Sun. Apr 14th, 2024

കോഴിക്കോട്: കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഭയുള്ള പലരും വിദേശത്തേക്ക് ചേക്കേറുകയാണ്. അവരെ തിരിച്ചെത്തിക്കും. അതിനായുള്ള പദ്ധതി നടപ്പാക്കി വരികയാണ്. കോഴിക്കോട്ട് വിദ്യാര്‍ഥികളുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉന്നത വിദ്യാഭ്യാസ മേഖലയിലാണ് സംസ്ഥാനം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസരംഗത്തെ നേട്ടം ഉന്നത വിദ്യാഭ്യാസ മേഖലയിലും നേടിയെടുക്കാന്‍ സാധിക്കേണ്ടതുണ്ട്. രാജ്യത്തെ 200 മികച്ച കോളജുകളില്‍ 41 എണ്ണം കേരളത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയെ മുന്‍നിര്‍ത്തിയാണ് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തുടങ്ങിയവ സര്‍ക്കാര്‍ ആരംഭിച്ചത്. പുതിയ കാലത്ത് തൊഴില്‍ നേടിയാല്‍ മാത്രം പോരാ, തൊഴില്‍ ദാതാക്കള്‍ കൂടിയാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.