Sun. Apr 14th, 2024

✍️ ചന്ദ്രപ്രകാശ്. എസ്.എസ്

പുഷ്പകവിമാനം, ഗണപതിയുടെ തല തൂടങ്ങി നിരവധിയായ കാര്യങ്ങൾ Pseudo Science (കപടശാസ്ത്രം) ആണെന്ന് അടിവരയിട്ട് സംസാരിച്ച പ്രാമാണികനാണ് ആർ എസ് എസ് സൈദ്ധാന്തികനായ (മുൻ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ്) അടുത്തിടെ അന്തരിച്ച ആർ ഹരി. ശാസ്ത്രജ്ഞാനത്തെ മിത്തുകൾ കൊണ്ട് പകരം വെക്കുന്നതിലെ അപകടം അദ്ദേഹം പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ വാക്കുകൾ-

“ഭാരതം വളരെ പഴയരാഷ്ട്രമാണ്, പുരോഗമിച്ച രാഷ്ട്രമാണ് എന്നൊക്കെ പറയുമ്പോൾ Pseudo Science ൽ ചിലർ അവകാശവാദങ്ങൾ ഉന്നയിക്കാറുണ്ട്. ഞാൻ ആ വിഭാഗത്തിൽ പെട്ട ആളല്ല. ഉദാ:വാല്മീകിരാമായണത്തിൽ പുഷ്പകവിമാനമുണ്ട്. അതുകൊണ്ട് ആ കാലം മുതൽ പുഷ്പകവിമാനം ഉണ്ട് എന്ന് പറയാൻ കഴിയില്ല. സയൻസ് എന്ന് പറയുമ്പോൾ ഒരു വ്യക്തി പരീക്ഷിച്ച് വിജയിപ്പിച്ച കാര്യം അതേ കണ്ടീഷനും, ഫോർമൂലയും വച്ച് വേറൊരാളിന് ചെയ്യാൻ സാധിക്കണം. സയൻസിൻ്റെ സ്വഭാവം ഇതാണ്. ഈ സ്വഭാവം പുഷ്പകവിമാനത്തിൻ്റെ കാര്യത്തിൽ കാണാൻ കഴിയില്ല. ശാസ്ത്രം പുതിയ കാര്യങ്ങൾ കണ്ടുപിടിക്കുമ്പോൾ ഇതെല്ലാം പണ്ടേക്കും പണ്ടേ നമ്മുടെ കയ്യിലുണ്ടായിരുന്നു എന്ന് പറയുന്നത് Psuedo Science ആണ്”

ആർ ഹരി പറഞ്ഞതിൻ്റെ നൂറിലൊരംശമെങ്കിലും അംഗീകരിക്കാൻ അദ്ദേഹത്തിൻ്റെ സഹയാത്രികർ എന്നെങ്കിലും തയ്യാറായിട്ടുണ്ടോ? ശബരിമല സ്ത്രീ പ്രവേശനവിഷയം ഉൾപ്പടെ.ആശാൻ്റെ പ്രസിദ്ധമായ മാറ്റുവിൻ ചട്ടങ്ങളെ എന്ന പ്രശസ്തമായ വിശുദ്ധവചനം കടം കൊണ്ട് “മാറ്റുവിൻ ചട്ടങ്ങളെ”എന്ന പേരിൽ തന്നെ അദ്ദേഹം ഒരു പുസ്തകം രചിച്ചിട്ടുണ്ട്. അതിൽ ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടതിൻ്റെ ആവശ്യകത, ആചാര കാർക്കശ്യം, ആചാരങ്ങളുടെ പേരിൽ നടത്തുന്ന അനാചാരങ്ങൾ, ആറ്റുകാൽ പൊങ്കാല,പതിനെട്ടാംപടി,ആചാരങ്ങളിലെ തെറ്റായ അളവുകോൽ തുടങ്ങി നിരവധി വിഷയങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്.

പുസ്തകത്തിൽ ആറ്റുകാൽ പൊങ്കാലയെക്കുറിച്ച് വിശ്വാസിയായ അദ്ദേഹത്തിൻ്റെ നിലപാടാണ് ഇവിടെ കുറിക്കുന്നത്. ആധുനികകാലത്തെ പ്രസക്‌തമായ ചിന്തകളാണ് അദ്ദേഹം പങ്കുവയ്ക്കുന്നത് –

“നമുക്ക് ഈയിടെ കൂടിവരുന്ന പൊങ്കാല വഴിപാടിനെക്കുറിച്ച് ആലോചിക്കാം. പൊങ്കാല ദിവസം ആ അമ്പലത്തിന് ചുറ്റുമുള്ള ഒന്നൊന്നര കി:മി നിരത്തുകളിൽ ഗതാഗതം സ്തംഭിക്കുന്നു. ഇക്കാലത്തെ തിരക്കിട്ട ജീവിതത്തെ പരിഗണിച്ചും പ്രായോഗിക ബുദ്ധിയോടെ ചിന്തിച്ചും സമൂഹത്തിനൊട്ടാകെ-ഭക്തന്മാർക്കും സാധാരണക്കാർക്കും-കൂടുതൽ സൗകര്യപ്രദമായ പരിമാർജനങ്ങൾ അതിന് കണ്ടെത്തിക്കൂടേ?

തിരുവിതാംകൂറിലായിരുന്ന, ഇപ്പോൾ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള മണ്ടക്കാട്ടും മുപ്പന്തലിലുള്ള കോവിലുകളിലും പൊങ്കാലയിടാൻ സൗകര്യം പോലെ ഏത് ദിവസവുമാകാം. ആലോചിച്ച് നോക്കുമ്പോൾ ആ ഏർപ്പാടിൽ ഒന്നിലേറെ സൗകര്യങ്ങളുണ്ട് –1 അമ്പലവളപ്പിൽ പൊങ്കാലയിടാം.
2 പൊങ്കാലയിടുന്ന സ്ത്രീയ്ക്ക് സ്വന്തം സൗകര്യം നോക്കി പൊങ്കാലയിടാം.
3 ശാന്തിക്കാരൻ നേരിട്ട് അഗ്നി പകരുന്നതിൽ തൃപ്തിപ്പെടാം.
4 ഉപാസകയുടെ നാളനുസരിച്ച് പൊങ്കാലയിടാം.
5 ഒരൊറ്റ ദിവസം വന്നുകൂടുന്ന തിരക്ക് 365 ദിവസങ്ങളിലാക്കാം.
6 മറുനാടൻ മലയാളികൾക്ക് അവർ നാട്ടിൽ വരുന്ന ദിവസങ്ങളിലൊന്ന് തിരഞ്ഞെടുക്കാം.
7 ഓർക്കാപ്പുറത്ത് വന്നുപെടുന്ന പുലയും മറ്റസൗകര്യങ്ങളും ഒഴിവാക്കാം.
8 അമ്പലക്കാർക്കാണെങ്കിൽ തിടപ്പള്ളിപോലെ പൊങ്കാലപ്പുര പ്രത്യേകമായി പണിയാം.
8 പ്രായവ്യത്യാസം പരിഗണിച്ച് നിന്നും ഇരുന്നും പൊങ്കാലയിടാൻ വെവ്വേറെ ഏർപ്പാട് ചെയ്യാം.
10 വീടിൻ്റെ പ്രതിനിധിയായി വേണമെങ്കിൽ പുരുഷനും പൊങ്കാലയിടാം.
11 ഉന്നതവിജയത്തിന് വെമ്പുന്ന യുവതികൾക്ക് വഴിപാടായി യോഗ്യ സമയത്ത് നേരിട്ട് പൊങ്കാലയിടാം.
12 പൊതുജനങ്ങൾക്കാകട്ടെ ഗതാഗതക്കുരുക്കില്ലാതെ പതിവുജീവിതം തുടരാം.

ഇനിയുമുണ്ടാകാം ഇതുപോലെ മറ്റ് സൗകര്യങ്ങൾ. ഇവിടെ നിഷ്ഠയ്ക്ക് മാറ്റമില്ല. ചര്യയ്ക്കേ മാറ്റമുള്ളൂ. ഇവിടെ സംഭവിക്കുന്നത് ആചാര നിർമാർജനമല്ല,
ആചാര പരിമാർജനമാണ്. ‘ബഹുജനഹിതായ ബഹുജനസുഖായ’

( പൊങ്കാലയും പതിനെട്ടാം പടിയും എന്ന എട്ടാം അദ്ധ്യായത്തിലെ പേജ് 68,69)