Fri. Apr 19th, 2024

കൊച്ചി: മലയാളി ബ്രാഹ്മണൻ മാത്രം ശബരിമലയിലും മാളികപ്പുറത്തും മേൽശാന്തി ആയാൽ മതിയെന്ന് ഹൈക്കോടതി. ശബരിമല മേൽശാന്തി നിയമനത്തിൽ നിലനിൽക്കുന്ന ജാതിവിവേചനം ചോദ്യം ചെയ്തുകൊണ്ട് നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി.

കാറൽ മാർക്സിനെ പോലും തിരുത്തിക്കൊണ്ട് ബ്രാഹ്മണൻ പ്രത്യേക ക്‌ളാസ് ആണെന്ന് ഹൈക്കോടതിയിൽ അഫിഡവിറ്റ് കൊടുത്ത സ്വന്തമായി ദേവസ്വം ബോർഡും, സ്വന്തമായി ദേവസ്വം മന്ത്രിയുമുളള ലോകത്തിലെ ഏക കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേവസ്വം ബോർഡിന്റെ വിചിത്രവാദം ഹൈക്കോടതി അംഗീകരിച്ചു.

ശബരിമല-മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തിയായി നിയമനത്തിന് മലയാള ബ്രാഹ്മണരില്‍ നിന്ന് മാത്രം അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തെ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹരജികള്‍ കേരള ഹൈക്കോടതി നേരത്തെ പ്രത്യേക സിറ്റിംഗില്‍ പരിഗണിച്ചിരുന്നു.

ദേവസ്വം ബോര്‍ഡിന് കാര്യങ്ങള്‍ തീരുമാനിക്കാന്‍ അധികാരം ഉണ്ട്. കീഴ്വഴക്കം അനുസരിച്ച് ബോര്‍ഡിന് തീരുമാനമെടുക്കാം. വിശാലബെഞ്ചിലെ വിധി വരുംവരെ കാത്തിരിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. വിജ്ഞാപനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി തള്ളി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.



ശബരിമല ഗുരുവായൂർ ഉൾപ്പെടയുള്ള പ്രധാന ക്ഷേങ്ങളിൽ മേല്‍ശാന്തിയായി മലയാള ബ്രാഹ്മണരെ മാത്രം പരിഗണിക്കുന്ന ദേവസ്വം ബോര്‍ഡ് തീരുമാനത്തെ ചോദ്യം ചെയ്ത് നേരത്തെ എസ് എന്‍ ഡി പി ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്ത് വന്നിരുന്നു.

രാജ്യത്ത് ജാതിവിവേചനം കുറ്റകരവും ഭരണഘടനാ വിരുദ്ധവുമാണെന്നിരിക്കെ ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിന്റെ കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മലയാള ബ്രാഹ്മണര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന് ശഠിക്കുന്നത് കുറ്റകരമാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു.

ഇത് ഭരണഘടനാ വിരുദ്ധവും 2002 ലെ മുൻ സുപ്രീം കോടതി വിധിക്ക് എതിരായ വിധിയാണെന്നും ഹർജിക്കാർ പറഞ്ഞു. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ഹർജിക്കാർ വ്യക്തമാക്കി.