Wed. Feb 21st, 2024

തിരുവനന്തപുരം: ഇ ഡി പുറത്തുവിട്ടത് രഹസ്യരേഖയല്ലെന്നും ഭയപ്പെടുത്താനുള്ള അന്വേഷണം മാത്രമാണ് നടക്കുന്നതെന്നും മുന്‍ മന്ത്രി തോമസ് ഐസക്. കോടതി വിധിയുടെ അന്തസ്സത്തയ്ക്ക് എതിരാണ് ഇ.ഡി നടപടിയെന്നും നീക്കം നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

മസാലബോണ്ട് കേസില്‍ ഇ ഡി സമന്‍സ് ചോദ്യം ചെയ്ത് കിഫ്ബി സി ഇ ഒ കെ എം എബ്രഹാം നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോള്‍, ഇഡി സമന്‍സിനെ എല്ലാവരും എന്തിനാണ് ഭയക്കുന്നതെന്ന് കോടതിചോദിച്ചിരുന്നു. അന്വേഷണത്തില്‍ ഇടപെടില്ലെന്നും ഇ ഡി സമന്‍സിന് കിഫ്ബി മറുപടി നല്‍കണമെന്നും കോടതി വ്യക്തമാക്കി.



ആവശ്യപ്പെട്ട വിവരങ്ങളെല്ലാം നല്‍കിയിട്ടും ഇ ഡി ആറു തവണ സമന്‍സ് നല്‍കിയെന്നും തുടര്‍ച്ചയായി വിളിപ്പിച്ച് ഉദ്യോഗസ്ഥരെ ഉപദ്രവിക്കുകയാണെന്നും കിഫ്ബി സി ഇ ഒ കോടതിയെ അറിയിച്ചു. എന്നാല്‍ 100 ല്‍ അധികം ഫെമ കേസ് ഇ ഡി അന്വേഷിക്കുന്നുണ്ടെന്നും കിഫ്ബി ഉദ്യോഗസ്ഥര്‍ മാത്രമാണ് സഹകരിക്കാത്തതെന്നും ഇ ഡി വിശദീകരിച്ചു.

മസാലബോണ്ട് കേസില്‍ ഇ ഡി സമന്‍സിനു മറുപടി നല്‍കാന്‍ കിഫ്ബിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ജി ഫെബ്രുവരി ഒന്നിന് വീണ്ടും പരിഗണിക്കും.