Sun. Feb 25th, 2024

കോഴിക്കോട്: തന്റെ പ്രസംഗത്തിനൊടുവില്‍ ഭാരത് മാതാക്കി ജയ് എന്ന് ഏറ്റുവിളിക്കാത്ത സദസ്സിനെതിരെ കോപം കൊണ്ട് കേന്ദ്ര മന്ത്രി. കോഴിക്കോട് നടന്ന യൂത്ത് കോണ്‍ക്ലേവിലാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി സദസ്സിനോടു ക്ഷോഭിച്ചത്. ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ വീട് വിട്ടു പോകണമെന്നും മന്ത്രി നീരസത്തോടെ പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിന് ഒടുവിലാണ് മന്ത്രി ഭാരത് മാതാ കീ ജയ് വിളിച്ചത്. സദസില്‍ കുറച്ചുപേര്‍ ഏറ്റുവിളിച്ചെങ്കിലും ശബ്ദം കുറവെന്ന് പറഞ്ഞു മന്ത്രി ആവര്‍ത്തിച്ചു.

മന്ത്രി മുദ്രാവാക്യം ആവര്‍ത്തിച്ചെങ്കിലും സദസിലെ വലിയൊരു വിഭാഗം ഏറ്റുവിളിച്ചില്ല. ഇത് മന്ത്രിയെ പ്രകോപിപ്പിച്ചു. ഭാരതം നിങ്ങളുടെ കൂടെ അമ്മയല്ലെ, ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ക്ക് വീടു വിട്ടു പോകാം എന്നായിരുന്നു മന്ത്രി ക്ഷോഭത്തോടെ പ്രതികരിച്ചത്.

രാജ്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനിക്കാന്‍ പോലും മടിയുള്ളവരുണ്ടെന്നും അത്തരക്കാരാണ് ഭാരത് മാതാ കീ ജയ് വിളിക്കാതിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നെഹ്‌റു യുവകേന്ദ്രയുമായി സഹകരിച്ച് നാഷണല്‍ യൂത്ത് ഡേ സെലിബ്രേഷന്‍ കമ്മിറ്റി, ഖേലോ ഭാരത്, തപസ്യ എന്നീ സംഘടനകളാണ് പരിപാടി സംഘടിപ്പിച്ചത്. വിവേകാനന്ദ ജയന്തിയോടനുബന്ധിച്ചായിരുന്നു പരിപാടി.