Sat. Apr 20th, 2024

✍️ ചന്ദ്രപ്രകാശ്.എസ്.എസ്

“പന്തിഭോജനങ്ങളിൽ നടുങ്ങി നിന്ന നാളുകൾ
എത്രയെത്ര മതിലുകൾ തകർത്തെറിഞ്ഞ കേരളം”

മനുഷ്യനെ ജാതിയുടെ കള്ളിയിൽ വേർതിരിച്ച്, അവർണരെ അടിയളന്ന് നിർത്തിയ ഒരു കേരളീയ കാലഘട്ടം വളരെ വിദൂരമല്ല. വ്യത്യസ്ത ജാതിയിൽപ്പെട്ടവർ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന സമ്പ്രദായത്തിൻ്റെ പേരാണ് പന്തിഭോജനം. അന്നത് വേണ്ടിയിരുന്നു. ഇന്നത് വേണ്ട. 100 കൊല്ലം മുമ്പ് കേരളത്തിലെ നിരവധി നവോത്ഥാന നായകന്മാർ വിവിധ ഘട്ടങ്ങളിൽ പന്തിഭോജനത്തിന് നേതൃത്വം നൽകിയിട്ടുണ്ട്.

ജാതിയുടെ പേരിൽ മനുഷ്യർ തമ്മിൽ ഭേദം കൽപ്പിച്ചിരുന്ന കാലത്താണ് ഇത്തരം പന്തിഭോജനങ്ങൾ ഉണ്ടായിട്ടുള്ളത്. ശ്രീനാരായണഗുരുവിൻ്റെ ഗുരുവായ അയ്യാഗുരു താഴ്ന്ന ജാതിക്കാരെ ഉയർന്ന ജാതിക്കാർക്കൊപ്പം ഇരുത്തി ഭക്ഷണം നൽകാത്തതിനെ നിരന്തരം അപലപിച്ചിരുന്നു. അദ്ദേഹം വ്യത്യസ്ത ജാതികളിൽ പെട്ടവരെ ഒരുമിച്ചിരുത്തി പന്തിഭോജനം നടത്തുകയും ചെയ്‌തു. അക്കാലത്ത് സവർണരിൽ നിന്ന് എതിർപ്പുകളും കടുത്ത അധിക്ഷേപങ്ങളും നേരിടേണ്ടിവന്നുവെങ്കിലും അദ്ദേഹം പിന്തിരിയുകയുണ്ടായില്ല. ഇതിനെത്തുടർന്ന് സവർണർ അദ്ദേഹത്തെ ‘പാണ്ടിപ്പറയൻ’ എന്ന പേര് ചാർത്തികൊടുത്തു. സമപന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച മറ്റൊരു നവോത്ഥാന നായകൻ വൈകുണ്ഠ സ്വാമികളാണ്. പന്തിഭോജനം നടത്തിയ മറ്റൊരു നവോത്ഥാന നായകനാണ് സഹോദരൻ അയ്യപ്പൻ. അങ്ങനെയാണ് സഹോദരൻ അയ്യപ്പൻ പുലയനയ്യപ്പനായത്. അദ്ദേഹം പന്തിഭോജനത്തിന് തുടക്കം കുറിച്ച സ്ഥലമാണ് ചെറായി.

പ്രീതിഭോജനം നടപ്പിലാക്കിയ നവോത്ഥാന നായകനാണ് വാഗ്ഭടാനന്ദൻ. കോഴിക്കോട്ടാണ് അദ്ദേഹം ആദ്യമായി പ്രീതിഭോജനം സംഘടിപ്പിച്ചത്. ഡോ അയ്യത്താൻ ഗോപാലൻ, പോത്തേരി കുഞ്ഞമ്പു തുടങ്ങിയവരും പന്തിഭോജനത്തിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. പന്തിഭോജനത്തിൽ പങ്കെടുത്ത് ബ്രാഹ്മണൻ്റെ അടികൊണ്ട് മണ്ടപൊട്ടിയ മഹാപുരുഷനാണ് സ്വാമി ആനന്ദതീർത്ഥൻ.പന്തിഭോജനത്തിൻ്റെ കാലമല്ല ഇത്. നമ്മൾ അതൊക്കെ പിന്നിട്ടിട്ട് പതിറ്റാണ്ടുകളായി. പൊരുതി നേടിയ നവോത്ഥാന മൂല്യങ്ങളെ നിലനിർത്തേണ്ട കാലമാണിത്. ഒരു കാലത്ത് നടത്തിയ പന്തിഭോജനങ്ങളുടെ ഫലമായി നവോത്ഥാനത്തിലൂന്നിയ ഒരു സംസ്ക്കാരം നിലവിൽ ഇപ്പോൾ ഭൂമിമലയാളത്തിലുണ്ട്. എന്നിട്ടും ഇന്നും ചിലർ ജാതി വിവേചനവും അയിത്തവും തീണ്ടലുമൊക്കെ ഇക്കാലത്തും പുറത്തെടുക്കുകയും അവയൊക്കെ മനസ്സിൽ ഒളിപ്പിച്ച് ജീവിക്കുകയും ചെയ്യുന്നു.

അത്തരം ചിന്താഗതികളാണ് വർത്തമാന കാലത്തും പോസ്റ്റർ രൂപത്തിൽ പ്രചരിക്കുന്നത്. ചാതുർവർണ്യ സംസ്ക്കാരത്തിൻ്റെ പുതിയ രൂപവും ഭാവവുമാണ് എസി എസ് റ്റി ക്കാർക്കൊപ്പമുള്ള ഭക്ഷണപരിപാടികൾ. മാറിയ കാലഘട്ടത്തിൽ ഇത് ജാതികളെ അടുപ്പിക്കുന്നതിന് പകരം ഭിന്നിപ്പിക്കലിലേക്കാണ് ചെന്നെത്തുക.

ഇതെല്ലാം വളരെ ബോധപൂർവമുള്ള കുടില പദ്ധതികളാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ന് ജാത്യാഭിമാനവും പുരോഗതിയും ആർജിച്ച ഒരു ജനവിഭാഗമാണ് പട്ടികജാതി-പട്ടികവർഗ്ഗക്കാർ. പന്തിഭോജനം നടന്ന കാലഘട്ടത്തിൽ നിന്നും കേരളം ബഹുദൂരം മാറി. എല്ലാ ജാതി മതസ്ഥരും ഒരുമിച്ചിരുന്ന് ഭക്ഷിക്കുകയും, ഭക്ഷണം പങ്കിടുകയും ചെയ്യുന്ന സ്നേഹസമ്പന്നമായ ഒരു ചുറ്റുപാട് ഇന്ന് കേരളത്തിലുണ്ട്.ഉള്ളൂരിൻ്റെ മകളുടെ വിവാഹം:

മഹാകവി കുമാരനാശാനെ ഉള്ളൂർ നേരിട്ട് പോയി വിവാഹത്തിന് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച ആശാൻ സന്തോഷത്തോടെ വിവാഹത്തിൽ പങ്കെടുക്കാനെത്തി. സദ്യയുണ്ണാൻ ആശാൻ ഇരുന്ന പന്തിയിൽ നിന്നും ബ്രാഹ്മണന്മാർ ഓരോരുത്തരായി എഴുന്നേൽക്കാൻ തുടങ്ങി. മറ്റുള്ളവരുടെ അന്നം താൻ കാരണം മുടങ്ങരുതെന്ന് കണ്ട ആശാൻ പന്തിവിട്ട് എഴുന്നേൽക്കാൻ ശ്രമിച്ചു.

ഇത് കണ്ട ഉള്ളൂർ ക്ഷുഭിതനായി ബ്രാഹ്മണരോട് ആക്രോശിച്ചു. ‘ഒറ്റയാളും എഴുന്നേൽക്കരുത്’ ആശാനൊപ്പം ഇരുന്ന് ഉള്ളൂരും ഭക്ഷണം കഴിച്ചു. ഉള്ളൂരിൻ്റെ മൂന്നാം തലമുറയുടെ കാലഘട്ടമാണിന്ന്. എന്നിട്ടും കേരളത്തിൽ ചിലർക്ക് ഇന്നും നേരം വെളുത്തിട്ടില്ല.

ഇതേ ഉള്ളൂരിൽ അവശേഷിച്ച സവർണ ജാത്യാഭിമാനം വേരോടെ പിഴുതെറിഞ്ഞത് ശ്രീനാരായണ ഗുരുവാണ്. ആ സംഭവം സാഹിത്യ നിരൂപകൻ കെ പി അപ്പൻ്റെ വാക്കുകളിലൂടെ വായിക്കുന്നതാകും ഉചിതം. അതിങ്ങനെ-

“ഒരിക്കൽ മഹാകവി ഉള്ളൂർ, ശ്രീനാരായണ ഗുരുവിനെ കാണാനെത്തി.
തന്റെ കാർ ശിവഗിരി കുന്നിനു താഴെയുള്ള വഴിയിൽ നിർത്തി. ഒരു നിമിഷത്തെ ആലോചനക്കു ശേഷം ഉള്ളൂർ തലപ്പാവും കസവു നേരിയതും എടുത്തു കാറിന്റെ സീറ്റിൽ വെച്ചു. ചെരുപ്പ് ഊരിയിട്ടു. ഔദ്യോഗിക പദവിയുടെ ചന്ദസും അലങ്കാരങ്ങളും ഉപേക്ഷിച്ചു അദ്ദേഹം കുന്നിന്റെ പടവുകൾ കയറി.കുന്നിനു മുകളിൽ ശ്രീനാരായണ ഗുരു ഉള്ളൂരിനെ സ്വീകരിക്കാൻ കാത്തു നിന്നിരുന്നു. രണ്ടുപേരും ആശ്രമത്തിലേക്ക് നടന്നു. ഏറെ നേരം വർത്തമാനം പറഞ്ഞു. ആ തമിഴ് ബ്രാഹ്മണ പ്രതിഭയെ അങ്ങേയറ്റം ആദരിച്ചുകൊണ്ടാണ് ഗുരു സംഭാഷണം നടത്തിയത്. മധ്യാഹ്നം കഴിഞ്ഞപ്പോൾ ഗുരു ഉള്ളൂരിനെ ഉച്ചയൂണിന് ക്ഷണിച്ചു. അവർ ഉച്ചഭക്ഷണം കഴിക്കുന്ന വരാന്തയിൽ എത്തി. അവിടെ ഒന്നുരണ്ട് സന്യാസി ശിഷ്യന്മാരും കുറെ ദളിത് കുട്ടികളും ഊണ് കഴിക്കാൻ ഉണ്ടായിരുന്നു.

വേഷം കൊണ്ടും രൂപം കൊണ്ടും അത്ര യോഗ്യരല്ലാത്ത ദളിത് കുട്ടികളെ കണ്ട് ഉള്ളൂർ ചെറുതായൊന്നു പകച്ചതുപോലെ ഗുരുവിനു തോന്നി”

“വേടക്കിടാത്തനിൽ ആധ്യാത്മിക വെളിച്ചം കണ്ട കവിയാണ് ഉള്ളൂർ, നീലപ്പുലക്കള്ളിയെപ്പറ്റി പാട്ടിൽ പറഞ്ഞ കവിയാണ് ഉള്ളൂർ”

“ഈ ഭാവനയുടെ ലോകം വിടുക… വ്യക്തി ജീവിതത്തിൽ തന്നെ മറ്റു പലരേക്കാൾ മുൻപേ മാനസിക പുരോഗതിയുടെ പടികൾ കയറിയ വലിയ മനുഷ്യനാണ് മഹാകവി ഉള്ളൂർ. എന്നിട്ടും പെട്ടന്നു അഭിമുഖീകരിക്കേണ്ടി വന്ന കടുത്ത യാഥാർത്ഥ്യത്തിന് മുന്നിൽ കവി ഒന്ന് പതറിയതുപോലെ ഗുരുവിനു തോന്നി.”അപ്പോഴും ഗുരു അടുത്ത് നിന്ന ദളിത് കുട്ടികളുടെ ശിരസിൽ തഴുകുന്നുണ്ടായിരുന്നു. എല്ലാവരും ഉണ്ണാനിരുന്നു. ഗുരുവിന്റെ വലത്തുവശത്തു തന്നെയായിരുന്നു ഉള്ളൂരിന്റെ സ്ഥാനം. ഇലയിട്ടു ചോറ് വിളമ്പി. പരിപ്പുകറി ഒഴിച്ചു. പിന്നീട് പപ്പടം വന്നു. അപ്പോൾ ഗുരു പറഞ്ഞു:

“പപ്പടം നമുക്ക് ഒന്നിച്ചു പൊട്ടിക്കണം..” ഒരു നിമിഷത്തിന് ശേഷം പപ്പടങ്ങൾ പട പട പൊടിയുന്ന ശബ്ദം കേട്ടു. അത് കഴിഞ്ഞു ഗുരു ഉള്ളൂരിനോട് ചോദിച്ചു: ” പൊടിഞ്ഞോ..? “

അതിന്റെ ധ്വനി “ജാതിചിന്ത പൊടിഞ്ഞോ?” എന്നാണെന്ന് മനസിലാക്കാൻ കവിക്ക് ഒരു നിമിഷംപോലും വേണ്ടിവന്നില്ല. ഉള്ളൂരിന്റെ മുഖത്ത് ഒരു ചിരി കർണഭൂഷണമായി തിളങ്ങി “

ജാതീയതയുടെ കുമിളകളെ ഗുരു പൊട്ടിച്ചുകളഞ്ഞിട്ടു ഒരു നൂറ്റാണ്ട് കഴിഞ്ഞു. എന്നിട്ടും ഇന്നും ചിലരുടെയൊക്കെ ഉള്ളിൽ ജാതിമേന്മയുടെ പപ്പടങ്ങൾ പൊടിയാൻ കൂട്ടാക്കാതെ ബാക്കികിടക്കുന്നു. അത്തരം സവർണ-മാടമ്പി-സനാതന വിവരദോഷികളാണ് നവോത്ഥാന കേരളത്തിൽ വീണ്ടും പപ്പടങ്ങൾ പൊട്ടിക്കാൻ പോസ്റ്ററും ബ്രോഷറും അടിച്ച് പരസ്യപ്പെടുത്തി സമൂഹത്തിൽ വേർതിരിവുകൾ സൃഷ്ടിക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്നത്.