Sun. Feb 25th, 2024

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ നാഷനലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടി (എന്‍ സി പി) തര്‍ക്കത്തില്‍ ശരദ് പവാറിന് തിരിച്ചടി. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാര്‍ഥ എന്‍ സി പിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. പാര്‍ട്ടിയുടെ പേരും ചിഹ്നവും അജിത് പവാര്‍ വിഭാഗത്തിന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയത്.

ഇതോടെ എന്‍ സി പി എന്ന പേരും പാര്‍ട്ടിയുടെ ചിഹ്നമായ ഘടികാരവും ബി ജെ പിയോടൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ച അജിത് പവാറിന് ഉപയോഗിക്കാനാകും. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ പോകുന്ന തീരുമാനമാണ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയില്‍ നിന്നുള്ള ആറ് സീറ്റുകളിലേക്ക് രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് കണക്കിലെടുത്ത് ശരദ് പവാര്‍ വിഭാഗത്തിന്റെ പാര്‍ട്ടിക്ക് പുതിയ പേര് അവകാശപ്പെടാം. ഇന്ന് വൈകിട്ട് നാലിന് മുമ്പ് പുതിയ പേരുകള്‍ അറിയിക്കണം. ഇക്കാര്യത്തില്‍ പരാജയപ്പെട്ടാല്‍, ശരദ് പവാറിനോട് കൂറ് അവകാശപ്പെടുന്ന എം എല്‍ എമാരെ സ്വതന്ത്രരായി പരിഗണിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.



ആറ് മാസത്തോളം നീണ്ട പത്ത് വാദം കേള്‍ക്കലുകള്‍ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പാര്‍ട്ടി ഭരണഘടന, നിയമനിര്‍മാണ സഭകളിലെ അംഗങ്ങളുടെ ഭൂരിപക്ഷം എന്നിവ പരിഗണിച്ചാണ് തീരുമാനമെന്ന് കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി. സംഘടനാ ഭൂരിപക്ഷം കേസില്‍ നിര്‍ണായകമല്ലെന്നും കമ്മീഷന്‍ അറിയിച്ചു.

കമ്മീഷന്‍ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി അജിത് പവാര്‍ വിഭാഗം അധ്യക്ഷന്‍ പ്രഫൂല്‍ പട്ടേല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്ന് ശരദ് പവാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് ശിവസേന ഉദ്ധവ് വിഭാഗം എം പി പ്രിയങ്ക ചൗധരി പ്രതികരിച്ചു.

കഴിഞ്ഞ ജൂലൈ ആദ്യമാണ് എന്‍ സി പി പിളര്‍ത്തി അജിത് പവാര്‍ വിഭാഗം ഏക്നാഥ് ഷിന്‍ഡെ- ബി ജെ പി സര്‍ക്കാറിന്റെ ഭാഗമായത്. മഹാ വികാസ് അഘാഡി സര്‍ക്കാറിലെ ശിവസേനയെ പിളര്‍ത്തി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തെ കൂടെനിര്‍ത്തി ബി ജെ പി സര്‍ക്കാര്‍ രൂപവത്കരിച്ച് ഒരു വര്‍ഷം തികയുമ്പോഴായിരുന്നു എന്‍ സി പിയിലെ പിളര്‍പ്പ്. 53 എന്‍ സി പി. എം എല്‍ എമാരില്‍ 41 പേരുടെ പിന്തുണയുണ്ടെന്നാണ് അജിത് പവാര്‍ പറയുന്നത്.