Sun. Feb 25th, 2024

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്ത ആര്‍എസ്പി എംപി എന്‍ കെ പ്രേമചന്ദ്രനെതിരെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. എന്‍.കെ പ്രേമചന്ദ്രന്‍ അടക്കമുള്ള കേരളത്തില്‍ നിന്നുളള എംപിമാര്‍ കേരളത്തിന്റെ കാര്യത്തിന് വേണ്ടി പാര്‍ലമന്റില്‍ ഒന്നും ചെയ്തില്ലെന്ന് കെഎന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി. പാര്‍ലമെന്റില്‍ പ്രേമചന്ദ്രന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ പോലും കേന്ദ്ര നിലപാടുകളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുളളതാണ്. അത്രയും അടുപ്പമുള്ളതു കൊണ്ടായിരിക്കുമല്ലോ വിരുന്നിന് പിഎം മോദി വിളിച്ചതും പ്രേമചന്ദ്രന്‍ പോയതുമെന്നും ബാലഗോപാല്‍ അഭിപ്രായപ്പെട്ടു.

അതേസമയം, എന്‍.കെ.പ്രേമചന്ദ്രനെതിരെ ആരോപണവുമായി മുതിര്‍ന്ന സിപിഎം നേതാവും എംപിയുമായ എളമരം കരീം രംഗത്തെത്തി. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത പ്രേമചന്ദ്രന്‍ ഇന്ത്യാ സഖ്യത്തെ വഞ്ചിച്ചുവെന്ന് കരീം കുറ്റപ്പെടുത്തി. പ്രേമചന്ദ്രനല്ലാതെ ഇന്ത്യാ സഖ്യത്തിലെ അംഗങ്ങള്‍ ആരും വിരുന്നില്‍ പങ്കെടുത്തില്ല. പ്രധാനമന്ത്രിയുടെ തന്ത്രത്തില്‍ പ്രേമചന്ദ്രന്‍ വീഴുകയായിരുന്നു. പ്രേമചന്ദ്രനെ കൂടെക്കൂട്ടിയതില്‍ ചില സംശയങ്ങളുണ്ട്.കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ മറുപടി പറയണം. പ്രേമചന്ദ്രനെ കണ്ടു കൊണ്ടാണോ കേരളത്തില്‍ ബി ജെ പി അക്കൗണ്ട് തുറക്കുമെന്ന് പ്രധാനമന്ത്രി പറയുന്നതെന്നും എളമരം കരീം ചോദിച്ചു.