Sun. Feb 25th, 2024

✍️ ലിബി.സി.എസ്

കിടങ്ങൂർ ഗ്രാമത്തിൽ കൈപ്പിള്ളി മനയിൽ അത്യന്തം യാഥാസ്ഥിതികമായ ഒരു സാമൂഹ്യ വ്യവസ്ഥയിൽജനിച്ച വെള്ളിത്തുരുത്തി താഴത്ത് രാമൻ ഭട്ടതിരിപ്പാട് എന്ന വി ടി ഭട്ടതിരിപ്പാട് മുണ്ടമുകക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്ന കാലത്ത് അമ്പലത്തിൽ തൊഴാൻ വന്ന ഒരു തീയ്യാടിപ്പെൺകുട്ടിയിൽ നിന്നും മലയാളം വായിക്കാനും എഴുതാനും പഠിക്കുന്നതോടു കൂടിയാണ് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറി മറിയുന്നത്.

തൻറെ “കണ്ണീരും കിനാവും” എന്ന ആത്മകഥയിൽ അദ്ദേഹം തന്നെ ആ സന്ദർഭത്തെ വിവരിക്കുന്നത് ഇങ്ങനെയാണ്: “അയ്യപ്പൻ കാവിലെ അന്തരീക്ഷത്തിൽ തീയ്യാടിപ്പെൺകുട്ടി കൊളുത്തിത്തന്ന കെടാവിളക്കാണ് പിൽക്കാല ജീവിതത്തിലേക്ക് മാർഗ്ഗനിർദ്ദേശം നൽകിയ മഹാജ്യോതിസ്സെന്നോർക്കുമ്പോൾ കൃതജ്ഞത കൊണ്ട് എന്റെ കണ്ണ് നിറഞ്ഞുപോകുന്നു.”

പിന്നീട് ജീവിതം തന്നെ വി ടി ക്ക് വിപ്ലവമായിരുന്നു. പൂജാകർമ്മാദികൾ പഠിച്ച് ഏതെങ്കിലും ഒരു കോവിലിൽ നമ്പൂതിരി ജീവിതം നയിച്ച് മാഞ്ഞു പോകേണ്ടിയിരുന്ന ഒരു മനുഷ്യനിൽ നിന്ന് കേരളമാകെ പടർന്നു കയറിയ വിപ്ലവകാരിയിലേക്ക് വി ടി സ്വയം നവീകരിക്കുകയായിരുന്നു.

വി ടി ആദ്യമായി കൂട്ടിവായിച്ച ‘മാൻ മാർക്ക് കുട’ പിന്നീട് നമുക്കുമുന്നിൽ നിവർത്തി വെച്ചത് ‘മറക്കുടക്കുള്ളിലെ മഹാനരകം’ ആയിരുന്നു. നമ്പൂതിരി സമുദായത്തിനുള്ളിലെ സ്ത്രീകളുടെ ദുരവസ്ഥ കേരളത്തിന് ബോധ്യപ്പെടുത്താൻ രണ്ടു നാടകങ്ങളുണ്ടായി. ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്കും’, ‘മറക്കുടക്കുള്ളിലെ മഹാനരകവും’. നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് വി ടി വഴിവിളക്കായി മുന്നിൽ നിന്നു.“ഞാനൊരു ശാന്തിക്കാരനായിരുന്നെങ്കിൽ വെച്ചു കഴിഞ്ഞ നിവേദ്യം വിശന്നുവലയുന്ന കേരളത്തിലെ പാവങ്ങൾക്ക് വിളമ്പിക്കൊടുക്കും. ദേവന്റെ മേൽ ചാർത്തിക്കഴിഞ്ഞ പട്ടുതിരുവുടയാട അർദ്ധനഗ്നരായ പാവങ്ങളുടെ അരമറയ്ക്കാൻ ചീന്തിക്കൊടുക്കും. പുകഞ്ഞു തുടങ്ങിയ ധൂപം അമ്പലത്തിലുള്ള പെരുച്ചാഴികളെ – നമ്പൂതിരി, പട്ടർ തുടങ്ങിയ വർഗ്ഗങ്ങളെ- പുറത്തേക്കു ഓടിച്ചുവിടാനാണ് ഉപയോഗിക്കുക. കത്തിച്ചു വെച്ച കെടാവിളക്കാകട്ടെ, നമ്മുടെ വിഡ്ഢിത്തത്തിന്റെ കറുത്തമുഖത്തെ വീണ്ടും തെളിയിച്ചു കാണിക്കാനല്ല, അതിന്റെ തല തീ കത്തിക്കുവാനാണ് ഞാൻ ഉപയോഗിക്കുക. അത്ര വെറുപ്പ് തോന്നുന്നു എനിക്ക് അമ്പലങ്ങളോട്. നമുക്ക് അനാചാരങ്ങളെ കെട്ടുകെട്ടായി നശിപ്പിച്ചു കളയുവാൻ ഒരു എളുപ്പമാർഗ്ഗമുണ്ട്. അതാണ് അമ്പലങ്ങൾക്ക് തീവയ്ക്കുക” – വി.ടി. ഭട്ടതിരിപ്പാട് ‘ഉണ്ണിനമ്പൂതിരി’ പത്രത്തിൽ ധാർമ്മികരോഷത്തോടെ എഴുതിയ ലേഖനം.

ഇത് അക്കാലത്തെ യാഥാസ്ഥിതികത്വത്തിന്റെ കുടുമക്കള പിടിച്ചുലച്ചു. കൊച്ചി സർക്കാർ പത്രം കണ്ടുകെട്ടി. കൊച്ചി സ്റ്റേറ്റിൽ പ്രവേശിക്കുന്നതിൽ നിന്ന് അധികൃതർ അദ്ദേഹത്തെ വിലക്കി. അത്യന്തം യാഥാസ്ഥിതികമായ ഒരു സാമൂഹ്യ വ്യവസ്ഥയിൽ ജീവിക്കുകയും ജീവിക്കുകയും അതിൽ നിന്നും മനുഷ്യനെ വിമോചിപ്പിക്കാൻ പോരാടുകയും ചെയ്തു എന്നതാണ് വി ടി യുടെ ചരിത്രത്തിലെ സ്ഥാനം. അദ്ദേഹം ഉയർത്തിയ മുദ്രാവാക്യം “നമ്പൂതിരിയെ മനുഷ്യനാക്കുക” എന്ന പോർവിളിയാണ്. നമ്പൂതിരിയെ നമ്പൂതിരിയിൽ നിന്ന് തന്നെ മോചിപ്പിച്ച് മനുഷ്യനാക്കാനുള്ള ഇന്നും പൂർത്തിയാകാത്ത ചരിത്രദൗത്യമേറ്റെടുത്തയാളാണ് വി ടി ഭട്ടതിരിപ്പാട്.

1935-ൽ ഭാര്യാസഹോദരിയും വിധവയുമായ ഉമാ അന്തർജനത്തെ എം.ആർ.ബി.യെക്കൊണ്ട് വിവാഹം കഴിപ്പിച്ച് വിധവാ വിവാഹത്തിന് തുടക്കം കുറിച്ചു. 1940-ൽ സ്വന്തം സഹോദരി പാർവതി അന്തർജനത്തെ എൻ.കെ. രാഘവപ്പണിക്കരെക്കൊണ്ട് വിവാഹം കഴിപ്പിച്ച് മിശ്രവിവാഹത്തിന് തിരികൊളുത്തി. വീണ്ടുംഒരുപടികൂടി കടന്ന് ഏറ്റവും ഇളയ സഹോദരി പ്രിയദത്ത അന്തർജനത്തെ കമ്യൂണിസ്റ്റ് നേതാവായിരുന്ന കല്ലാട്ട് കൃഷ്ണൻ എന്ന ഈഴവന് വിവാഹം ചെയ്തു കൊടുത്തു.സർവ്വാധികാരങ്ങളുടെയും കേന്ദ്രമായ സമുദായ പ്രമാണിമാർ നാടകങ്ങൾക്ക് വേദി നൽകാതിരുന്ന ഒരു കാലത്ത് സ്വവസതിയിൽ, അതിന്റെ പരിസരങ്ങളുപയോഗിച്ച് നാടകം നടത്താൻ വി ടി തീരുമാനിക്കുകയിരുന്നു. എന്നാൽ അദ്ദേഹത്തിൻറെ മൂത്ത ജ്യേഷ്ഠനുൾപ്പെടെയുള്ള സാമുദായിക പ്രമാണിമാരെല്ലാം ആ നീക്കത്തെ ശക്തിയുക്തം എതിർത്തു. എന്നാൽ ഒരുപറ്റം യുവാക്കളുടെ സഹായത്തോടെ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് സ്വന്തം പുരയിടത്തിൽ വി ടി നാടകം നടത്തി. നാടകത്തിന് വന്നവർക്ക് സമൂഹസദ്യയും അവിടെ ഏർപ്പാട് ചെയ്തു. ജാതിമത ഭേദമെന്യേ ആളുകൾ നാടകം കാണാൻ എത്തിയതോടെ സവർണ്ണർക്കെല്ലാം കനത്ത പ്രതിഷേധമുണ്ടായിരുന്നു. എന്നാൽ മറ്റുസമുദായങ്ങളിലെ സ്ത്രീകൾ ഉൾപ്പെടെ ഒരു നാടൊന്നാകെ വി ടി യുടെ നാടകത്തിനു വേണ്ടി അണിനിരക്കുമെന്നായപ്പോൾ വി ടിയെ വധിക്കാൻ വരെ സവർണ്ണർ ശ്രമങ്ങൾ നടത്തി. ഒടുവിൽ നാടകം തുടങ്ങിയപ്പോൾ നാടകം പൊളിക്കാൻ പിന്നിൽ നിന്നും ശ്രമങ്ങളുണ്ടായി. വി ടി യോടൊപ്പമുള്ള കമ്മിറ്റിക്കാരായ യുവാക്കൾ സമുദായ പ്രമാണികൾ ഏർപ്പെടുത്തിയ പൊളിക്കൽ സംഘത്തിൻറെ ചെകിട് അടിച്ചുപൊട്ടിച്ചു. അതോടെ ആ ശ്രമം പാളുകയും നാടകം വിജയകരമായി അവതരിപ്പിക്കുകയും ചെയ്‌തു. സർഗ്ഗപരമായ വലിയ മുൻപരിചയമൊന്നും ഈ നാടകമെഴുതുമ്പോൾ വി ടിക്ക് ഉണ്ടായിരുന്നില്ലെങ്കിലും അനുഭവങ്ങളുടെ വറ്റാത്ത തൂലികയാൽ അദ്ദേഹം ആ ദൗത്യത്തെ പൂർണ്ണമാക്കുകയായിരുന്നു.

പിന്നീടാണ് അന്തർജനങ്ങൾക്ക് മറക്കുട ഇല്ലാതെ ജാഥയ്ക്ക് നേതൃത്വം കൊടുത്ത ആദ്യത്തെ ഘോഷാബഹിഷ്കരണം നടത്തി അദ്ദേഹം വിപ്ലവത്തിന് തിരികൊളുത്തിയത്. 1935-ൽ നാനാജാതി മതസ്ഥർ ഒന്നിച്ചു താമസിക്കുന്ന കൊടുമുണ്ട കോളനി എന്ന പേരിൽ വിശാലമായ ആശയം അദ്ദേഹം മുന്നോട്ട് വച്ചിരുന്നു.

അദ്ദേഹത്തിൻറെ കൃതികൾ: കരിഞ്ചന്ത (നാടകം), രജനീരംഗം, പോംവഴി, തെരഞ്ഞെടുത്ത കഥകൾ (കഥാസമാഹാരം), സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു, വെടിവട്ടം, കാലത്തിന്റെ സാക്ഷി, എന്റെ മണ്ണ് (ഉപന്യാസം), കർമ്മവിപാകം, ജീവിതസ്മരണകൾ (ആത്മകഥ, അനുഭവം). 1971-ൽ, ‘കണ്ണീരും കിനാവും’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 1978-ൽ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പും ലഭിച്ചിരുന്നു.

ഇപ്പോഴത്തെ കേരളാ യുക്തിവാദി സംഘത്തിൻറെസ്ഥാപക നേതാക്കളിൽ ഒരാളാണ്. ആദ്യ വൈസ് പ്രസിഡന്റ് ആണ്. എംസി ജോസഫ് പ്രസിഡന്റും കുറ്റിപ്പുഴ കൃഷ്ണപിള്ള, വിടി ഭട്ടതിരിപ്പാട് എന്നിവർ വൈസ് പ്രഡന്റുമാരും ആയിരുന്നു.

Leave a Reply