Sun. Feb 25th, 2024

തിരുവനന്തപുരം: യുക്തിവാദിസംഘത്തിൻറെ സ്ഥാപക നേതാക്കളിലൊരാളും ശ്രീനാരായണഗുരുവിൻറെ ശിഷ്യനും പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ സമരണാർത്ഥം ആരംഭിച്ച ‘കുറ്റിപ്പുഴ കൃഷ്ണപിള്ള സെൻ്റർ ഫോർ റാഷണലിസ്റ്റ് സ്റ്റഡീസ്’ പ്രമുഖ സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ ഉദ്‌ഘാടനം നിർവഹിച്ചു. കേരളം വേണ്ട വിധം അറിയാതെയും അംഗീകരിക്കാതെയും പോയ ചരിത്ര പുരുഷനാണു് കുറ്റിപ്പുഴ കൃഷ്ണപിള്ള എന്നും കേരളത്തിൽ ജ്ഞാനോദയ യുക്തിവാദത്തിനു തുടക്കം കുറിച്ച ‘വിചാരവിപ്ലവം’ എന്ന കൃതി മുതൽ നവോത്ഥാനത്തെയും യുക്തിവാദത്തെയും മാർക്സിസത്തെയും പരിചയപ്പെടുത്തുകയും നവലോക ചിന്തകളെ മലയാളത്തിൽ അവതരിപ്പിക്കുകയും ചെയ്ത മഹാ പണ്ഡിതനായിരുന്നു കുറ്റിപ്പുഴ എന്ന് പെരുമ്പടവം പറഞ്ഞു. മൂലധനം മലയാളത്തിലേക്കു വിവർത്തനം ചെയ്ത എഡിറ്റോറിയൽ ബോർഡിന്റെ ചെയർമാനും അദ്ദേഹം ആയിരുന്നു. യുക്തിവാദികളായി പോയതു കൊണ്ടുമാത്രമാണ് അദ്ദേഹത്തിന് വേണ്ടത്ര ഔദ്യോഗികഅംഗീകാരം ലഭിക്കാതെ പോയതെന്ന് പെരുമ്പടവം കൂട്ടിച്ചേർത്തു.

തത്ത്വാനേഷി, വിമര്‍ശകന്‍, യുക്തിവാദി, അധ്യാപകന്‍, രാഷ്ട്രമീമാംസകന്‍, സാമൂഹ്യശാസ്ത്രകാരന്‍ എന്നീ നിലകളിലുള്ള കുറ്റിപ്പുഴയുടെ സംഭാവനകളെക്കുറിച്ച് പഠിക്കാനും അത് സമൂഹത്തിലെത്തിക്കാനും ഇത്തരത്തിലൊരു പഠന ഗവേഷണകേന്ദ്രം വൈകിയാണെങ്കിലും തുടങ്ങിയ തിരുവനന്തപുരം കുറ്റിപ്പുഴ സ്മാരക ട്രസ്റ്റിന് എല്ലാവിധ ആശംസകളും നേരുന്നതായി പെരുമ്പടവം പറഞ്ഞു.

ഫെബ്രുവരി 11 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന സമ്മേളനത്തിൽ
ട്രസ്റ്റ് പ്രസിഡന്റ് ടി.എസ്.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.ഡോ.എം.ജി.ശശിഭൂഷൺ
പ്രൊ.ആർ.ഗോപിനാഥൻ, കെ.ഭാസ്കരൻ പി.എസ്.രാമൻകുട്ടി, ഡോ.പി.മുരുകദാസ്
കിളിമാനൂർ ചന്ദ്രൻ, രേണുക ദേവി എൻ.കെ.ഇസഹാക്ക്,എം.സത്യദാസ്
തുടങ്ങിയവർ സംസാരിച്ചു.





Leave a Reply