Sat. Mar 2nd, 2024

✍️ ലിബി.സി.എസ്

ജനുവരി 25: ഡോ. പൽപ്പു ഓർമ്മ ദിനം

മുന്നാക്ക സംവരണത്തിലൂടെ സ്വാഭാവിക നീതി സങ്കൽപ്പം പോലും അട്ടിമറിക്കപ്പെട്ടകാലത്താണ് നാം ജീവിക്കുന്നതെന്ന തിരിച്ചറിവാണ് ഇന്നേദിവസം ഓരോ പിന്നാക്കക്കാരനും ഉണ്ടാകേണ്ടത്.

1883-ൽ തിരുവനന്തപുരം ഇംഗ്ലീഷ്‌ സ്കൂളിൽ നിന്ന്‌ മെട്രിക്കുലേഷൻ പാസായി. മെഡിക്കൽ പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്കുകാരനായി ജയിച്ചുവെങ്കിലും ഹിന്ദുരാജ്യമായ തിരുവിതാംകൂറിൽ അദ്ദേഹത്തിന് പഠിക്കാനനുമതി ലഭിച്ചില്ല. 1885-ൽ അദ്ദേഹം മദ്രാസ്‌ മെഡിക്കൽ കോളജി‍ൽ എൽ.എം.എസിനു പഠിച്ചു. വിജയിച്ചു തിരിച്ചു വന്നപ്പോൽ തിരുവിതാംകൂർ മെഡിക്കൽ കൗൺസിൽ അദ്ദേഹത്തെ അംഗീകരിക്കാൻ കൂട്ടാക്കിയില്ല. ഡോക്ടർ ആയതിനാൽ സ്വർണ്ണപ്പിടിയുളള ഒരു ചെത്തു കത്തി പണിയിപ്പിച്ച് ചെത്താൻ പൊയ്ക്കൊള്ളാനാണ് ധർമ്മരാജ്യത്തെ ഭരണാധികാരികൾ പറഞ്ഞത്. അതാണവരുടെ സനാതന അധർമ്മം. ഈ അവഗണനയിൽ മനംനൊന്ത പല്‍പ്പു ബ്രിട്ടീഷ്‌ സർക്കാരിനെ അഭയം പ്രാപിച്ചു. അവർ സനാതന അധർമ്മത്തിന്റെ സ്മൃതികൾ നോക്കി ഭരിക്കുന്നവരല്ലാത്തതിനാൽ മദ്രാസിലെ വാക്‌സിൻ ഡിപ്പോ സൂപ്രണ്ടായി നിയമിച്ചു.

1891-ൽ മൈസൂർ മെഡിക്കൽ സർവീസിൽ ചേർന്നു. അക്കാലത്ത്‌ മൈസൂരിൽ പ്ലേഗ്‌ രോഗ ബാധയുണ്ടായപ്പോൾ പല്‍പ്പു നടത്തിയ നിസ്വാർത്ഥമായ സേവനം സർക്കാരിന്‍റെ പ്രശംസ നേടി. സർക്കാർ അദ്ദേഹത്തെ ഉപരിപഠനത്തിന്‌ ഇംഗ്ലണ്ടിലേക്കയച്ചു. 1900-ൽ തിരിച്ചെത്തിയ അദ്ദേഹം മൈസൂരിൽ ഹെൽത്ത്‌ ഓഫീസർ ആയി. പിന്നീട്‌ ബാംഗ്ലൂരിൽ സാനിറ്ററി കമ്മീഷണറുടെ പേഴ്‌സണൽ അസിസ്റ്റന്‍റ്‌, ഡെപ്യൂട്ടി കമ്മിഷണർ, ജയിൽ സൂപ്രണ്ട്‌ എന്നീ പദവികളെല്ലാം അലങ്കരിച്ചു. 1917-18 – ൽ ബറോഡ സർക്കാരിന്‍റെ ആരോഗ്യകാര്യ ഉപദേഷ്ടാവായിരുന്നു. ഉദ്യോഗത്തിൽ നിന്ന്‌ വിരമിച്ച്‌ നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ്‌ പൽപ്പു സാമൂഹിക പരിഷ്കരണത്തിന്‌ കൂടുതൽ സജീവമായി രംഗത്തിറങ്ങിയത്‌.”ധർമ്മതല്പരതയ്ക്കും പ്രജാവാത്സല്യത്തിനും ഇരിപ്പിടമായ പൊന്നു തിരുമേനിയുടെ കാരുണ്യമല്ലാതെ മറെറാരാശ്രയവും ഇല്ലാത്തവരും, നിരപരാധികളും ആയ , ഈ അടിമകളെ സ്വരാജ്യ ത്തിലും സ്വമതത്തിലും നിന്നു അകററിക്കളയാതെ മേലാലെങ്കിലും എല്ലാഗവർമ്മെണ്ടു പള്ളിക്കൂടങ്ങളിലും കടന്നു പഠിച്ചകൊള്ളത്തക്ക വണ്ണവും, യോഗ്യതാനുസാരം അടിയങ്ങൾക്കും സക്കാർ ഉദ്യോഗങ്ങൾ കിട്ടത്തക്കവണ്ണവും, തിരുവുള്ളമലിഞ്ഞു കല്പനയുണ്ടായി, അടിയങ്ങളുടെ സങ്കടം തീത്തു രക്ഷിപ്പാറാകണമെന്നും , അടിയങ്ങൾ ഭയഭക്തിവിനയങ്ങളോടുകൂടി, തൃപ്പാദങ്ങളിൽ വീണുപ്രാത്ഥിച്ചുകൊള്ളുന്നു ” എന്ന ദയനീയതയുടെ ഭാഷയിലുള്ള ചെറുത്തു നിൽപ്പിലൂടെയാണ് ഡോക്ടർ പൽപ്പു ഒരു നൂറ്റാണ്ടു മുൻപ് തൻറെ സമരം തുടങ്ങിയത്.

1896 സെപ്റ്റംബർ 3ന് ശ്രീ മൂലം തിരുനാൾ മഹാരാജാവ്‌ നാടുവാഴുന്ന കാലത്താണ്‌ ഈഴവ മെമ്മോറിയൽ സമർപ്പണം നടന്നത്‌. ഇത്രയും താണുകേണപേക്ഷിച്ചിട്ടും ഈ മറുപടിയാണ് ലഭിച്ചത്. മഹാരാജവിനു വേണ്ടി ദിവാൻ ശങ്കരസുബ്ബയ്യർ ആണ്‌ മറുപടി-ഇണ്ടാസ്‌-നൽകിയത്‌. “ഈഴവജാതിക്കാരായതുകൊണ്ടുള്ള പ്രശ്നങ്ങളാണ്‌ മുഖ്യമായും ഉന്നയിച്ചിരിക്കുന്നത്‌ എന്നതിനാൽ, തിരുവിതാംകൂർ പോലെയുള്ള ഒരു പുരാതന ഹിന്ദുരാജ്യത്ത്‌ ഹർജിയിലെ വിഷയത്തെ തീരുമാനിക്കുന്നതിന്‌ അനാദൃശമായ പ്രയാസവും കുഴപ്പവും നേരിടും” എന്നായിരുന്നു മറുപടി.

അതായത് ഹിന്ദുരാജ്യത്തെ ഒന്നാം കിടക്കാരായ ഹിന്ദു പ്രജകളിൽ ഈഴവർ പെടുന്നില്ല എന്ന് സാരം. രണ്ടാം തരക്കാരായ ക്രിസ്ത്യാനിക്കോ മുസ്ലിമിനോ ഉള്ള പരിഗണന പോലും ലഭിച്ചിരുന്നില്ല. മതപരിവർത്തനം ചെയ്തവർക്ക് മേൽജാതിക്കാരെ കണ്ടാൽ ആട്ടും തുപ്പും മാത്രമല്ല മർദനവും ഏൽക്കേണ്ടതില്ല. അന്നുവരെ നടക്കാൻ പാടില്ലാതിരുന്ന പൊതുവഴികളിൽ കൂടി സ്വൈരമായി നടക്കാം. ഇഷ്ടമുള്ള വസ്ത്രവും ആഭരണവും ധരിക്കാം. യോഗ്യതയനുസരിച്ച്‌ സർക്കാരുദ്യോഗങ്ങളിൽ നിയമനവും ലഭിച്ചിരുന്നു.ലോകത്തെ ഏക പുരാതന ഹിന്ദുരാജ്യത്ത്‌ ഹിന്ദുക്കളായി പോലും കരുതാതിരുന്ന; അന്നും അതിനുശേഷവും അവർക്ക് “പന്നിപെറ്റ സന്തതികൾ” ആയിരുന്ന പിന്നീട് 1925 ഒക്കെയാകുമ്പോൾ ചണ്ഡാളപ്രമുഖർ ആയി സ്ഥാനക്കയറ്റം കിട്ടിയ (വൈക്കം ക്ഷേത്രപ്രവേശന കമ്മറ്റി റിപ്പോർട്ടിൽ അന്വേഷണകമ്മീഷൻ അദ്ധ്യക്ഷനായ ചിലരുടെയെല്ലാം പ്രമുഖ “നവോത്ഥാനനായകൻ” കൂടിയായ പുന്നശ്ശേരി നമ്പി എന്ന പുന്നശ്ശേരി നീലകണ്ഠ ശര്‍മാവ് നാരായണഗുരുവിന് കൊടുത്തിരിക്കുന്ന പേരാണ് ചണ്ഡാളപ്രമുഖൻ എന്ന്) ഇപ്പറഞ്ഞ ഈഴവരാണ് ഇന്ന് സവർണ്ണ ഈഴവനാകാൻ വെമ്പിനടക്കുന്നത്

തിരുവതാംകൂറിന്റെ ജനസംഖ്യയിൽ അഞ്ചിലൊന്നോളം ഉണ്ടായിരുന്നിട്ടും ഈഴവർക്ക് സർക്കാർ ഉദ്യോഗങ്ങളിൽ പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. വിദ്യാഭ്യാസ-ഉദ്യോഗ കാര്യങ്ങളിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഡോ.പല്പുവിന്റെ നേതൃത്വത്തിൽ 13,176 പേർ ഒപ്പിട്ട ഹർജി 1896-ൽ തിരുവതാംകൂർ മഹാരാജാവ് വിശാഖം തിരുനാളിന് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ സമർപ്പിച്ചതാണ് ചരിത്രപ്രസിദ്ധമായ ഈഴവ മെമ്മോറിയൽ. തിരുവിതാംകൂർ ജനസംഖ്യയിൽ ഇരുപത്‌ ശതമാനം ഈഴവരായിട്ടും പഠിക്കാനും സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള സൗകര്യവും ഈഴവർക്കുണ്ടായിരുന്നില്ല.

തിരുവതാംകൂർ ഭരണകൂടത്തിൽ നിന്നും നീതി ലഭിക്കുക ശ്രമകരമായതിനാൽ പിന്നീട് കഴ്സൺ പ്രഭുവിനെ സന്ദർശിച്ച ശേഷം ഡോ. പല്പു പ്രശ്നം ബ്രിട്ടീഷ് സർക്കാരിനെക്കൊണ്ട് തിരുവതാംകൂർ പിന്തുടരുന്ന സവർണ യാഥാസ്ഥിതിക നയങ്ങളെപ്പറ്റി അന്വേഷണം നടത്തിക്കാനും അതുവഴി നയത്തിൽ അയവു വരുത്താനും സാധിച്ചത് അന്നത്തെ നിലയിൽ വൻ വിജയമായിരുന്നു. അതിനു ശേഷമാണ് അവർണവിഭാഗത്തിന് സർക്കാർ സർവീസുകളിലും വിദ്യാലയങ്ങളിലും ചെറിയ തോതിലെങ്കിലും പ്രവേശനം ലഭിച്ചു തുടങ്ങിയത്.“ബ്രിട്ടീഷുകാരാണ് നമ്മുടെ ഗുരു” എന്ന് നാരായണ ഗുരു ചുമ്മാതെ പറഞ്ഞതല്ല. ഗുരുവിന് സന്യാസം മാത്രമല്ല അന്നത്തെ കീഴാളന് സ്‌കൂളിൽ കയറാനും പറ്റിയത് സനാതനികളേക്കാൾ കുറച്ചുകൂടി സംസ്കാരമുള്ള ബ്രിട്ടീഷുകാർ ഇൻഡ്യ ഭരിച്ചതുകൊണ്ടാണ്.

താൻ ജനിച്ചുവളർന്ന സമുദായത്തിൽപ്പെട്ട മനുഷ്യർക്ക് സാമൂഹികനീതി ലഭ്യമാക്കാണമെന്ന ഡോക്ടർ പൽപ്പുവിൻറെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ് 1903-ൽ എസ്‌.എൻ.ഡി.പി യുടെ രൂപീകരണത്തിനു കാരണമായിത്തീർന്നത്. മൈസൂരിലായിരുന്നപ്പോൾ അദ്ദേഹം വാലിഗാർ സമുദായത്തിന് തങ്ങളുടേ അവകാശങ്ങൾ നേടിയെടുക്കുവാനായും ഒരു സംഘടന രൂപവത്കരിച്ചിരുന്നു. നാരായണഗുരു പേരിന് എസ്എൻഡിപിയുടെ ആയുഷ്‌കാല പ്രസിഡണ്ട് ആയിരുന്നെങ്കിലും വൈസ് പ്രസിഡന്റ് ആയിരുന്ന ഡോക്ടർ പൽപ്പു ആണ് കാര്യങ്ങളൊക്കെ നിയന്ത്രിച്ചിരുന്നത്. നാരയണഗുരു ഒരു മിനിട്സിൽ പോലും ഒപ്പിട്ടിട്ടില്ല. എല്ലാം വൈസ് പ്രസിഡന്റ് ആയിരുന്നു ചെയ്‌തിരുന്നത്‌.

എന്നാൽ ഇന്ന് ആ സ്മൃതി മൂല്യങ്ങളും അയവിറക്കിയിരിക്കാതെ നവ ഹിന്ദുത്വകലത്തെ പുത്തൻ തമ്പുരാക്കന്മാരുടെയും ആധുനീക തച്ചകൂടി പരമേശ്വരന്മാരുടെയും നേതൃത്വത്തിൽ ഡോ. പൽപ്പു മുന്നോട്ടുവച്ച, ആനുപാതിക പ്രാതിനിധ്യമെന്ന സ്വാഭാവിക നീതി സങ്കൽപ്പം മുന്നാക്ക സംവരണത്തിലൂടെ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ് എന്ന തിരിച്ചറിവാണ് ആദ്യമുണ്ടാകേണ്ടത്. അതിനെതിരെ ഡോ. പൽപ്പുവിൻറെ പ്രസ്ഥാനത്തിന് ഒരുചുക്കും ചെയ്യാൻ കഴിയുന്നില്ല എന്ന ഗതികേടും ആണ് ഇന്ന് ഓർമ്മിക്കപ്പെടേണ്ടത്. അല്ലാതെ ഡോ . പൽപ്പു മഹാനായിരുന്നു, മഹാനായിരുന്നു എന്ന് പറഞ്ഞുകൊണ്ടിരിക്കുകയല്ല വേണ്ടത്. EWS സംവരണം നൽകിയാലും പിന്നാക്ക വിഭാഗത്തിന് ഒരു കുറവും വരുന്നില്ല എന്നാണ് ഭരണകൂടം നുണപറയുന്നത്. എന്നാൽ യഥാർത്ഥ കണക്കുകൾ പുറത്തുവന്നതാണല്ലോ?EWS സംവരണം നടപ്പാക്കിയതുകൊണ്ട് പിന്നാക്ക വിഭാഗത്തിന് ഒരു കുറവും വരില്ല എന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയാകുന്നത് പിന്നാക്കക്കാരുടെ കാര്യത്തിലല്ല, സവർണ്ണരുടെ സീറ്റിൻ്റെ കാര്യത്തിലാണ് എന്നതാണ് സത്യം. പിന്നാക്കക്കാർക്ക് കനത്ത നഷ്ടമാണ് സംഭവിക്കുന്നത്.

ഉദാഹരണത്തിന്, ഹയർ സെക്കൻ്ററിയിൽ 48% പിന്നാക്ക സംവരണത്തിൽ കേവലം 8 ശതമാനവും7 ശതമാനവും വീതമാണ് ഈഴവ, മുസ്ളീം സംവരണം. അതായത് നൂറു സീറ്റുണ്ടെങ്കിൽ കേവലം 7 സീറ്റുമാത്രമാണ് മുസ്ളിം വിഭാഗത്തിന് കിട്ടും എന്ന് ഉറപ്പുള്ളത്. ഈഴവ മുസ്ളിം ജനസംഖ്യ ഏകദേശം 28 ശതമാനം വീതം വരും എന്നോർക്കണം.

EWS നടപ്പാക്കിയതോടെ സംവരണ സീറ്റിലും 42 ശതമാനമായി കുറഞ്ഞ ജനറലിലുമായി ആകെ 50%, 49% സീറ്റുകളിൽ മാത്രമേ ഈഴവ, മുസ്ളീം വിഭാഗങ്ങൾക്ക് മത്സരിക്കാൻ പോലുമാകൂ. ഇതേസമയം സവർണ്ണ മുന്നാക്ക വിഭാഗത്തിന് മുൻപും ഇപ്പോഴും 52% സീറ്റുകളിൽ മത്സരിക്കാം. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടു സമുദായങ്ങളുടെ കാര്യമാണ് മുകളിൽ പറഞ്ഞത്. എന്നാൽ ഈ മുന്നാക്ക സംവരണം ഇതിനേക്കാൾ മാരകമായി ബാധിച്ചുകൊണ്ടിരിക്കുന്നത് ചെറിയ ചെറിയ സമുദായങ്ങളെയാണ്.

വിശ്വകർമ്മ, ധീവര വിഭാഗങ്ങൾക്ക് രണ്ട് ശതമാനം മാത്രമാണ് സംവരണം, കുടുംബി, കുശവൻ സമുദായങ്ങൾക്ക് ഒരു ശതമാനം വീതമാണ് സംവരണം. ലത്തീൻ, SIUC, ആംഗ്ലോ ഇന്ത്യൻ എല്ലാവർക്കും ചേർന്ന് 3% മാത്രം സീറ്റുകളാണുള്ളത്. എണ്ണമറ്റ മറ്റുപിന്നാക്ക ഹിന്ദു ജാതി വിഭാഗങ്ങൾക്ക് എല്ലാവർക്കുമായി മൂന്നു ശതമാനമാണ് നൽകുന്നത്. അതായത് ഈ വിഭാഗങ്ങൾക്ക് 45% സീറ്റിൽ താഴെ മാത്രമേ മത്സരാവകാശം പോലും ഇപ്പോൾ ഉള്ളൂ എന്നു ചുരുക്കം.മുന്നാക്കക്കാരുടെ കുട്ടികൾ മുൻപും ഇപ്പേഴും 52% സീറ്റിൽ തന്നെ മത്സരിക്കുമ്പോൾ പിന്നാക്കക്കാരുടെ കുട്ടികൾക്ക് 45 ൽ താഴെ സീറ്റിൽ മാത്രം മത്സരിച്ചാൽ മതി എന്നു തീരുമാനിക്കുന്ന നീതികേടാണ് സവർണ്ണ സംവരണം. അതിൽ തന്നെ രണ്ടോ മൂന്നോ ശതമാനം മാത്രമാണ് അവർക്ക് കിട്ടും എന്നുറപ്പുള്ളത് ബാക്കി 42% ത്തിലും സവർണ്ണ പ്രിവിലേജ്ഡ്‌ വിഭാഗത്തോട് ദുർബല വിഭാഗത്തിലെ കുട്ടികൾ ഏറ്റുമുട്ടേണ്ടി വരുകയാണ്. എന്തു തരം നീതിയാണിത്? ഇത് പ്ലസ് വൺ സീറ്റിൻ്റെ മാത്രം കഥയല്ല, ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്ഥിതി ഇതിലും ദയനീയമാണ്.

ഈ പോക്കുപോയാൽ അധികം സമയമൊന്നും വേണ്ട ഡോ. പൽപ്പു തുടങ്ങിയ ഇടത്തു തന്നെ നാം എത്തും എന്നതാണ് ദളിത് പിന്നാക്ക വിഭാഗങ്ങളുടെ ഗതികേട്. എന്ന് തിരിച്ചറിയുകയാണ് അദ്ദേഹത്തിന് നമുക്ക് നൽകാൻ കഴിയുന്ന ഏറ്റവുംവലിയ സ്മരണാഞ്ജലി.

“ഞാൻ മരിച്ചാൽ എന്റെ ശവകുടീരത്തിൽ ഒരു ഈഴ ചെമ്പക തൈ നടണം. അതിൻറെ വേരുകൾ എൻറെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി എൻറെ സ്വപ്നനങ്ങളായി പടർന്നു പന്തലിക്കും. അതിൽ വിരിയുന്ന ഓരോ ചെമ്പക പൂക്കളും എന്നെ തഴുകിയുറക്കും. ആ ചെമ്പകച്ചോട്ടിൽ ഇരുന്ന് ഞാൻ കാണും, നാളെകളിൽ എൻറെ സമുദായം ഒരു പുതുലോകത്തെ നയിക്കുന്നത്” – ഡോ.പി. പൽപ്പു