Sat. Apr 20th, 2024

കൊല്ലം: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 67കാരന്‍ പിടിയില്‍. കൊല്ലം കുമ്മിളില്‍ ഐരകുഴി സ്വദേശി ഗോപിനാഥന്‍ പിളളയാണ് അറസ്റ്റിലായത്.

2022 മുതല്‍ ആണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കുട്ടിയെ പ്രലോഭിപ്പിച്ചും ഭീഷണിപെടുത്തിയുമായിരുന്നു ലൈംഗിക പീഡനം. കുട്ടിയുടെ വീടുമായുള്ള അടുപ്പം മുതലെടുത്ത് ഗോപിനാഥന്‍ പിള്ള നിരവധി തവണ പീഡനം തുടര്‍ന്നു. പ്രതിയുടെ വീട്ടില്‍ വച്ചും പീഡനമുണ്ടായി.

നിരന്തരമായ പീഡനത്തെതുടര്‍ന്നു കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നു. ആരോടും അധികമൊന്നും മിണ്ടാതായി. പുറത്തിറങ്ങാനും ഭയപ്പെട്ടു. സ്വഭാവത്തിലെ മാറ്റം ശ്രദ്ധയില്‍പെട്ട ബന്ധുകള്‍ കാര്യം തിരക്കിയെങ്കിലും കുട്ടി ഒന്നും പറയാന്‍ തയ്യാറായില്ല. കൗണ്‍സിലിങ്ങില്‍ പീഡന വിവരം പറയുകയായിരുന്നു.

തുടര്‍ന്നു കുട്ടിയുടെ മാതാപിതാക്കള്‍ കടക്കല്‍ പോലീസില്‍ പരാതി നല്‍കി. കുട്ടിയുടെ മൊഴി എടുത്ത പോലീസ് പോക്‌സോ, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.