Wed. Feb 21st, 2024

തൃശ്ശൂര്‍: സാഹിത്യ അക്കാദമി പ്രതിഫല വിവാദത്തില്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം നല്‍കാന്‍ നടപടി സ്വീകരിച്ചതായി അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍. താന്‍ വിളിച്ചതുകൊണ്ടാണു ബാലചന്ദ്രന്‍ പരിപാടിക്കു വന്നത്. പ്രതിഫലം സംബന്ധിച്ച പരാതി പരിഹരിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്ത് നിന്ന് സംഭവിച്ച പ്രശ്‌നമാണെന്നും ബാലചന്ദ്രനുണ്ടായ വിഷമത്തില്‍ തങ്ങള്‍ക്ക് സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിമിതമായ ഫണ്ട് കൊണ്ടു നടത്തുന്ന ഉത്സവമാണ്. ക്ലറിക്കല്‍ രീതിയില്‍ കൈകാര്യം ചെയ്യുമെന്ന് അറിയില്ലായിരുന്നു. കിലോമീറ്റര്‍ കണക്കാക്കിയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന് പണം നല്‍കിയത്. നേരത്തെ ഈ പ്രശ്‌നം തന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സാഹിത്യ അക്കാദമിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ തനിക്ക് 3,500 രൂപ ചെലവായെന്നും പ്രതിഫലമായി കിട്ടിയത് 2,400 രൂപയാണെന്നും പറഞ്ഞാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് രംഗത്ത് വന്നത്. സാഹിത്യ അക്കാദമി വഴി മലയാളികള്‍ തനിക്കിട്ട വിലയാണ് 2,400 രൂപയെന്നും ഇനി തന്നെ ഇത്തരം പരിപാടികള്‍ക്ക് വിളിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.