Sun. Feb 25th, 2024

കൊച്ചി: തൃശൂരില്‍ സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ തന്നെ അപമാനിച്ചതായി പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. രണ്ടു മണിക്കൂര്‍ നീണ്ട പ്രഭാഷണം നടത്തിയ തനിക്കു നല്‍കിയത് വെറും 2,400 രൂപയാണു നല്‍കിയതെന്നും സാംസ്‌കാരികാവശ്യങ്ങള്‍ക്കായി ദയവായി മേലാല്‍ തന്നെ ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ബാലചന്ദ്രന്‍ ചുള്ളിക്കാട് സുഹൃത്ത് സി ഐ സി സി ജയചന്ദ്രനു വാട്‌സാപ്പില്‍ അയച്ച സന്ദേശത്തിലാണ് ഇ അവഹേളനത്തെ കുറിച്ചു പ്രതികരിച്ചത്. മലയാളികള്‍ തനിക്കു കല്‍പിച്ച വില 2,400 രൂപ മാത്രമാണെന്നു സാഹിത്യ അക്കാദമിവഴി മനസ്സിലാക്കിത്തന്നതായും അദ്ദേഹം പറയുന്നു.

ജനുവരി 30ന് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാനാണ് അക്കാദമി അദ്ദേഹത്തെ ക്ഷണിച്ചത്. കൃത്യസമയത്ത് സ്ഥലത്ത് എത്തുകയും വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂര്‍ സംസാരിക്കുകയും ചെയ്തു. 50 വര്‍ഷം ആശാന്‍കവിത പഠിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാല്‍ മനസ്സാക്കിയ കാര്യങ്ങളാണു പറഞ്ഞതെന്നും പ്രതിഫലമായി തനിക്കു നല്‍കിയത് രണ്ടായിരത്തിനാനൂറു രൂപയാണെന്നും പോസ്റ്റില്‍ പറയുന്നു.



എറണാകുളത്തുനിന്നു തൃശൂര്‍വരെ വാസ് ട്രാവല്‍സിന്റെ ടാക്‌സിക്ക് വെയ്റ്റിംഗ് ചാര്‍ജ്ജും ഡ്രൈവറുടെ ബാറ്റയുമടക്കം 3,500 രൂപ ചെലവായി. 1100 രൂപ ഞാന്‍ നല്‍കിയത് സീരിയലില്‍ അഭിനയിച്ചു നേടിയ പണത്തില്‍നിന്നാണ്. സാഹിത്യ അക്കാദമിയില്‍ അംഗമാകാനോ മന്ത്രിമാരില്‍ നിന്ന് കുനിഞ്ഞുനിന്ന് അവാര്‍ഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാന്‍ വന്നിട്ടില്ല. ഒരിക്കലും വരികയുമില്ല.

മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നല്‍കുന്ന മലയാളികളേ, എനിക്കു നിങ്ങള്‍ കല്‍പിച്ചിരിക്കുന്ന വില 2,400 രൂപ മാത്രമാണെന്നു സാഹിത്യ അക്കാദമിവഴി മനസ്സി ലാക്കിത്തന്നതിനു നന്ദിയുണ്ടെന്നും നിങ്ങളുടെ സാംസ്‌കാരികാവശ്യങ്ങള്‍ക്കായി ദയവായി മേലാല്‍ തന്നെ ബുദ്ധിമുട്ടിക്കരുതെന്നുമാണു കുറിപ്പില്‍ പറയുന്നത്.