Sun. Apr 21st, 2024

✍️ ലിബി.സി. എസ്

“സ്ത്രീണാം പുംസാം പൃഥക് പൃഥക്”

പേടിക്കണ്ട ഇത് സ്ത്രീവിരുദ്ധരായ പൂണൂൽ ധാരികളുടെ ആരുടേയും വാക്കുകളല്ല നാരായണ ഗുരുവിന്റെ വരികളാണ്. നാരായണഗുരുവിൻറെ ആദ്യകാല കൃതികളിലെ സ്ത്രീവിരുദ്ധത ഗുരുവിനോടുതന്നെ തുറന്നു പറഞ്ഞിരുന്ന ശിഷ്യനാണ് നടരാജഗുരു.
ഇന്നുപോലും അത് തുറന്നു പറയാൻ പലർക്കും ധൈര്യമില്ല എന്നതാണ് വാസ്തവം. ഒരിക്കൽ മാതൃഭൂമിയിൽ എഴുതിയ ഒരു ലേഖനത്തിലൂടെ പറയാൻ ശ്രമിച്ച എസ്. ശാരദ കുട്ടി ടീച്ചറിനെ എല്ലാവരും ചേർന്ന് അന്ന് പൊങ്കാലയിട്ടു. “സ്ത്രീകളെ അടുക്കളയിലും ബെഡ് റൂമിലുമായി തളച്ചിട്ടവരുടെ കൂട്ടത്തിൽ കേരളംകണ്ട ഏറ്റവും വലിയ സാമൂഹ്യ പരിഷ്‌കർത്താവിന്റെ ഭാര്യയും ഉണ്ടായിരുന്നു എന്ന് മറക്കണ്ട.” എന്ന ശാരദ കുട്ടി ടീച്ചറുടെ സ്‌റ്റേറ്റ് മെൻറ്‌ ആണ് വിവാദമായത്. അതിനോട് എനിക്കും യോജിപ്പില്ല. അത് വാസ്തവ വിരുദ്ധമാണ്. ഗുരുവിന് ആ വിവാഹത്തിൽ ഒരു പങ്കുമില്ലായിരുന്നു, അന്നത്തെ ആചാരമനുസരിച്ച് ഗുരു അറിയാതെ സഹോദരിമാർ പുടവകൊടുത്ത് വീട്ടിൽകൊണ്ടുവന്നു നിർത്തിയതാണെന്ന് എല്ലാവർക്കുമറിയാം, മാത്രമല്ല ഗുരുവിൻറെ ഭാര്യ കാളിയെ ഗുരു തന്നെ മുൻകൈയെടുത്ത് വേറെ വിവാഹംകഴിച്ചു വിടുകയായിരുന്നു. അതിൽ സ്ത്രീവിരുദ്ധതയൊന്നുമില്ല. എന്നാൽ ഗുരുവിൻറെ കൃതികളിൽ സ്ത്രീവിരുദ്ധമായവയുമുണ്ട്.

പിന്നീട് 2018ൽ ശബരിമല വിവാദത്തിൻറെ സമയത്ത് വിശ്വനാഥൻ ഡോക്റ്ററും (Viswanathan Cvn) ഗുരുവിൻറെ കൃതികളിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിനടിയിലും ചിലർ പൊങ്കാലയിടുകയും ചിലർ അതിൻറെ സ്ക്രീൻഷോട്ട് എടുത്ത് വേറെ പോസ്റ്റിട്ട് തെറിവിളിക്കുന്നുമുണ്ടായിരുന്നു. എന്നാൽ അത് വാസ്തവമായ ഒരു കാര്യമാണ്. അത് പറയുന്നതിൽ രോഷംകൊള്ളേണ്ട കാര്യമില്ല. അത് നാരയണഗുരുവിൻറെ കുഴപ്പമല്ല. ഗുരു നമ്മളുടേതുപോലുള്ള കരിക്കുലത്തിലോ സിലബസിലോ പഠിച്ച ആളല്ല. പഴയ സമ്പ്രദായികരീതിയിൽ സിദ്ധരൂപവും അമരകോശവും വേദാന്തവുമൊക്കെ പഠിച്ചയാളാണ്. അതിന്റെതായ കുഴപ്പങ്ങളൊക്കെ ഗുരുവിൽ ഉണ്ടാകുക സ്വാഭാവികമാണ്. ഇത് ഗുരു തന്നെ അംഗീകരിക്കുകയും തിരുത്തുകയുമൊക്കെ ചെയ്തിട്ടുള്ള കാര്യമാണ്‌. അവിടെയാണ് ഗുരുവിൻറെ മഹത്വം. വിദേശത്തുപഠിച്ച നടരാജനും ആധുനിക വിദ്യാഭ്യാസം നേടിയ സഹോദരനുമൊക്കെ പറയുമ്പോൾ അത് തിരുത്താനും സ്വയം പരിഷ്കരിക്കാനും ഗുരു തയാറായിരുന്നു. “അതൊക്കെ എഴുതിയ ആൾ ഇപ്പോൾ ഇല്ലല്ലോ?” എന്ന് പറഞ്ഞു തൻറെ ആദ്യകാല കൃതികളെ അദ്ദേഹം 1916 ന് ശേഷം റദ്ദ് ചെയ്യുന്നുമുണ്ട്.ഗുരു ഇന്ന് പല ഭക്തശിരോമണികളും ധരിച്ചുവച്ചിരിക്കുന്നതുപോലെ പ്രതിമയിലും ഫോട്ടോയിലുമൊക്കെ കാണുമ്പോലെ ബലംപിടിച്ചിരിക്കുന്ന ഒരാളൊന്നുമല്ലായിരുന്നു. ശിഷ്യന്മാരോട് അപ്രമാദിത്വമൊന്നും കാണിക്കാതെ അവരുടെ അഭിപ്രായങ്ങൾ മാനിക്കുകയും അവരുടെ അഭിപ്രായങ്ങളാണ് ശരിയെങ്കിൽ തിരുത്തുകയും അത് സ്വീകരിക്കുകയും അവരുമായി തമാശപറയുകയും അവരുടെ സങ്കടങ്ങളിൽ കരയുകയുമൊക്കെ ചെയ്തിട്ടുള്ളയാളാണ്. സത്യവ്രതസ്വാമി മരിച്ചപ്പോൾ ഗുരു കരഞ്ഞതിനെക്കുറിച്ച് സഹോദരൻ അയ്യപ്പൻ തൻറെ അവസാനത്തെ ശിവഗിരി പ്രസംഗത്തിൽ പറയുന്നുണ്ട് ”എന്റെ ഗുരു കരയുന്നതും ഞാൻ കണ്ടു. അത് സത്യവൃതൻ മരിച്ച്ചപ്പോഴാണ്.” എന്ന്. സത്യവൃതന്റെ മരണവാർത്തയുടെ ടെലഗ്രാം വായിച്ച് ഗുരു ചാരുകസേരയിലേക്ക് മറിഞ്ഞുവീണ് പൊട്ടിക്കരയുകയായിരുന്നു’. ഞാൻ പറഞ്ഞുവന്നത് ഈ കരച്ചിലിനെക്കുറിച്ചല്ല മറ്റൊരു കൂട്ട ചിരിയെക്കുറിച്ചാണ്.

ഗുരു ശ്രീനാരായണ ധർമ്മസംഘ ത്തിൻറെ നിയമപരമായി രജിസ്റ്റർ ചെയ്തിരിക്കുന്ന ബയല വേറെയാണെങ്കിലും ഗുരുവിൻറെ ‘ആശ്രമം’ എന്ന കൃതിയും ‘മുനിചര്യാ പഞ്ചകം’ എന്ന കൃതിയുമാണ് അനൗദ്യോഗിക ബയല എന്നാണല്ലോ കണക്കാക്കുന്നത്. ഒരു സന്യാസി എങ്ങനെ ആയിരിക്കണം എന്നും ഒരു ആശ്രമം എങ്ങനെയായിരിക്കണം എന്നുമാണ് ഈ കൃതികളിൽ ഉള്ളത്. ഇതിൽ ആശ്രമം എന്നകൃതി ശിവഗിരി മഠത്തിന് ഒരു ബയലയായി തന്നെ എഴുതാൻ ഗുരു ശിഷ്യന്മാരെ ചുമതലപ്പെടുത്തിയതാണ്. അതിന് ശേഷം പല ആഴ്ചകളിലും മീറ്റിങ് കൂടുമ്പോൾ ഗുരു ഇതിനെക്കുറിച്ച് ചോദിക്കുമ്പോൾ ആരും എഴുതിയിട്ടുണ്ടാവില്ല. അവസാനം ഇത് നടപ്പുള്ള കാര്യമല്ല എന്ന് ബോധ്യമായിട്ടായിരിക്കും ഒരു പേപ്പർ എടുക്കൂ ഞാൻ പറയാം എഴുതിക്കൊള്ളു എന്ന് ഗുരു പറഞ്ഞു. അങ്ങനെ നാരയണ ഗുരുപറഞ്ഞുകൊടുത്ത് എഴുതിയതാണ് ആശ്രമം എന്ന കൃതി. മുനിചര്യാ പഞ്ചകം എന്ന കൃതി നേരത്തെ അരുവിപ്പുറത്തുവെച്ചുതന്നെ എഴുതിയതാണ്. ആശ്രമം എന്നകൃതിയാണ് ശിവഗിരിമഠത്തിൻറെ യഥാർത്ഥ ബയല. സംസ്കൃത ശ്ലോകങ്ങളായിട്ടാണ് ഗുരു അത് പറഞ്ഞത്.

അതിലെ ഒരു ശ്ലോകം ഇങ്ങനെയാണ്:
“യദ്വദത്രൈവ തദ്വച്ച
സ്ത്രീണാം പുംസാം പൃഥക് പൃഥക്
വിദ്യാലയാ ദിശി ദിശി
ക്രിയന്താമാശ്രമാഃ സഭാഃ”

ഓരോ ശ്ലോകവും ചൊല്ലി അതേക്കുറിച്ച് ശിഷ്യന്മാരുമായി ഡിസ്കസ് ചെയ്താണ് എഴുതിയത്. ഈ ശ്ലോകം ചൊല്ലിയപ്പോൾ പക്ഷേ നടാരാജഗുരു ഉടക്കി.”പിന്നെ ഗുരുവിൻറെ ഒരു പൃഥക് പൃഥക്” ‘ഗുരുതന്നെപറയുന്നു ഒരുജാതി,ഒരുമതം, ഒരു ദൈവം മനുഷ്യന്.ഒരു യോനി ഒരാകാരം ഒരുഭേദവുമില്ലതിൽ’ എന്ന് അതിന് വിരുദ്ധമല്ലേ ഇത് എന്ന് ?

നടരാജൻ പറഞ്ഞപ്പോൾ ഗുരുവിനും തോന്നി അതിൽ കാര്യമുണ്ടെന്ന്.ഉടനെ ഗുരു വളരെ രസകരമായ ഒരു നിർദ്ദേശം വെയ്ക്കും ” എങ്കിൽ നമുക്ക് ഒരുകാര്യം ചെയ്യാം സ്ത്രീകളുടെ ആശ്രമം ഈ ശിവഗിരിയിൽനിന്ന് ഒരു രാത്രി മുഴുവൻ നടന്നാലും എത്താത്ത സ്ഥലത്തായിരിക്കണം” എന്ന്.

ഉടനെ ശിഷ്യന്മാർ അതിന് അതിലും രസകരമായ സൊല്യൂഷൻ കണ്ടെത്തി ”അതിനിപ്പോൾ എന്താ ഉച്ചയാകുമ്പോൾ തന്നെ നടന്നാൽ പോരേ?” എന്നാണ് അവർ ഗുരുവിനോട് ചോദിച്ചത്.

ഈ ചോദ്യങ്ങളിൽ നിന്നും ഉത്തരങ്ങളിൽനിന്നും തന്നെ ആ ഗുരുശിഷ്യബന്ധം അന്നത്തെ സങ്കൽപ്പങ്ങളെക്കാളൊക്കെ എത്രയോ സ്വതന്ത്രമായിരുന്നു എന്ന് വ്യക്തമാണല്ലോ?

”സ്വപ്നസ്ഖലനമുണ്ടാകുന്ന പുരുഷന് ശബരിമല കയറാൻ പോലീസ് പരിശോധന വേണ്ടായെങ്കിൽ, നമ്മെ പെറ്റ് വളർത്തിയ സ്ത്രീക്ക് എന്തോ ദോഷമുണ്ടെന്ന് കരുതുന്നവർക്ക് മനോരോഗമാണ്.” എന്നു അദ്ദേഹത്തിൻറെ ശിഷ്യൻ ഗുരു നിത്യചൈതന്യയതി പറഞ്ഞതിൽ ആശ്ചര്യപ്പെടാനില്ല എന്ന് മനസ്സിലായിക്കാണുമല്ലോ?പിന്നീട് ഗുരു നടരാജൻ പറഞ്ഞത് ഉൾക്കൊള്ളുക മാത്രമല്ല. ഒരു പടികൂടികടന്ന് ഗുരുകുലം സ്ഥാപിച്ചപ്പോൾ നാരായണ ഗുരു നടരാജ ഗുരുവിനോട് നല്കിയ രണ്ടു നിർദ്ദേശങ്ങളിൽ ഒന്ന് ‘വിവാഹം വിലക്കരുത്’ എന്നായിരുന്നു. ഗുരുകുലത്തിൽ അതുകൊണ്ട് വിവാഹം കഴിക്കണം എന്നുള്ളവർക്ക് കഴിക്കാം. വിനയചൈതന്യയൊക്കെ ഗുരുകുലത്തിൽ ഉണ്ടായിരുന്നപ്പോൾ തന്നെ വിവാഹിതരായവർ ആണല്ലോ?

1923-ൽ നാരായണഗുരുവിൻ്റെ അനുവാദത്തോടും, ലോകം മുഴുവൻ ഗുരുകുലമാകണമെന്ന ഗുരുവിൻറെ ആശീർവാദത്തോടും കൂടി ആരംഭിച്ച നാരായണഗുരുകുലത്തിൻ്റെ ശാഖകൾ തൻ്റെ ജീവിതകാലത്തുതന്നെ ലോകത്തിൻ്റെ പല ഭാഗങ്ങളിലും സ്ഥാപിക്കപ്പെട്ടെങ്കിലും ഇന്നവയൊക്ക സംഘപരിവാർ ഹൈജാക്ക് ചെയ്തുകഴിഞ്ഞു എന്നതാണ് വാസ്തവം.

പിതാവായ ഡോക്ട്ർ പൽപ്പുവിനോട് ‘ഇവനെ എനിക്ക് തന്നേക്കുമോ?’ എന്ന് ഗുരു അങ്ങോട്ട് ചോദിച്ചുവാങ്ങിയ ശിഷ്യനാണ് ഡോ. പി. നടരാജൻ എന്ന നടരാജ ഗുരു.

നാരായണഗുരു ഒരിക്കൽ തമ്പിയോട് (നടരാജ ഗുരുവിനോട്) ഇങ്ങനെ പറഞ്ഞു, “വലിയ കാര്യങ്ങൾ ധൈര്യമായി ചെയ്യണം. ഖ്യാതിയുണ്ടാകും, ടാഗൂറിനെ പോലെ ഖ്യാതിയുണ്ടാകും, അതിലേറെ ഖ്യാതിയുണ്ടാകും.” ജീവിതാന്ത്യംവരെയും അദ്ദേഹം വലിയ കാര്യങ്ങൾ ചെയ്തു കഴിയുകയായിരുന്നു. പക്ഷേ ശ്രീനാരായണ ധർമ്മം ലോകം മുഴുവൻ എത്തിക്കുക എന്ന ആ വലിയ ദൗത്യം ഇന്ന് സനാതന ധർമ്മം പ്രചരിപ്പിക്കുന്നതിലാണ് എത്തിനിൽക്കുന്നത് എന്നതാണ് വാസ്തവം.

ഫെബ്രുവരി 18 ആ മഹാഗുരുവിന്റെ ജയന്തി ദിനം.
പ്രണാമം 🙏🌹