Sat. Apr 20th, 2024

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നേടി. 70 അംഗ ഡല്‍ഹി നിയമസഭയില്‍ എഎപിക്ക് 62 എംഎല്‍എമാരുണ്ട്. ഇതില്‍ 52 എംഎല്‍എമാരും വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുത്തു. ആരും കൂറുമാറിയില്ല. മദ്യനയ അഴിമതിക്കേസില്‍ ഇഡി ആറാമത്തെ സമന്‍സും അയച്ചതിനു പിന്നാലെയാണ് നാടകീയ നീക്കങ്ങളുണ്ടായത്. പാര്‍ട്ടി വിടുന്ന ഓരോ എംഎല്‍എക്കും 25 കോടി രൂപ വാഗ്ദാനം നല്‍കിയെന്ന് ഇന്നലെ നിയമസഭയില്‍ കെജ്രിവാള്‍ ആരോപിച്ചിരുന്നു.

അതിനിടെ, മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരിട്ട് ഹാജരാകാന്‍ കോടതി സമയം നീട്ടി നല്‍കി. അടുത്തമാസം പതിനാറിന് നേരിട്ടെത്തണമെന്ന് ദില്ലി റൗസ് അവന്യൂ കോടതി നിര്‍ദേശിച്ചു. മദ്യനയക്കേസില്‍ ചോദ്യം ചെയ്യാന്‍ അഞ്ച് നോട്ടീസുകള്‍ ഇഡി നല്‍കിയിട്ടും കെജരിവാള്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് ഇഡി നല്‍കിയ അപേക്ഷയിലാണ് ഇന്ന് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

എന്നാല്‍ ഓണ്‍ലൈനായിട്ടാണ് കെജ്രിവാള്‍ റൗസ് അവന്യു കോടതിയില്‍ ഹാജരായത്. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ നേരിട്ട് ഹാജരാകുന്നതില്‍ തടസമുണ്ടെന്ന് കോടതിയെ അറിയിച്ചു. സമയം നീട്ടി നല്‍കണമെന്ന കെജരിവാളിന്റെ അപേക്ഷ പരിഗണിച്ച കോടതി അടുത്ത മാസം പതിനാറിലേക്ക് വാദം മാറ്റി. തിങ്കളാഴ്ച്ച ഹാജരാകാന്‍ നോട്ടീസ് ഇഡി നല്‍കിയിട്ടുണ്ടെങ്കിലും ഇതും കെജരിവാള്‍ തള്ളാനാണ് സാധ്യത.