Sun. Feb 25th, 2024

ന്യൂഡല്‍ഹി: കേന്ദ്രത്തിനെതിരെ നാളെ കേരളം ഡല്‍ഹിയില്‍ നടത്തുന്ന സമരം സവിശേഷമായ ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തോറ്റ് പിന്മാറുന്നതിനു പകരം അര്‍ഹതപ്പെട്ടത് നേടിയെടുക്കാനാണ് സമരം. രാജ്യമാകെ കേരളത്തിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ. ഒരാളെയും തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയല്ല സമരം.

ബി ജെ പി ഭരിക്കുന്ന 17 സംസ്ഥാനങ്ങള്‍ക്ക് ലാളന, മറ്റ് സംസ്ഥാനങ്ങള്‍ക്ക് പീഡനം എന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. എല്ലാ വിധത്തിലും കേരളത്തെ ബുദ്ധിമുട്ടിക്കുകയെന്ന നിലപാടാണ് കേന്ദ്രത്തിന്റേത്‌. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നു. കേരളത്തിന്റെ സാമ്പത്തിക സ്വയംഭരണ അവകാശത്തിന്മേല്‍ കടന്നുകയറ്റം നടത്തുകയാണ്. കിഫ്ബിക്കെതിരെ കേന്ദ്രം നിലപാടെടുക്കുന്നു. ധനകാര്യ കമ്മീഷന്‍ കേരളത്തിന് നീതി ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ലൈഫ് പദ്ധതിയില്‍ കേന്ദ്രം ആവശ്യപ്പെടുന്നതു പോലെ ബ്രാന്‍ഡിങ് നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ അടിച്ചേല്‍പ്പിക്കുന്ന ബ്രാന്‍ഡിങ് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. വീട് ആരുടെയും ഔദാര്യമല്ല, അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.