Fri. Mar 1st, 2024

ന്യൂഡല്‍ഹി: 75ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ കര്‍ത്തവ്യ പഥില്‍ നടന്ന പരേഡില്‍ രാജ്യം സൈനിക ശക്തിയും സ്ത്രീ ശക്തിയും വിളിച്ചോതി. വികസിത ഭാരതം, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ പ്രമേയങ്ങളില്‍ നടന്ന പരേഡില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണായിരുന്നു മുഖ്യാതിഥി. സ്ത്രീ ശക്തി മുന്‍നിര്‍ത്തി ഇന്ത്യന്‍ സാംസ്‌കാരിക പൈതൃകവും സൈനിക ശക്തിയുും പ്രകടമാക്കി. നൂറിലധികം വനിതാ കലാകാരികള്‍ ഇന്ത്യന്‍ സംഗീതോപകരണങ്ങള്‍ വായിച്ച് പരേഡിന് തുടക്കം കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചതോടെയാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായത്. യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ത്തവ്യപഥില്‍ എത്തിയത്.

സംയുക്ത സേന, കേന്ദ്ര പോലീസ് സേന എന്നി വിഭാഗങ്ങളെ പ്രതിനിധീകരിച്ചത് മുഴുവനും വനിതകളായിരുന്നു. ഫ്‌ലൈ പാസ്റ്റിലും വനിതാ പൈലറ്റുമാരാണ് പങ്കെടുത്തത്. റിപ്പബ്ലിക് ദിനത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് 90 അംഗ ഫ്രഞ്ച് സേനയും പരേഡില്‍ അണിനിരന്നു.



പതിനാറു സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിച്ചു. കേരളത്തിനു പങ്കാളിത്തം ലഭിച്ചിരുന്നില്ല. അയോധ്യയിലെ രാംലല്ലയും നമോ ഭാരത് ട്രെയിനുമായിരുന്നു ഉത്തര്‍പ്രദേശ് ദൃശ്യാവിഷ്‌കരിച്ചത്. റഫാല്‍ യുദ്ധ വിമാനങ്ങള്‍ , ടി 90 ടാങ്ക്, നാഗ് മിസൈല്‍, പിനാക റോക്കറ്റ് ലോഞ്ചര്‍ എന്നിവ സൈനിക ശേഷി വിളിച്ചോതി.

54 യുദ്ധ വിമാനങ്ങളാണ് പരേഡില്‍ പങ്കെടുത്തത്. ഇതില്‍ മൂന്നെണ്ണം ഫ്രഞ്ച് സേനയുടേതായിരുന്നു. സി ആര്‍ പി എഫ്, എസ് എസ് ബി, ഐ ടി ബി പി എന്നിവയില്‍ നിന്നുള്ള വനിത സേനാഗങ്ങള്‍ ബൈക്ക് അഭ്യാസപ്രകടനം നടത്തി.