Fri. Mar 1st, 2024

കമല്‍ ഹാസന്‍ നായകനായി മണി രത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫില്‍ ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തില്‍. ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. കരിയറില്‍ രണ്ടാമത്തെ തവണയാണ് മണി രത്‌നവും കമലും ഈ ചിത്രത്തിലൂടെ ഒന്നിക്കുന്നത്. 1987 ല്‍ പുറത്തിറങ്ങിയ ക്ലാസിക് ചിത്രം നായകന്‍ ആണ് ഇരുവരും ഇതിനുമുന്‍പ് ഒന്നിച്ച ഒരേയൊരു ചിത്രം. ജയം രവി, തൃഷ, ഗൗതം കാര്‍ത്തിക് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കമല്‍ ഹാസന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് പേര് പ്രഖ്യാപിച്ച ചിത്രമാണിത്. ചിത്രം ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ആയിരിക്കുമെന്നാണ് സൂചന.

രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മണി രത്നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീതസംവിധായകന്‍ എ ആര്‍ റഹ്‌മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണി രത്നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അന്‍പറിവ് മാസ്റ്റേഴ്‌സിനെയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനറായി ശര്‍മ്മിഷ്ഠ റോയ്‌യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറില്‍ കമല്‍ഹാസന്‍, മണിരത്നം, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.