നത്. വയനാട് മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം രാഹുല്‍ഗാന്ധിയെ ചുമതലപ്പെടുത്തിയിരുന്നു.

ഇന്ത്യാ സഖ്യത്തിന്റെ ദേശീയ നേതാവായ ആനി രാജ വയനാട് മത്സരിക്കാനെത്തിയതാണ് രാഹുലിനെ പുനരാലോചനക്കു വിധേയമാക്കിയത്. ഇന്ത്യാ സഖ്യത്തിന്റെ എല്ലാ നീക്കങ്ങളേയും ദുര്‍ബലപ്പെടുത്തുന്നതായിരിക്കും ആനിരാജയുമായുള്ള ഏറ്റമുട്ടലെന്നു വിദഗ്‌ധോപദേശം ലഭിച്ചതോടെയാണ് രാഹുല്‍ മണ്ഡലം മാറാന്‍ തീരുമാനിച്ചത്. സുരക്ഷിത മണ്ഡലമെന്ന നിലയില്‍ വയനാട്ടില്‍ മത്സരിക്കാനായിരുന്നു രാഹുലിനു താല്‍പര്യം. ബി ജെ പിയുമായി ഏറ്റമുട്ടാതെ ദക്ഷിണേന്ത്യയില്‍ നിന്നു മത്സരിക്കുന്നത് രാഷ്ട്രീയമായി വലിയ തിരിച്ചടിയാവുമെന്നു രാഹുല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

വയനാട് ലോക്‌സഭാ സീറ്റില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കണമെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. രാഹുലിന്റെ സാന്നിധ്യം ഉണ്ടെങ്കില്‍ മാത്രമേ കേരളത്തില്‍ കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ എന്നും കോണ്‍ഗ്രസ് കരുതുന്നു. കഴിഞ്ഞ തവണ കേരള നേതാക്കളുടെ ക്ഷണം സ്വീകരിച്ചതു വഴി ഉത്തരേന്ത്യയില്‍ വന്‍ തിരിച്ചടി നേരിട്ടു എന്നാണു രാഹുല്‍ ഇപ്പോള്‍ തിരിച്ചറിയുന്നത്.

റായ്ബറേലി അല്ലെങ്കില്‍ കര്‍ണാടകയിലെയും തെലങ്കാനയിലെയും ചില സീറ്റുകള്‍ പരിഗണനയിലുണ്ടെന്നും സൂചനകളുണ്ട്. രാഹുല്‍ മത്സരിച്ചില്ലെങ്കില്‍ വയനാട്ടില്‍ പകരം ആരായിരിക്കും എന്ന ചര്‍ച്ചകളും കോണ്‍ഗ്രസിനകത്ത് തുടങ്ങിയിട്ടുണ്ട്. മണ്ഡലം രൂപീകരണത്തിന് ശേഷമുള്ള ആദ്യ രണ്ട് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേതാവ് എം ഐ ഷാനാവാസാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2019ല്‍ ടി സിദ്ധീഖിനെയാണ് സ്ഥാനാര്‍ഥിയായി ആദ്യം തീരുമാനിച്ചതെങ്കിലും രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തീരുമാനിച്ചതോടെ സിദ്ധീഖ് പിന്മാറുകയിരുന്നു. നിലവില്‍ സിദ്ധീഖ് എം എല്‍ എ ആയതിനാല്‍ മറ്റൊരാളെ കണ്ടെത്താനുള്ള ശ്രമമാണു നടക്കുന്നത്.