Sun. Feb 25th, 2024

കാസര്‍കോട്: യുവാവ് ശല്യം ചെയ്തതിനെ തുടര്‍ന്ന് വിഷം കഴിച്ച് അത്യാസന്ന നിലയില്‍ ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. കാസര്‍കോട് ബദിയടുക്കയിലാണു പത്താംക്ലാസ് വിദ്യാര്‍ഥിനി മരിച്ചത്.

യുവാവിന്റെ നിരന്തരമുള്ള ശല്യം സഹിക്ക വയ്യാതെയാണ് ആത്മഹത്യക്കു ശ്രമിച്ചതെന്ന മൊഴി പ്രകാരം പോക്‌സോ വകുപ്പനുസരിച്ച് കോട്ടക്കുന്ന് സ്വദേശി അന്‍വറിനെ(24) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 23ന് വൈകിട്ടാണ് വിദ്യാര്‍ഥിനിയെ വീട്ടിനകത്ത് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മജിസ്‌ട്രേട്ടിനും പോലീസിനും പ്രതിയെക്കുറിച്ചു മൊഴി നല്‍കി.

സാമൂഹിക മാധ്യമം വഴി വിദ്യാര്‍ഥിനിയെ പരിചയപ്പെട്ട അന്‍വറിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്നും ശല്യം ചെയ്യുകയും പിതാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അടുപ്പം ഉപേക്ഷിച്ചാല്‍ പിതാവിനെ കൊല്ലുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. ഒളിവില്‍ പോയ അന്‍വറിനെ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്.