Fri. Mar 1st, 2024

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കടുത്ത അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്ത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധ ധര്‍ണ്ണ തുടങ്ങി. ജന്തര്‍ മന്തറിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എല്‍ഡിഎഫ് എംഎല്‍എമാരും എംപിമാരും പ്രതിഷേധിക്കുന്നത്.

രാവിലെ പത്തരയോടെ കേരള ഹൗസില്‍ നിന്നും ഫെഡറലിസം സംരക്ഷിക്കാന്‍ കേരളത്തിന്റെ പോരാട്ടം എന്ന ബാനറുമായി മാര്‍ച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തര്‍ മന്തറിലെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കുമെന്നാണ് വിവരം. സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ള മുതിര്‍ന്ന സിപിഎം നേതാക്കളും ഡിഎംകെ, എഎപി പ്രതിനിധികളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഇന്നലെ കര്‍ണാടകത്തിലെ നേതാക്കള്‍ സമരമിരുന്ന അതേ പന്തലിലാണ് കേരളത്തിന്റെയും പ്രതിഷേധ പരിപാടി നടക്കുന്നത്. കേരളത്തിന്റെ സമരത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്. സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇന്നലെ കര്‍ണാടകം ഡല്‍ഹിയില്‍ സമരം ചെയ്തിരുന്നു. അസമത്വത്തിനെതിരെ ആര് പോരാടിയാലും അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു.



കേരളത്തിന്റെ അതിജീവനത്തിന് സമരം അനിവാര്യമാണെന്നും ആരേയും തോല്‍പ്പിക്കാനല്ല സമരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ചരിത്രത്തില്‍ കീഴ്വഴക്കങ്ങളില്ലാത്ത പ്രക്ഷോഭ മാര്‍ഗം തെരഞ്ഞെടുക്കേണ്ടി വന്നു. അര്‍ഹതപ്പെട്ടത് നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യമാകെ കേരളത്തോടൊപ്പം അണിചേരുമെന്നാണ് പ്രതീക്ഷ. സമരത്തിന് കക്ഷി രാഷ്ട്രീയ നിറം നല്‍കരുത്. സഹകരണ ഫെഡറലിസം എന്ന ആശയം ഈയടുത്ത് കേന്ദ്ര നടപടികളിലൂടെ നഷ്ടപ്പെട്ടു. എന്‍ ഡി എ ഇതര സര്‍ക്കരുകളോട് പീഡന നയമാണുള്ളത്. കേന്ദ്രത്തിന്റേത് ഭരണഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്.

വായ്പാ പരിധിയില്‍ വന്‍ തോതില്‍ വെട്ടി കുറവ് വരുത്തി. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ പാര്‍ലമെന്റ്, രാഷ്ട്രപതി എന്നിവര്‍ അംഗീകരിച്ചതാണ്. എന്നാലിത് അട്ടിമറിക്കപ്പെട്ടു. ഏത് വിധേനയും കേരളത്തെ ബുദ്ധിമുട്ടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു. ഇല്ലാത്ത അധികാരങ്ങള്‍ കേന്ദ്രം പ്രയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.