Wed. Feb 21st, 2024

ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസ് കൊല്ലപ്പെട്ട കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ചു. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷാവിധി പ്രസ്താവിച്ചത്. പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി വ്യക്തമാക്കി. ഇത്രയധികം പ്രതികള്‍ക്ക് ഒരുമിച്ച് വധശിക്ഷ വിധിക്കുന്നത് ആദ്യമായാണ്. 14 പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഒരു പ്രതി ആശുപത്രിയില്‍ ചികിത്സയിലാണ്.

കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്ന 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ 3 പേരുമാണ് ആദ്യ ഘട്ടത്തില്‍ വിചാരണ നേരിട്ടവര്‍.

എസ്.ഡി.പി.ഐ -പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയില്‍ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേ ചിറപ്പുറം അജ്മല്‍, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടക്കല്‍ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരങ്ങാട്ട് മുഹമ്മദ് അസ്ലം, മണ്ണഞ്ചേരി ഞാറവേലില്‍ അബ്ദുല്‍ കലാം (സലാം), അടിവാരം ദാറുസബീന്‍ വീട്ടില്‍ അബ്ദുല്‍ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകത്ത് സഫറുദ്ദീന്‍, മണ്ണഞ്ചേരി ഉടുമ്പിത്തറയില്‍ മന്‍ഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്തുശ്ശേരി ചിറയില്‍ ജസീബ് രാജ, മുല്ലക്കല്‍ വട്ടക്കാട്ടുശ്ശേരി നവാസ്, കോമളപുരം തയ്യില്‍വീട്ടില്‍ സമീര്‍, മണ്ണഞ്ചേരി നോര്‍ത്ത് ആര്യാട് കണ്ണറുകാട് നസീര്‍, മണ്ണഞ്ചേരി ചാവടിയില്‍ സക്കീര്‍ ഹുസൈന്‍, തെക്കേവെളിയില്‍ ഷാജി (പൂവത്തില്‍ ഷാജി), മുല്ലക്കല്‍ നൂറുദ്ദീന്‍ പുരയിടത്തില്‍ ഷെര്‍നാസ് അഷ്‌റഫ് എന്നിവരാണ് പ്രതികള്‍.




ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ 2021 ഡിസംബര്‍ 19 ന് രാവിലെയാണ് കൊല്ലപ്പെടുന്നത്. വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ ചുറ്റിക കൊണ്ട് അടിച്ചും വാളുകളും മഴുവും കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയെന്നാണ് കേസ്.അമ്മയുടേയും ഭാര്യയുടേയും മകളുടേയും മുന്നില്‍ വെച്ചായിരുന്നു കൊലപാതകം.

സംഭവത്തിന് തലേദിവസം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാന്‍ മണ്ണഞ്ചേരിയില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് ആലപ്പുഴ ജില്ലയില്‍ പോലീസ് കനത്ത ജാഗ്രതയിലാണ്. കോടതി പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയത്‌.