Fri. Mar 1st, 2024

തൃശൂർ: രാമായണവുമായി ബന്ധപ്പെട്ട വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ നടപടികളിലേക്ക് സി.പി.ഐ. പി.ബാലചന്ദ്രൻ എം.എൽ.എക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഈ മാസം 31ന് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ നേരിട്ടെത്തണമെന്നാണ് നിർദേശം. രാമായണവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ ഫേസ്ബുക്ക് പോസ്റ്റിന്മേലാണ് പി.ബാലചന്ദ്രൻ എം.എൽ.എയോട് നേരിട്ടെത്തി വിശദീകരിക്കാൻ സിപിഐ ആവശ്യപ്പെട്ടത്.

വിഷയം ചർച്ച ചെയ്യാനാണ് 31ന് ജില്ലാ എക്സിക്യൂട്ടീവ് യോഗം വിളിച്ചത്. ഈ വിഷയം മാത്രമാണ് യോഗത്തിലെ അജണ്ട. എം.എൽ.എയോട് നേരിട്ടെത്തി വിശദീകരണം നൽകാൻ പാർട്ടി ജില്ലാ സെക്രട്ടറിയാണ് കത്ത് നൽകിയത്. വിശദീകരണം എഴുതി നൽകേണ്ടെന്നും നേരിട്ടെത്തി നൽകാനുമാണ് കത്തിലെ നിർദേശം. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന അനുകൂല സാഹചര്യത്തെ വിവാദ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികൂലമാക്കിയെന്ന കടുത്ത വിമർശനത്തിലാണ് സി.പി.എം-സി.പി.ഐ നേതാക്കൾ. ഈ സാഹചര്യത്തിൽ കൂടിയാണ് അടിയന്തര യോഗം.

പി. ബാലചന്ദ്രന്‍റെ വിവാദ പോസ്റ്റ്:

‘രാമന്‍ ഒരു സാധുവായിരുന്നു, കാലില്‍ ആണിയുണ്ടായിരുന്നത് കൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണന്‍ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി സീത മൂന്നു പേര്‍ക്കും വിളമ്പി, അപ്പോള്‍ ഒരു മാന്‍ കുട്ടി അതുവഴി വന്നു. സീത പറഞ്ഞു. രാമേട്ടാ അതിനെ കറി വെച്ച് തരണം. രാമന്‍ മാനിന്‍റെ പിറകേ ഓടി.

മാന്‍ മാരിയപ്പന്‍ എന്ന ഒടിയനായിരുന്നു. മാന്‍ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു നേരം പോയ്. ലക്ഷ്മണന്‍ ഇറച്ചി തിന്ന കൈ നക്കി ഇരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയ് നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടുവാ’.