Sun. Apr 21st, 2024

പൂക്കോട്: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണത്തിന് പിന്നില്‍ എസ് എഫ് ഐയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അധ്യാപക സംഘടനാ നേതാക്കളുടെ സഹായവും എസ് എഫ് ഐക്ക് ലഭിച്ചു. ഡീന്‍ അടക്കമുള്ള കോളജ് അധികൃതര്‍ സംഭവം മറച്ചുവെച്ചു. എന്തും ചെയ്യാന്‍ മടിക്കാത്ത ക്രിമിനലുകളുടെ സംഘമാണ് എസ് എഫ് ഐയെന്നും സതീശന്‍ ആരോപിച്ചു.

സിദ്ധാർഥിന്റെ ശരീരമാസകലം മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടംറിപ്പോർട്ടിലുണ്ട്. മരണത്തിന് രണ്ടോ മൂന്നോ ദിവസം മുമ്പുണ്ടായ മർദനത്തിൻ്റെ പാടുകളെന്നാണ് കണ്ടെത്തൽ. അതേസമയം, സിദ്ധാർഥിന്റേത് തൂങ്ങിമരണമെന്ന സ്ഥിരീകരണം റിപ്പോർട്ടിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 12 വിദ്യാർഥികളെ കോളേജ് സസ്പെൻഡ് ചെയ്തിരുന്നു.



സിദ്ധാർഥിന്റെ മരണത്തിൽ വൈത്തിരി പൊലീസ് അന്വേഷണം തുടങ്ങിയതോടെ, ഈ 12 പേരും ഒളിവിലാണ്. സിദ്ധാർഥ് റാഗിങ്ങിന് ഇരയായെന്ന സൂചനകളുടെ പശ്ചാത്തലത്തിൽ കോളേജിലെ അധ്യാപകരുടെയും ജീവനക്കാരുടെയും മൊഴിയെടുക്കാൻ ആന്റി റാഗിങ് കൗൺസിൽ അംഗങ്ങൾ വയനാട്ടിലെത്തിയിട്ടുണ്ട്. കഴിഞ്ഞ 18 നായിരുന്നു നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ബാത്റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുടുംബം എഡിജിപിക്ക് പരാതി നൽകിയിരുന്നു.

എസ് എഫ് ഐയാണ് കൊലക്കു പിന്നിലെന്ന ആരോപണവുമായി സിദ്ധാര്‍ഥിന്റെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലുള്ള 12 പേരെയും സംരക്ഷിക്കുന്നത് സി പി എമ്മാണെന്നും സിദ്ധാര്‍ഥിന്റെ പിതാവ് ആരോപിച്ചു.