Sat. Mar 2nd, 2024

കോഴിക്കോട്: നരേന്ദ്രമോദി സര്‍ക്കാറിന് അനായാസമായ ഭരണത്തുടര്‍ച്ചയുണ്ടാവുമെന്ന അമിതാമായ ആത്മ വിശ്വാസം പ്രകടനമാക്കുന്നതാണു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നു ലോകസഭയില്‍ അവതരിപ്പിച്ച ബജറ്റ് എന്ന് വിലയിരുത്തൽ. സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും കഴിഞ്ഞ പത്തു വര്‍ഷത്തെ നേട്ടങ്ങള്‍ പറഞ്ഞ, നയപ്രഖ്യാപന പ്രസംഗത്തിന്റെ തനിയാവര്‍ത്തനമായി ബജറ്റ് മാറിയെന്നാണു വിലയിരുത്തപ്പെടുന്നത്. ജനപ്രിയ പ്രഖ്യാപനങ്ങള്‍ തിരഞ്ഞെടുപ്പു പ്രകടന പത്രികയിലേക്കു മാറ്റിവച്ചാണു നിര്‍മല സീതാരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വരുന്ന ജൂലൈയില്‍ സമ്പൂര്‍ണ ബജറ്റും താന്‍ തന്നെ അവതരിപ്പിക്കുന്ന പ്രഖ്യാപനം ഭരണത്തുടര്‍ച്ച ഉറപ്പിച്ചുവെന്ന അമിത ആത്മവിശ്വാസത്തില്‍ നിന്നുള്ളതാണ്.

ബാബറി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം പ്രതിഷ്ഠ നിര്‍വഹിച്ചതോടെ ഹിന്ദി ബെല്‍ട്ടില്‍ ബി ജെ പിക്ക് അനുകൂലമായി വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നാണു ബി ജെ പി വിലയിരുത്തുന്നത്. മൂന്നാമതും മോദിക്ക് അധികാരത്തിലെത്താന്‍ ഈ രാമക്ഷേത്രം മാത്രം മതിയെന്ന് അവര്‍ കരുതുന്നു. അതിനാല്‍ എന്തെങ്കിലും ജനപ്രിയ പ്രഖ്യാപനത്തിന്റെ ആവശ്യകതയില്ലെന്ന അമിതാത്മവിശ്വാസമായിരുന്നു നിര്‍മല സീതാ രാമന്റെ ഒടുവിലത്തെ ബജറ്റിൽ പ്രതിഫലിച്ചത്. കര്‍ഷകര്‍ കാത്തിരുന്ന റബ്ബറിന്റെ താങ്ങുവില ഉള്‍പ്പെടെ ഒരു പ്രഖ്യാപനവും ബജറ്റിൽ കണ്ടില്ല.രാമക്ഷേത്ര പ്രതിഷ്ഠക്കുപിന്നാലെ ഗ്യാന്‍വാപി പള്ളി ഹിന്ദുക്കൾക്ക് ആരാധനക്കു തുടര്‍ന്നു കൊടുത്തതും ബി ജെ പിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഘടകമാണ്. അവിടെ പൂജ തുടങ്ങിയതും ഹിന്ദുത്വ വികാരത്തെ ഉത്തേജിപ്പിക്കുന്ന കാര്യമായി ബി ജെ പി കരുതുന്നു.

മുത്തലാഖ് നിരോധനം നടപ്പാക്കാന്‍ കഴിഞ്ഞതു ബജറ്റ് പ്രസംഗത്തിൽ നേട്ടങ്ങളുടെ പട്ടികയില്‍ മന്ത്രി എടുത്തുപറഞ്ഞതും തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുകൊണ്ടാണ്. രാജ്യത്ത് ഹിന്ദു-മുസ്‍ലിം ധ്രുവീകരണം ഉണ്ടായിക്കഴിഞ്ഞാല്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മറ്റൊന്നിന്റെയും ആവശ്യമില്ലെന്ന ഉറച്ച വിശ്വാസത്തിലാണു ബി ജെ പി. അതിനാല്‍ തന്നെയാണ് ലോകസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബജറ്റ് കേവലം രാഷ്ട്രീയ പ്രസംഗമായി മാറിയതെന്നും വിലയിരുത്തപ്പെടുന്നു.

ആത്മീയ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുമെന്നാണ് ബജറ്റിലെ ഒരു പ്രഖ്യാപനം. ഇന്ത്യ ആത്മീയ ടൂറിസത്തിന്റെ കേന്ദ്രമായി മാറുകയാണ്. ഈ രംഗത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും. ടൂറിസം മേഖലയില്‍ വിദേശ നിക്ഷേപം സ്വീകരിക്കും. തുറമുഖ കണക്ടിവിറ്റിക്കായി കൂടുതല്‍ പദ്ധതികളും വിമാനത്താവള വികസനവും തുടരും. നിലവിലുള്ള വിമാനത്താവളങ്ങള്‍ വിപുലീകരിക്കും. കൂടുതല്‍ വിമാനത്താവളങ്ങള്‍ യഥാര്‍ത്ഥ്യമാക്കും. അതോടൊപ്പം ഇ വാഹനങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.


ടൂറിസം വികസനത്തിന് പലിശ രഹിതവായ്പ പ്രഖ്യാപിച്ചു. ലോക നിലവാരത്തില്‍ ടൂറിസം വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കും. ലക്ഷദ്വീപ് അടക്കമുള്ള ദ്വീപുകളില്‍ അടിസ്ഥാന സൗകര്യവികസനമൊരുക്കുമെന്നും ലക്ഷദ്വീപിലെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും ബജറ്റില്‍ പറയുന്നു.

ബജറ്റില്‍ പുതിയ മൂന്ന് റെയില്‍വേ സാമ്പത്തിക ഇടനാഴികള്‍ പ്രഖ്യാപിച്ചു. കൂടുതല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ ഉണ്ടാകുമെന്നും റെയില്‍വേ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും പറഞ്ഞു. നിലവിവുള്ള 40,000 സാധാരണ റെയില്‍ ബോഗികളെ വന്ദേ ഭാരത് നിലവാരത്തിലേക്ക് ഉയര്‍ത്തും. മെട്രോ റെയില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും പ്രഖ്യാപനമുണ്ട്.

രാജ്യത്തെ കാര്‍ഷിക മേഖല പൂര്‍ണമായും സ്വകാര്യവത്കരിക്കുമെന്ന പ്രഖ്യാപനം ബജറ്റ് നടത്തുന്നു. രാജ്യം സാക്ഷ്യം വഹിച്ച രൂക്ഷമായ കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്നു പിന്‍തിരിഞ്ഞ നീക്കം ശക്തമായി നടപ്പാക്കുമെന്ന സൂചന തന്നെയാണു ബജറ്റ് മുന്നോട്ടു വയ്ക്കുന്നത്.